വാട്സാപ്പ് ഇല്ലാതാകുന്നു; തീരാന്‍ പോവുന്നോ ഉയരാന്‍ പോകുന്നോ എന്ന് ഇപ്പോള്‍ പ്രവചിക്കുക സാദ്ധ്യമല്ല; വാട്സാപ്പിനെതിരെയും അപവാദപ്രചരണം

അപവാദപ്രചരണത്തിനും കെട്ടുകഥകള്‍ക്കും പറ്റിയ സാമൂഹ്യ മാധ്യമം എന്നാണ് വാട്സാപ്പ് പലപ്പോഴും വിലയിരുത്തപ്പെടുന്നത്. നാസയില്‍ എട്ടു വയസ്സുകാരന്‍ റോക്കറ്റു പറത്തിയ കഥ മുതല്‍ ലോകം അടുത്തയാഴ്ച അവസാനിക്കുമെന്ന എമണ്ടന്‍ ശാസ്ത്രസത്യം വരെ വാട്സാപ്പിലൂടെയാണ് വൈറലാകുന്നത്. ആ വാട്സാപ്പിനുതന്നെയാണ് ഇപ്പോള്‍ പാര വന്നിരിക്കുന്നത്. വാട്സാപ്പ് ഉടന്‍ ഇല്ലാതാകുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്ത.
വാട്സാപ്പിനെക്കുറിച്ചുള്ള ഏതു വാര്‍ത്തയും അതിന്റെ ആരാധകര്‍ എത്തിനോക്കും എന്ന കണക്കുകൂട്ടലിലാണോ എന്നറിയില്ല, നിറം പടിപ്പിച്ച കഥകളാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്. സത്യത്തില്‍, വാട്സാപ്പ് ഇല്ലാതാകുന്നു എന്ന കഥയ്ക്കു പിന്നില്‍ അതിന്റെ മുതലാളി സുക്കര്‍ബര്‍ഗിന്റെ ചില പരിഷ്കാരണങ്ങളാണുള്ളത്.
മാർക്ക് സുക്കര്‍ബര്‍ഗിന്റെ സ്വന്തം ഫെയ്സ്ബുക്ക് വലിയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. അതിലെ സുരക്ഷാവീഴ്ചകള്‍ മുതല്‍ സാമൂഹ്യാവസ്ഥ വരെയുള്ള ഘടകങ്ങള്‍ നിരവധി ഉപഭോക്താക്കളെ അകറ്റിക്കഴിഞ്ഞിരിക്കുകയാണ്. നിലവിലെ ഈ പ്രതിസന്ധികളെ നേരിടാൻ ലക്ഷ്യമിട്ടുള്ള ചില കളികള്‍ സക്കർബർഗ് ആസൂത്രണം ചെയ്തിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. നിലവിൽ ഏറ്റവും കൂടുതൽ സജീവമായ വാട്സാപ്പിനെ ഉപയോഗിച്ച് നിർജീവമായി കിടക്കുന്ന മെസഞ്ചർ, ഇൻസ്റ്റാഗ്രാം എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കൂട്ടുകയാണ് ലക്ഷ്യം.
അതേസമയം, ഈ കളി അപകടം പിടിച്ചതാണെന്ന മുന്നറിയിപ്പാണ് ചില സാങ്കേതിക വിദഗ്ദ്ധര്‍ നല്‍കുന്നത്. മറ്റുള്ളവയെ അപേക്ഷിച്ച് ഫലപ്രദമായ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷാസംവിധാനമാണ് വാട്സാപ്പിനുള്ളത്. അതായത്, സന്ദേശം അയയ്ക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും അല്ലാതെ മറ്റാര്‍ക്കും അതു നിരീക്ഷിക്കാന്‍ കഴിയാത്ത സംവിധാനം. ഇത്തരം തൃപ്തികരമായ സാങ്കേതികപിന്‍ബലം ഇല്ലാത്ത മെസ്സജന്‍റും ഇന്‍സ്റ്റാഗ്രാമുമായി വാട്സാപ്പിനെ ബന്ധിപ്പിക്കുന്നതോടെ ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നവരുടെ ചാകര വാട്സാപ്പില്‍ സംഭവിക്കുമെന്നാണ് അവര്‍ പറയുന്നത്. വാട്സാപ്പിന്റെ സ്ഥാപകര്‍ അതില്‍ പരസ്യം നല്‍കുന്നതിനോടും വിവരങ്ങള്‍ അരക്ഷിതമാക്കുന്നതിനോടും എന്നും എതിരായിരുന്നു. പക്ഷേ, ആ എതിരഭിപ്രായങ്ങളെയെല്ലാം സുക്കര്‍ ഇതിനകം നിശബ്ദമാക്കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു മെസേജിങ് സര്‍വീസുകളും ബന്ധിപ്പിച്ചാൽ വിലയേറിയ വൻ ഡേറ്റാ ബേസ് ലഭിക്കും. ഇതുപയോഗിച്ചുള്ള കച്ചവടമാണ് സുക്കര്‍ബര്‍ഗ് ലക്ഷ്യമിടുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അതായത്, വാട്സാപ്പിനെ സംബന്ധിച്ച് നമുക്ക് അതിന്റെ ശില്പികള്‍ നല്‍കിയിരിക്കുന്ന ഉറപ്പാണ് ലംഘിക്കാന്‍ പോകുന്നത്. സുക്കർബർഗിന്റെ ഈ പദ്ധതി നടപ്പിലായാൽ സുരക്ഷിതമെന്ന് വിശ്വസിച്ചിരുന്ന വാട്സാപ്പില്‍നിന്ന് ലക്ഷക്കണക്കിനു പേര്‍ എന്നന്നേക്കുമായി വിട പറയും. അങ്ങനെ വാട്സാപ്പ് പൊളിയും, ഇല്ലാതാകും എന്നതാണ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത.
എന്നാല്‍, ഈ ഉല്‍ക്കണ്ഠകളെല്ലാം അസ്ഥാനത്താണെന്നാണ് ഫേസ്ബുക്ക് വൃത്തങ്ങള്‍ പറയുന്നത്. വാട്സാപ്പിന്റെ അതേ സുരക്ഷിത സംവിധാനമാണ് മറ്റ് രണ്ട് സന്ദേശരീതികള്‍ക്കും തങ്ങള്‍ നല്‍കാന്‍ പോകുന്നതെന്നാണ് അവരുടെ അവകാശവാദം. അതായത് മെസന്‍ജറും ഇന്‍സ്റ്റാഗ്രാമും വാട്സാപ്പ് പോലെ സുരക്ഷിതമാകാന്‍ പോകുന്നു എന്ന്. സത്യത്തില്‍, അതില്ലാതെ ഒരു സാമൂഹ്യമാധ്യമത്തിനും തുടരാനാകാത്ത സ്ഥിതിയാണുള്ളത്. അത്രയ്ക്ക് രൂക്ഷമാണ് വിവരം ചോര്‍ത്തലുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍. അല്ലാതെ വന്നാല്‍, ഐടി നിയമം ശക്തമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ പിഴ അടച്ച് സുക്കറിന് മുടിയേണ്ടി വരും.
എന്തായാലും, കാലത്തിനും കച്ചവടത്തിനുമനുസരിച്ച് വാട്സാപ്പ് മാറാന്‍ പോവുകയാണ്. തീരാന്‍ പോവുന്നോ ഉയരാന്‍ പോകുന്നോ എന്ന് ഇപ്പോള്‍ പ്രവചിക്കുക സാദ്ധ്യമല്ല. അതല്ല, എന്ത് സുരക്ഷാ പാളിച്ച ഉണ്ടായാലും അതിന്റെ അപകടം മനസ്സിലാക്കാത്ത കുറേപ്പേരുണ്ടാകുമല്ലോ. ചാണകത്തില്‍നിന്ന് ഓക്സിജന്‍ വരുന്നെന്നു കരുതുന്ന മലയാളിയായ കേശവന്‍ മാമനെപ്പോലുള്ള ജന്മങ്ങള്‍. വാട്സാപ്പും ഫേസ്ബുക്കും മൂട്ടിലൂടെ ഊറ്റുന്നതിനെക്കുറിച്ച് വിവരമില്ലാതെ അവര്‍ അവരുടെ കെട്ടുകഥകള്‍ പ്രചരിപ്പിച്ച് സംതൃപ്തി അടഞ്ഞുകൊണ്ടേയിരിക്കും. സുക്കര്‍ബര്‍ഗ് കൈകൊട്ടി ചിരിച്ചുകൊണ്ടുമിരിക്കും.
https://www.facebook.com/Malayalivartha



























