വന്‍ ഹിറ്റായ ടെന്‍ ഇയര്‍ ചലഞ്ചിനു പിന്നില്‍ ഫേസ്ബുക്കിന്റെ കെണിയെന്ന് ഒരു പക്ഷം , തങ്ങള്‍ക്ക് യാതൊരു റോളുമില്ലെന്ന് ഫേസ്ബുക്ക്
സോഷ്യല്‍മീഡിയ ഏറ്റെടുത്ത് വൈറലായി മാറുകയാണ് ടെന്‍ ഇയര്‍ ചലഞ്ച്. പത്തു വര്‍ഷം മുന്‍പുള്ള നിങ്ങളുടെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ഒന്നിച്ച് പോസ്റ്റ് ചെയ്യുന്നതാണ് ടെന്‍ ഇയര്‍ ചലഞ്ച്. ചലഞ്ചിന് പിന്നില്‍ കെണിയുണ്ട് എന്നാണ് ചിലര്‍ ആരോപിക്കുന്നത്. ഒന്നും കാണാതെ ഫെയ്സ്ബുക്ക് ഇത്തരത്തിലൊരു ചലഞ്ച് കൊണ്ടുവരില്ലെന്ന് ടെക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ചലഞ്ച് ഉപയോഗിച്ച് ഫെയ്സ്ബുക്കിന്റെ ഫെയ്സ് റെക്കഗ്നിഷന്‍ സംവിധാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങളില്‍ നിന്നും ആളുകളെ തിരിച്ചറിയുന്ന ടെക്നോളജിയാണ് ഫെയ്സ് റെക്കഗ്നിഷന്‍ സംവിധാനം. ഇങ്ങനെ നേടുന്ന ഡാറ്റ ആളുകളുടെ പ്രായത്തേയും മറ്റും സംബന്ധിച്ച വിവരങ്ങള്‍ തിരിച്ചറിയുന്നതിന് നിര്‍മിതബുദ്ധി-അല്‍ഗോരിതങ്ങളെ പരിശീലിപ്പിക്കാന്‍ സാധിക്കും. ഉപഭോക്താക്കള്‍ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ച് ഫെയ്സ്റെക്കഗ്നിഷന് കൂടുതല്‍ മെച്ചപ്പെടുത്താനാകും.
എന്നാല്‍ വ്യക്തികളുടെ പ്രൊഫൈല്‍ ഫോട്ടോകള്‍ ഇതിനോടകം തന്നെ ഫെയ്സ്ബുക്കിന്റെ കൈവശമുണ്ട്. വിവിധകാലങ്ങളില്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചതാണ് ഈ ചിത്രങ്ങള്‍. ആ സ്ഥിതിക്ക് ഫെയ്സ്ബുക്കിന് ഫെയ്സ് റെക്കഗ്നിഷന്‍ സംവിധാനം ശക്തിപ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് മറുവാദം. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ചിത്രവും ഫോട്ടോ എടുത്ത സമയവും കൃത്യമാവണമെന്നില്ലെന്നും ഇത് കണ്ടുപിടിക്കാന്‍ സാധിക്കില്ലെന്നും ചിലര്‍ വാദിക്കുന്നു.
അങ്ങനെവരുമ്പോള്‍ ഫെയ്സ്ബുക്കിന്റെ ഫെയ്സ് റെക്കഗ്നിഷന്‍ സംവിധാനം ശക്തിപ്പെടുത്താനാണ് പുതിയ ചലഞ്ച് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍ പുതിയ ചലഞ്ചില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്ക് രംഗത്തുവന്നിട്ടുണ്ട്. ഫെയ്സ്ബുക്ക് ഉപഭോക്താക്കളില്‍ ആരോ സൃഷ്ടിച്ചതാണ് ഈ ചലഞ്ച് എന്നാണ് ഫെയ്സ്ബുക്കിന്റെ വിശദീകരണം. ചലഞ്ചിനായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം ഫെയ്സ്ബുക്കില്‍ മുന്‍പെ ഉണ്ടായിരുന്നവയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha