തുടര്‍ച്ചയായി ഞായറാഴ്ചകളില്‍ ജോലിയെടുപ്പിച്ചതിന് മുന്‍ ജീവനക്കാരിക്ക് 2 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

അമേരിക്കയിലെ ഹില്‍ട്ടന്‍ ഹോട്ടല്‍സില്‍ ജീവനക്കാരിയായിരിക്കെ അവധിയ്ക്ക് അപേക്ഷിച്ചിട്ടും, നിഷേധിച്ച് തുടര്‍ച്ചയായ ഞായറാഴ്ചകളില്‍ ജോലിയെടുപ്പിച്ച ഹോട്ടലിനെതിരെ നിയമയുദ്ധം നയിച്ച വനിതയ്ക്ക് വിജയം. നിയമപ്പോരാട്ടം ജയിച്ച അറുപതു വയസുകാരിയ്ക്ക് രണ്ടേകാല്‍കോടിയിലധികം രൂപയാണ് നഷ്ടപരിഹരമായി കോടതി വിധിച്ചത്. ഭീമമായ തുക കൊടുക്കുക എന്നതിനേക്കാള്‍ ലോകത്തെങ്ങുമുള്ള സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരോട് നന്നായി പെരുമാറാനുള്ള സന്ദേശമാണ് വിധിയിലൂടെ നല്‍കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.
ഹെയ്ത്തിയില്‍ ജനിച്ച ക്രിസ്ത്യന്‍ മതവിശ്വാസിയും മിഷനറി പ്രവര്‍ത്തകയുമായാണ് പരാതിക്കാരിയായ ജീന്‍ മേരി പിയറി. ഹില്‍ട്ടന്‍ ഹോട്ടലില്‍ ഒരു ദശകത്തിലേറെ ജോലി ചെയ്തിട്ടുണ്ട് ജീന്‍ മേരി പിയറി. തുടക്കത്തില്‍ ഞായറാഴ്ചകളില്‍ ഒഴിവ് അനുവദിച്ചിരുന്നെങ്കിലും തുടര്‍ച്ചയായ ആറു ഞായറാഴ്ചകളില്‍ ജോലിക്കു ഹാജരാകാന്‍ നിര്‍ദേശം വന്നതോടെയാണ് പിയറിക്കു പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
തന്റെ വിശ്വാസത്തിനും ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമാകയാല്‍ ഞായറാഴ്ചകളില്‍ അവര്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് ഉത്തരവാദിത്തമില്ലായ്മയും അനുസരണക്കേടും ചൂണ്ടിക്കാട്ടി രണ്ടുവര്‍ഷം മുമ്പ് കമ്പനി പിയറിയെ പിരിച്ചുവിട്ടു. പരാജയം സമ്മതിക്കാതെ കോടതിയില്‍ പോരാട്ടം തുടങ്ങിയ പിയറിക്ക് രണ്ടുവര്‍ഷത്തിനുശേഷം വിജയനിമിഷം കൈവന്നിരിക്കുന്നു.

ആദ്യത്തെ ഏഴുവര്‍ഷത്തോളം ഒരു പ്രശ്‌നവുമില്ലായിരുന്നു എന്നു പറയുന്നു പിയറി. പക്ഷേ, പെട്ടെന്ന് കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഞായറാഴ്ചകളില്‍ പിയറിക്ക് ഒഴിവു കൊടുത്തും ഹോട്ടല്‍ നടത്തിക്കൊണ്ടുപോകാമെന്നിരിക്കെ വിശ്വാസത്തില്‍ ഇടപെടുകയും ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനു തടസ്സം നില്‍ക്കുകയും ചെയ്തതിന്റെ പേരിലാണ് ഹോട്ടലിന് നാണക്കേടും ഒപ്പം വലിയൊരു തുക പിഴയും അടയ്‌ക്കേണ്ടി വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha



























