ഉത്തരകൊറിയൻ നേതാവിന്റെ വിശ്വസ്തൻ വാഷിംഗ്ടണ്ണിലേയ്ക്ക്; രണ്ടാമതൊരു ഉച്ചകോടിക്കു കളമൊരുങ്ങുന്നു ?

ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വീണ്ടും ചർച്ചയ്‌ക്കൊരുങ്ങുന്നതായി സൂചന. കിം ജോങ് ഉനിന്റെ വിശ്വസ്തനും, മുന്‍ ഇന്റലിജന്‍സ് മേധാവിയുമായ കിം യോങ് ചോല്‍ വാഷിങ്ങ്ടണ്ണിലേയ്ക്ക് യാത്ര തിരിച്ചു.
പ്രസിഡന്റ് ട്രംപും കിം ജോംഗ് ഉന്നും തമ്മില്‍ രണ്ടാമതൊരു ഉച്ചകോടിക്കു വേണ്ട കളമൊരുക്കുകയാണ് രാജ്യത്തെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്ന കിം യോങ് ചോലിന്റെ അമേരിക്കന്‍ യാത്രയുടെ പ്രധാന ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. കിമ്മിന്റെ ഒരു കത്ത് ട്രമ്പിനു കൈമാറാനായി അദ്ദേഹം കൊണ്ടുവരുന്നുണ്ട്. വെള്ളിയാഴ്ച സ്റ്റേറ്റ് സെക്രട്ടറ് മൈക്ക് പോമ്പിയോയുമായി കിം യോങ് ചോല്‍ കൂടിക്കാഴ്ച നടത്തും. ബെയ്ജിംരില്‍ നിന്നാണ് കിം യാത്ര പുറപ്പെട്ടിരിക്കുന്നത്.
ഇരു നേതാക്കളും തമ്മിലുള്ള രണ്ടാമത്തെ ഉച്ചകോടി വിയറ്റ്‌നാമില്‍ നടന്നേക്കുമെന്നും സൂചനയുണ്ട്. ഫെബ്രുവരിയില്‍ കിം ജോങ് ഉന്‍ അവിടെ ഔദ്യോഗിക സന്ദര്‍ശനം നടത്താനിരിക്കുകയാണ്. സിംഗപ്പൂരില്‍ ജൂണില്‍ നടന്ന പ്രഥമ കിം - ട്രമ്പ് ഉച്ചകോടിക്കു ശേഷം ഉത്തര കൊറിയയുടെ ആഴനിരായുധീകരണം സംബന്ധിച്ച് കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. അടുത്തയിടെ കിം ചൈനയിലെത്തി പ്രിസഡന്റ് ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിംഗപ്പൂര്‍ സന്ദര്‍ശനത്തിനു മുമ്പും കിം ഇത്തരത്തില്‍ ചൈനയില്‍ എത്തിയിരുന്നതാണ് പുതിയ ഉച്ചകോടിക്കുള്ള സാധ്യത തെളിയുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ ഉത്തര കൊറിയന്‍ വിദേശകാര്യ സഹമന്ത്രി ചോ സണ്‍ ഹു സ്വീഡനിലേക്ക് യാത്ര തിരിച്ചു. പ്ല്യോംഗ്‌യാംഗിലേക്കുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീഫന്‍ ബയേഗണിനെ അവര്‍ അവിടെ വച്ച് കാണുന്നതാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പുതുവര്‍ഷ സന്ദേശത്തില്‍ ആണവനിരായുധീകരണത്തിന് ഉത്തര കൊറിയ പ്രതിജ്ഞാബദ്ധമാണെന്ന് ജോങ് ഉന്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍, അമേരിക്കന്‍ ഉപരോധം തുടര്‍ന്നാല്‍ കാര്യങ്ങള്‍ തകിടം മറിയുമെന്ന് മുന്നറിയിപ്പ് നല്‍കാനും അദ്ദേഹം മറന്നില്ല. കൊറിയന്‍ ഉപദ്വീപ് ആണവവിമുക്തമാക്കുമെന്നാണ് സിംഗപ്പൂര്‍ ഉച്ചകോടിയില്‍ ഇരു നേതാക്കളും പ്രഖ്യാപിച്ചത്. എന്നാല്‍, ഇത് എങ്ങിനെ നടപ്പാക്കുമെന്ന ആശയക്കുഴപ്പം തുടരുന്നു. രണ്ടാമതൊരു ഉച്ചകോടിക്കുള്ള വേദിയുടെ കാര്യത്തില്‍ ചര്‍ച്ച നടത്തി വരികയാണെന്ന് ഈ മാസം ആദ്യം ട്രമ്പും പ്രസ്താവിച്ചിരുന്നു.
https://www.facebook.com/Malayalivartha



























