പെലോസിയുടെ ഭീഷണി; മുട്ടുമടക്കി നയതന്ത്ര പ്രസംഗം മാറ്റി വെച്ച് ട്രംപ്

യൂ എസിനെ പ്രതിസന്ധിയിലാഴ്ത്തിയ ഭരണ സ്തംഭനം അവസാനിക്കാത്തതിനാൽ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗം മാറ്റിവെച്ചതായി ട്രംപ്. ഈ മാസം 29നു നടത്താൻ നിശ്ചയിച്ച നയപ്രഖ്യാപന പ്രസംഗത്തിനുള്ള ക്ഷണം യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി പിന്‍വലിച്ചതിനു പിന്നാലെ ട്രംപിന് മുട്ട് മടക്കേണ്ടി വന്നതായിരുന്നു.
കോൺഗ്രസിലെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് എല്ലാവർഷവും ജനപ്രതിനിധി സഭയിൽ പ്രസിഡന്റ് നടത്താറുള്ള സുപ്രധാന നയ പ്രസംഗമാണു നീട്ടിവച്ചത്.
29 നു ജനപ്രതിനിധി സഭയില്‍ 'സ്റ്റേറ്റ് ഓഫ് ദ് യൂണിയന്' പ്രസംഗം നടത്താന്‍ ചട്ടപ്രകാരം ഈ മാസം ആദ്യം പെലോസി യുഎസ് പ്രസിഡന്റിനു ക്ഷണക്കത്ത് അയച്ചിരുന്നു. എന്നാല്‍, ഭാഗിക ഭരണസ്തംഭനം തുടരുന്നതു ചൂണ്ടിക്കാട്ടി പിന്‍വലിച്ചു. ഒരു മാസം പിന്നിട്ട ട്രഷറി സ്തംഭനം അവസാനിപ്പിച്ച് സർക്കാരിന്റെ പ്രവർത്തനം സാധാരണഗതിയിലായിട്ടു മതി പ്രസംഗമെന്നാണു പെലോസിയുടെ നിലപാട്.
തുടർന്ന് ആദ്യം ക്ഷണിക്കുകയും പിന്നീടു പിന്‍വലിക്കുകയും ചെയ്തതു സ്പീക്കറുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും ഭരണസ്തംഭനത്തിനു പരിഹാരമായ ശേഷം നയപ്രഖ്യാപന പ്രസംഗം നടത്താമെന്നും ട്രംപ് ട്വിറ്ററില്‍ അറിയിച്ചു. ഏറ്റവുമടുത്ത തീയതിയില്‍ സഭയില്‍ വച്ചു തന്നെ 'കിടിലന്‍' പ്രസംഗം നടത്താന്‍ കാത്തിരിക്കുകയാണെന്നും പറഞ്ഞു.
ഭരണ സ്തംഭനത്തിന്റെ പേരിൽ ട്രംപും പെലോസിയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടങ്ങിയിട്ട് നാളുകളേറെയായി . പെലോസിക്ക് അഫ്ഗാൻ പര്യടനത്തിന് സൈനിക വിമാനം ട്രംപ് നിഷേധിച്ചത് കഴിഞ്ഞയാഴ്ചയാണ്.
കഴിഞ്ഞ മാസം 22നാണ് ട്രഷ റി സ്തംഭനം ആരംഭിച്ചത്. മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുന്നതിന് ഫണ്ട് ഉൾപ്പെടുത്തുന്നതിനെച്ചൊല്ലി ഭരണ, പ്രതിപക്ഷങ്ങൾ തമ്മിലുള്ള തർക്കം മൂലം ഇടക്കാല ധനവിനിയോഗ ബിൽ പാസാകാത്തതാണ് ട്രഷറി സ്തംഭനത്തിനു കാരണം. ഫെഡറൽ സർക്കാരിലെ എട്ടു ലക്ഷം ജീവനക്കാർക്കു ശമ്പളം മുടങ്ങി.
https://www.facebook.com/Malayalivartha



























