അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ശാന്തകുമാരിയമ്മയും മോഹൻലാലും തമ്മിലുള്ള അത്ഭുതകരമായ ആത്മബന്ധം ഒരു ഉദാത്തമാതൃകയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
അമ്മയല്ലാതൊരു ദൈവമുണ്ടോ?
കൗസല്യയ്ക്ക് രാമനോടുള്ള അതിരറ്റ സ്നേഹം പോലെ മഹത്തരമായിരുന്നു ശാന്തകുമാരിയമ്മയ്ക്ക് മകൻ മോഹൻലാലിനോടുണ്ടായിരുന്ന പുത്രസ്നേഹം. അമ്മയല്ലാതൊരു ദൈവമുണ്ടോ? അതിലും വലിയൊരു കോവിലുണ്ടോ? എന്ന ശ്രീകുമാരൻ തമ്പിയുടെ ഗാന സന്ദേശം അന്വർത്ഥമാക്കിയ പുത്രനായിരുന്നു മോഹൻലാൽ.
ശാന്തകുമാരിയമ്മയും മോഹൻലാലും തമ്മിലുള്ള അത്ഭുതകരമായ ആത്മബന്ധം ഒരു ഉദാത്തമാതൃകയാണ്. പുത്രോ രക്ഷതി വാർദ്ധക്യേ എന്ന ആപ്തവാക്യം പാലിക്കുന്നതിൽ മോഹൻലാൽ എല്ലാ തിരക്കിനിടയിലും ബദ്ധശ്രദ്ധനായിരുന്നു.ആ ബന്ധത്തിൻ്റെ ഊഷ്മളത വ്യക്തമാക്കാൻ ധാരാളം ഓർമ്മകൾ എൻ്റെ പക്കലുണ്ട്.
2010-ൽ എം.ജി. ശ്രീകുമാറിൻ്റെ സംഗീത ജീവിതത്തിൻ്റെ മുപ്പതാം വാർഷികം തിരുവനന്തപുരത്ത് ആഘോഷിച്ചപ്പോൾ ഉദ്ഘാടകൻ മോഹൻലാൽ ആയിരുന്നു. സ്റ്റേഡിയത്തിൽ സമ്മേളനത്തിൽ സ്വീകരണ കമ്മറ്റി ചെയർമാനായ ഞാനാണ് അദ്ധ്യക്ഷത വഹിച്ചിരുന്നത്. ലാലു ജോസഫായിരുന്നു ജനറൽ കൺവീനർ.
ഗാനമേളയ്ക്കു ശേഷം മസ്ക്കറ്റ് ഹോട്ടലിൽ എം.ജി. ശ്രീകുമാറിൻ്റെ മോഡൽ സ്കൂളിലെ പഴയ കൂട്ടുകാരെല്ലാം ഒത്തുകൂടി. മോഹൻലാൽ, പ്രിയദർശൻ, അശോക് കുമാർ, സുരേഷ് കുമാർ, മണിയൻപിള്ള രാജു എന്നിവരോടൊപ്പം ചലച്ചിത്രപിന്നണി ഗായകരും പ്രമുഖ നടീനടന്മാരും ഉണ്ട്.
ശ്രീകുമാറിനെ കുറിച്ചുള്ള തമാശ കഥകൾക്കായിരുന്നു മുൻതൂക്കം. ഭാര്യ ലേഖ അതെല്ലാം ആസ്വദിച്ചു. മോഹൻലാൽ വാചാലനായി കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്നൊരു ഫോൺകോൾ. അന്നു വൈകുന്നേരമാണ് ലാൽ ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തെത്തിയത്. ലാൽ ആഘോഷം ഉദ്ഘാടനം ചെയ്ത കാര്യം ടി.വി വാർത്തയിൽ നിന്നും മനസ്സിലാക്കിയ അമ്മയാണ് വിളിച്ചത്. അമ്മ വിളിച്ചാൽ ലാലുവിന് ചെല്ലാതിരിക്കാനാവില്ല
അവിടെ കൂടിയ എല്ലാവരോടും വിനയപൂർവ്വം യാത്ര പറഞ്ഞു കൊണ്ട് ഉടൻ മോഹൻലാൽ മുടവൻ മുകളിലെ വീട്ടിലേക്ക് കുതിച്ചു. അവിടെയുണ്ടായിരുന്ന വിവിധ തരം വിഭവങ്ങളേക്കാൾ ലാലുവിന് ഇഷ്ടം അമ്മയുണ്ടാക്കിയ കഞ്ഞിയാണ്.
ലാൽ പോകുന്നതിൽ പരിഭവമുണ്ടായിരുന്ന പ്രീയനും ശ്രീകുട്ടനും ആ അമ്മയുടെയും മകൻ്റെയും സ്നേഹബന്ധത്തെ പിന്നീട് വാതോരാതെ വാഴ്ത്തി. എല്ലാവർക്കും ശാന്ത കുമാരിയമ്മയെക്കുറിച്ച് പറയാൻ ധാരാളം അനുഭവങ്ങളുണ്ടായിരുന്നു.
മോഹൻലാലിൻ്റെ ജേഷ്ഠൻ പ്യാരേലാലിൻ്റെയും അച്ഛൻ വിശ്വനാഥൻ നായരുടെയും മരണവേളയിൽ തകർന്നു പോയ ശാന്തകുമാരിയമ്മയെ നവതി വരെ ജീവിപ്പിച്ചത് പുത്രൻ മോഹൻലാൽ വാരിക്കോരിച്ചൊരിഞ്ഞ സ്നേഹവാത്സല്യമാണ്.
അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും. സ്നേഹദീപമേ,വിട.
https://www.facebook.com/Malayalivartha



























