സ്ത്രീകൾക്കെതിരായ അക്രമം അവസാനിപ്പിക്കൂ; ലോക യുവജന സമ്മേളനത്തിൽ സ്ത്രീ സുരക്ഷയ്ക്കായി ശബ്ദമുയർത്തി ഫ്രാൻസിസ് മാർപ്പാപ്പ

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സ്ത്രീകളെ കൊല്ലുന്നത് പ്ലേഗ് പോലെ പടർന്നു പിടിച്ചിരിക്കുകയാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ . . 2017 -ൽ മൊത്തം 2800 സ്ത്രീകളാണ് ഇവിടെ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.ലോക യുവജന സമ്മേളനത്തിൽ സ്ത്രീ സുരക്ഷയ്ക്കായി ശബ്ദമുയർത്തി പറയുകയായിരുന്നു അദ്ദേഹം.
തകരുന്ന കുടുംബങ്ങളിൽ ജീവിക്കുന്ന യുവജനങ്ങൾ എളുപ്പത്തിൽ ചൂഷണത്തിന് ഇരയാവുകയാണ്. ഇന്റർനെറ്റിൽ സത്യത്തെ വളച്ചൊടിക്കുന്നതിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതിനും എതിരെ ജാഗ്രത വേണം.
വെനസ്വേല ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നു പലായനം ചെയ്യുന്ന അഭയാർഥികളോടു കരുണ കാണിക്കണമെന്നും പാപ്പ അഭ്യർഥിച്ചു.
ഇക്കണോമിക് കമ്മിഷൻ ഫോർ ലാറ്റിൻ അമേരിക്ക ആൻഡ് കരീബിയന്റെ കണക്കുകൾ ഉദ്ധരിച്ചാണ് സ്ത്രീകൾക്കു നേരെയുള്ള അക്രമത്തിന്റെ തീവ്രത അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പനാമയിലെ 5 ദിന സന്ദർശനത്തിനിടെ പാപ്പ ജുവനൈൽ ഹോമിലെ അന്തേവാസികളുടെ കുമ്പസാരം കേൾക്കും. എച്ച്ഐവി ബാധിതരെയും സന്ദർശിക്കും.
https://www.facebook.com/Malayalivartha



























