തിരഞ്ഞെടുപ്പ് ജയിക്കാൻ വ്യാജപ്രചരണങ്ങൾ; ട്രംപിന്റെ വിശ്വസ്ത തോഴൻ റോജർ സ്റ്റോൺ അറസ്റ്റിൽ

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏറെ സ്വാധീനം ചെലുത്തിയ ട്രംപിന്റെ വിശ്വസ്തനായ തോഴൻ റോജർ സ്റ്റോൺ അറസ്റ്റിലായി. യുഎസിൽ 2016 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണത്തെ തടസ്സപ്പെടുത്തിയതിനും കോൺഗ്രസിനു തെറ്റായ വിവരം നൽകിയതിനുമാണ് റോജർ സ്റ്റോണിനെ കസ്റ്റഡിയിലെടുത്തത്. സ്പെഷൽ അറ്റോർണി റോബർട് മുള്ളർ നടത്തുന്ന അന്വേഷണത്തിലെ ആദ്യ ക്രിമിനൽ കേസാണിത്.
ഹിലരി ക്ലിന്റനെതിരെ തെരെഞ്ഞെടുപ്പ‌് ജയിക്കാനായി നിരവധി വ്യാജപ്രചാരണങ്ങൾ റോജർ നടത്തിയിരുന്നു. ഹിലരിയുടെ ക്യാമ്പയിൻ പ്രചാരകൻ ഡോൺ പോഡസ്റ്റയുടെ ഇ–-മെയിൽ റഷ്യൻ ഇന്റലിജൻസ‌് ഉദ്യോഗസ്ഥർ ഹാക്ക‌് ചെയ്തിരുന്നു. ഇത‌് സ്റ്റോണിന്റെ അറിവോടെയായിരുന്നുവെന്നും തെരഞ്ഞെടുപ്പിനുമുമ്പായി ഇത‌് പുറത്തുവിട്ടത‌് ട്രംപിനെ തെരഞ്ഞെടുപ്പ‌് ജയിക്കുന്നതിനായി സഹായിച്ചിരുന്നുവെന്നുമാണ‌് കണ്ടെത്തൽ.
അതേസമയം എതിർ സ്ഥാനാർഥിയായിരുന്ന ഹിലറി ക്ലിന്റന്റെ ഇമെയിലുകൾ മോഷ്ടിച്ച് മുതലെടുപ്പു നടത്തിയതുമായി ബന്ധപ്പെട്ട് ട്രംപിന്റെ പ്രചാരണച്ചുമതലയുള്ള ഉന്നതർ പലതവണ സ്റ്റോണുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. ഇമെയിൽ ചോർത്തലിന് വിക്കിലീക്സുമായി സ്റ്റോൺ ഗൂഢാലോചന നടത്തിയിട്ടില്ലെങ്കിലും സാക്ഷികളെ തടസ്സപ്പെടുത്തിയതിനും വിക്കിലീക്സുമായുള്ള ബന്ധം സംബന്ധിച്ച് തെറ്റായ പ്രസ്താവനകൾ നൽകിയതിനും വ്യക്തമായ തെളിവുണ്ടെന്നും കുറ്റപത്രത്തിലുണ്ട്. സാക്ഷികളെ സ്വാധീനിക്കുകയും അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെന്നും കുപ്രചാരണങ്ങൾ നടത്തിയെന്നും കാണിച്ചാണ‌് നടപടി.
https://www.facebook.com/Malayalivartha



























