റിക്ഷാഡ്രൈവറെ വിവാഹം കഴിച്ച മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ നിർദ്ദേശം; ഇന്ത്യയെ നടുക്കിയ ദുരഭിമാനക്കൊലയിൽ പ്രതികളായ അമ്മയെയും അമ്മാവനെയും ഇന്ത്യയ്ക്ക് വിട്ടു നൽകാൻ കനേഡിയന്‍ സുപ്രിംകോടതിയുടെ ഉത്തരവ്

ഇന്ത്യയിൽ ദുരഭിമാനക്കൊല നടത്തിയ ശേഷം നാടുവിട്ട കാനേഡിയൻ പൗരത്വമുള്ള പ്രതികളെ ഇന്ത്യയ്ക്ക് തന്നെ വിട്ടുനൽകാൻ കോടതി ഉത്തരവ്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഞ്ചാബില്‍ നടന്ന കൊലപാതകത്തില്‍ പ്രതികളായ രണ്ട് ഇന്ത്യന്‍ വംശജരെയാണ് ഇന്ത്യയ്ക്ക് കൈമാറാന്‍ കനേഡിയന്‍ സുപ്രിംകോടതി ഉത്തരവിട്ടിരിക്കുന്നത്.
18 വർഷംമുമ്പ് ജസ്‍വീന്ദർ സിദ്ദുവെന്ന പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ പ്രതികളാണ് പെൺകുട്ടിയുടെ അമ്മയായ മൽകിത് കൗർ സിദ്ദുവും (67) അമ്മാവൻ സുർജിത് സിങ് ബാദെഷാവും (72). കാനഡ പൗരന്മാരായ ഇരുവരെയും കൈമാറാന്‍ 2014ല്‍ നിയമമന്ത്രി അനുമതി നല്‍കിയെങ്കിലും 2016ല്‍ റദ്ദാക്കി. ഈ അനുമതിയാണ് ഒന്‍പതംഗ ബെഞ്ച് പുനഃസ്ഥാപിച്ചത്. ഇവരെ വിചാരണ നേരിടാനായി വെള്ളിയാഴ്ച ഇന്ത്യയ്ക്ക് കൈമാറിയതായി കനേഡിയൻ അധികൃതർ അറിയിച്ചു.
പഞ്ചാബിൽനിന്ന് കാനഡയിലേക്ക് കുടിയേറിയ ഇവർ കാനഡയിൽ പൗരത്വം നേടുകയായിരുന്നു. ജസ്‍വീന്ദർ ഇന്ത്യയിലെ റിക്ഷാഡ്രൈവറെ വിവാഹം കഴിച്ചതാണ് ഇവരെ പ്രകോപിപ്പിക്കാനിടയാക്കിയത്. ബ്രിട്ടീഷ് കൊളംബിയയിൽ താമസിച്ചിരുന്ന ജസ്‍വീന്ദർ ഇന്ത്യയിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് റിക്ഷാ ഡ്രൈവറായ സുഖ്‍വീന്ദർ മിത്തു സിങ്ങിനെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലായ ഇവർ 1999-ൽ രഹസ്യമായി വിവാഹിതരാകുകയും കാനഡയിലേക്കു മടങ്ങിയ ജസ്‌വീന്ദര്‍ ഒരു വര്‍ഷത്തിനു ശേഷം മാതാപിതാക്കളെ ഇക്കാര്യം അറിയിച്ച ശേഷം പഞ്ചാബിലേക്കു മടങ്ങി ഭര്‍ത്താവിനൊപ്പം താമസം തുടങ്ങി. ഇതിൽ പ്രകോപിതരായ മൽകിതും സഹോദരനും ചേർന്ന് ജസ്‍വീന്ദറിനെയും ഭർത്താവിനെയും കൊലപ്പെടുത്താൻ ഗുണ്ടാസംഘത്തെ ഏർപ്പെടുത്തുകയായിരുന്നു.
2000 ജൂൺ എട്ടിന് സ്‌കൂട്ടറില്‍ സഞ്ചരിച്ച ദമ്പതികളെ ഗുണ്ടകള്‍ തടഞ്ഞുനിര്‍ത്തി മിതുവിനെ മര്‍ദിച്ചശേഷം ജസ്‌വീന്ദറിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മൃതദേഹം പിന്നീട് കഴുത്തറത്ത നിലയിലാണു കണ്ടെത്തിയത്. അമ്മയും അമ്മാവനും ചേര്‍ന്നു നല്‍കിയ ക്വട്ടേഷനായിരുന്നു കൊലപാതകം എന്നാണു പൊലീസ് കണ്ടെത്തിയത്. കേസില്‍ ഏഴുപേരെ ശിക്ഷിച്ചെങ്കിലും അപ്പീലില്‍ ചിലരുടെ ശിക്ഷ റദ്ദാക്കപ്പെട്ടു. കേസില്‍ പ്രതികളായ ഇരുവരെയും വിട്ടുകിട്ടണമെന്ന് ഇന്ത്യ ദീര്‍ഘകാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു. മൽകിതും സുർജിതുമുൾപ്പെടെ 13 പേരാണ് കേസിൽ പ്രതികളാണുള്ളത്.
കൂലിവേലക്കാരനായ മിതുവിന് കേസ് ഒത്തുതീര്‍പ്പാക്കാനായി ജസ്‌വീന്ദറിന്റെ കുടുംബാംഗങ്ങള്‍ വന്‍ പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്തുവെങ്കിലും തന്റെ പ്രണയത്തിന് വേണ്ടി അദ്ദേഹം അതെല്ലാം വേണ്ടന്ന് വെയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























