വരള്‍ച്ചയെ തുടര്‍ന്ന് ഫ്‌ലമിംഗോ കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ ഉപേക്ഷിക്കുന്നു

ലെസര്‍ ഫ്ലമിംഗോകളുടെ ദക്ഷിണാഫ്രിക്കയിലെ നാലു പ്രജനനകേന്ദ്രങ്ങളിലൊന്നാണ് നോര്‍ത്തേണ്‍ കേപ്പിലുള്ള 400 ഹെക്ടര്‍ വിസ്തൃതി വരുന്ന കാംഫേഴ്‌സ് ഡാമിന്റെ തീരം. എന്നാല്‍, ഡാമിലെ ജലനിരപ്പ് അതിവേഗം താഴ്ന്നതുമൂലം ആയിരക്കണക്കിന് കുഞ്ഞുങ്ങളെയാണ് ഫ്‌ലമിംഗോകള്‍ ഉപേക്ഷിച്ചത്.
ദിനംപ്രതി ജലനിരപ്പ് താഴുന്നതുമൂലം കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ മാതാപിതാക്കള്‍ക്ക് കഴിയാതെവന്നതാണ് കുഞ്ഞുങ്ങളെ ഉപേക്ഷിച്ചുപോകാന്‍ വലിയ പക്ഷികളെ പ്രേരിപ്പിച്ചത്. ഭക്ഷണവും വെള്ളവുമില്ലാതെ വെയിലേറ്റ് മരണത്തോടു മല്ലിട്ട കുഞ്ഞുങ്ങളെ സാം സ്റ്റാന്‍ കിംബെര്‍ലി എന്ന മൈനിംഗ് കമ്പനി ഏറ്റെടുത്തു.
നെറ്റ്‌വര്‍ക്ക് 24 എന്ന ചാനലില്‍ വന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സാം സ്റ്റാന്‍ കിംബെര്‍ലി കുഞ്ഞുങ്ങളെ ഏറ്റെടുത്തതെന്ന് ചെയര്‍പേഴ്‌സണ്‍ ലിന്‍ജ അലന്‍ പറഞ്ഞു. കമ്പനിയുടെ സാമൂഹ്യസേവന വിഭാഗമാണ് ഫ്‌ലമിംഗോ കുഞ്ഞുങ്ങളുടെ പരിചരണം ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് കുഞ്ഞുങ്ങള്‍ ചത്തെങ്കിലും 1300-ലധികം കുഞ്ഞുങ്ങളെ രക്ഷിക്കാനായി.

വെറ്ററിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പരിശീലനം സിദ്ധിച്ച വിദഗ്ധരുടെ പരിചരണത്തിലാണ് ഈ കുഞ്ഞുങ്ങളിപ്പോള്‍. ഭക്ഷണം ലഭിച്ചതോടെ കുഞ്ഞുങ്ങള്‍ ആരോഗ്യം വീണ്ടെടുത്തെങ്കിലും നിരവധി കുഞ്ഞുങ്ങള്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

ആരോഗ്യം വീണ്ടെടുത്താല്‍ ദക്ഷിണാഫ്രിക്കയിലെ വിവിധ ഫ്‌ലമിംഗോ പുനരധിവാസകേന്ദ്രത്തിലേക്ക് കുഞ്ഞുങ്ങളെ മാറ്റാനുള്ള ശ്രമം കമ്പനി അധികൃതര്‍ നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha



























