ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം കൊന്നുകളയും; 8 സ്വവര്‍ഗ പ്രണയികളെ കൊന്നുതള്ളിയ രാക്ഷസരൂപി

കാനഡക്കാര്‍ ഞെട്ടലോടെ ക്ട്ട വെളിപ്പെടുത്തലാണ് ബ്രൂസ് മക് ആര്‍തര്‍ എന്ന 67-കാരന്റേത്. 2010 മുതല്‍ 2017 വരെ കാണാതായ സ്വവര്‍ഗപ്രണയികള്‍ ഉള്‍പ്പെടെ എട്ടുപേരെ കൊന്നതും അംഗച്ഛേദം വരുത്തി ഒളിപ്പിച്ചതും താനാണ് എന്നായിരുന്നു ആര്‍തറിന്റെ വെളിപ്പെടുത്തല്‍. ടൊറന്റോയിലെ ഗേ വില്ലേജുമായി ബന്ധമുള്ളവരായ ആന്‍ഡ്രൂ കിന്‍സ്മാനെ (49) സെലിം എസന്‍ (44), മജീദ് കെഹാന്‍ (58), സൊരൗഷ് മഹ്മൂദി (50), ഡീന്‍ ലിസോവിച്ച് (47), സ്‌കന്ദരാജ് നവരത്‌നം (40), അബ്ദുല്‍ബസീര്‍ ഫൈസി (42), കിരുഷ്‌നകുമാര്‍ കനഗരത്‌നം (37) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് പൊലീസിനോടു ബ്രൂസ് വെളിപ്പെടുത്തിയത്. 8 കൊലപാതങ്ങള്‍ നടത്തിയതായി കഴിഞ്ഞ ദിവസമാണ് ഇയാള്‍ വെളിപ്പെടുത്തിയത്. വിചാരണ നടപടികള്‍ ഫെബ്രുവരി നാലിന് ആരംഭിക്കും.
2001-ലാണ് ബ്രൂസ് ആദ്യമായി നിയമത്തിന്റെ പിടിയിലായത്. ഒരു ആണ്‍വേശ്യയെ ഇരുമ്പുപൈപ്പു കൊണ്ട് അടിച്ചെന്നായിരുന്നു കേസ്. മാപ്പപേക്ഷിച്ചതോടെ ജയിലില്‍ കിടക്കാതെ ബ്രൂസ് പുറത്തിറങ്ങി. ആളുകളെ കാണാതായ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കഴിഞ്ഞ ജനുവരിയിലും ഇയാള്‍ നിയമത്തിന്റെ പഴുതുപയോഗിച്ചു രക്ഷപ്പെട്ടു.
ഇയാളുടെ അവസാന ഇരയും സ്‌നേഹിതനുമായ ആന്‍ഡ്രൂ കിന്‍സ്മാനില്‍ നിന്നാണ് ബ്രൂസ് മക് ആര്‍തര്‍ എന്ന സീരിയല്‍ കില്ലറിലേക്കു പൊലീസ് എത്തിയത്. 2017 ജൂണ്‍ 26-നാണ് ആന്‍ഡ്രൂവിനെ കാണാതായത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആന്‍ഡ്രൂവിന്റെ വീട്ടില്‍ പരിശോധന നടന്നു. ആ ദിവസത്തെ കലണ്ടറില്‍ 'ബ്രൂസ്' എന്നു കുറിച്ചിട്ടിരുന്നതു പൊലീസ് ശ്രദ്ധിച്ചു. ഈ തുമ്പു പിടിച്ചാണ് അന്വേഷണം ബ്രൂസ് മക് ആര്‍തറിലെത്തിയത്. ആന്‍ഡ്രൂ കിന്‍സ്മാനെ കാണാതായെന്ന കേസില്‍ ഇയാള്‍ ജനുവരി മുതല്‍ കസ്റ്റഡിയിലാണ്. കാണാതായ പുരുഷന്മാരെ എന്നെങ്കിലും കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചുകൊണ്ടാണ്, അവരെയെല്ലാം താന്‍ കൊന്നതായി ബ്രൂസ് പൊലീസിനോടു വെളിപ്പെടുത്തിയത്.

മികച്ച ലാന്‍ഡ്‌സ്‌കേപ്പര്‍ ആയി അറിയപ്പെട്ടിരുന്ന ബ്രൂസ് 40 വയസ്സുവരെ തന്റെ ലൈംഗികാഭിമുഖ്യത്തെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല. 1997-ല്‍ പെട്ടെന്നൊരു ദിവസം ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് ഒഷാവയിയില്‍ നിന്നു ടൊറന്റോയിലേക്കു താമസം മാറുകയായിരുന്നു. പിന്നീടു ടൊറന്റോയിലെ സ്വവര്‍ഗാനുരാഗ സമൂഹത്തില്‍ പേരെടുത്തു. തനിക്കിഷ്ടപ്പെട്ടവരെ വശീകരിച്ചു ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം ബ്രൂസ് കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം.
കൊല നടത്താനുപയോഗിച്ച വലിയ സെല്ലോടേപ്പ്, സര്‍ജിക്കല്‍ കയ്യുറ, കയര്‍, സിപ്പുകള്‍, ബംഗി വയര്‍, സിറിഞ്ചുകള്‍ തുടങ്ങിയവ സൂക്ഷിച്ച ബാഗ് കോടതിയില്‍ ഹാജരാക്കി. കഷ്ണങ്ങളായി ഒളിപ്പിച്ചിരുന്ന എട്ടുപേരുടെയും മൃതദേഹങ്ങള്‍ പൊലീസ് പിന്നീട് കണ്ടെടുത്തു.
'നഗരത്തില്‍ ഇരകളെ വേട്ടയാടിയ രാക്ഷസരൂപി' എന്നാണു ടൊറന്റോ മേയര്‍ ജോണ്‍ ടോറി ബ്രൂസിനെപ്പറ്റി പറഞ്ഞത്. 'ആ എട്ടുപേരെ നമുക്കിനി തിരികെ കൊണ്ടുവരാനാകില്ല. അവരുടെ കുടുംബങ്ങള്‍ക്കും സമുദായത്തിനും സാന്ത്വനമേകി, നീതി നടപ്പാക്കുകയാണ് ചെയ്യാനുള്ളത്' ഹോമിസൈഡ് ഡിറ്റക്ടീവ് ഡേവിഡ് ഡിക്കിന്‍സന്‍ മാധ്യമങ്ങളോടു പറഞ്ഞു.
https://www.facebook.com/Malayalivartha



























