ബലാകോട്ട് വ്യോമാക്രമണത്തിനെ തുടർന്ന് പാക് എഫ്-16 പോര്‍വിമാനം നഷ്ടമായിട്ടുണ്ടോ എന്നതിനെ കുറിച്ച് അറിവില്ല ; ഫ്-16ന്റെ എണ്ണത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് യൂ എസ് പ്രതിരോധ മന്ത്രാലയം

പാകിസ്ഥാന്റെ എഫ്-16 പോര്‍വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്ന് പറഞ്ഞ അമേരിക്കന്‍ മാധ്യമത്തെ തള്ളി യുഎസ് പ്രതിരോധ മന്ത്രാലയം. ഇതിനെ കുറിച്ച് അറിവില്ലെന്നും പാകിസ്ഥാന് നല്‍കിയ എഫ്-16 നഷ്ടമായിട്ടുണ്ടോ എന്നത് സംബന്ധിച്ച് യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്നും പെന്റഗണില്‍ നിന്നും വ്യക്തമാക്കുന്നു.
പാകിസ്ഥാന്റെ പക്കലുള്ള എഫ്-16 വിമാനങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ലെന്നും തങ്ങള്‍ കൈമാറിയ എല്ലാ വിമാനങ്ങളും പാകിസ്ഥാന്റെ പക്കല്‍ ഇപ്പോഴുമുണ്ടെന്നും കഴിഞ്ഞ ദിവസം ഒരു അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കയുടെ പ്രതിരോധ മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടെന്നും മാഗസിന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്ഥാന് നല്‍കിയ എഫ്-16 നഷ്ടമായിട്ടുണ്ടോ ഇല്ലയോ എന്നത് തങ്ങള്‍ക്ക് അറിവില്ലെന്നാണ് പെന്റഗണില്‍ നിന്നും ഇപ്പോള്‍ വരുന്ന ഔദ്യോഗിക സ്ഥിരീകരണം.
പാകിസ്ഥാന്റെ എഫ്-16 പോര്‍വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്ന് പറഞ്ഞ അമേരിക്കന്‍ മാധ്യമത്തെ തള്ളി ഇന്ത്യന്‍ വ്യോമസേനയും രംഗത്തെത്തിയിരുന്നു. തങ്ങളുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്ഥാന്റെ എഫ്-16 വെടിവച്ചിട്ടുവെന്നും, ഇതിന് കൃത്യമായ തെളിവുകളുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
പാക് അധിനിവേശ കശ്മീരിലെ നൗഷേര മേഖലയിലാണ് എഫ്-16 വിമാനം വെടിവച്ച് വീഴ്ത്തിയതെന്ന് എയര്‍ സ്റ്റാഫ് അസിസ്റ്റന്റ് ചീഫ് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ.കപൂര്‍ പറഞ്ഞു. വ്യോമാക്രമണം നടന്ന ഫെബ്രുവരി 27ന് അവരുടെ വിമാനം തിരിച്ചെത്തിയിട്ടില്ലെന്ന കാര്യം പാക് വ്യോമസേനയുടെ റേഡിയോ ആശയവിനിമയത്തിലും വ്യക്തമാണ്. വിമാനങ്ങളില്‍ നിന്നുള്ള ഇജക്ഷന്‍ സംബന്ധിച്ച ഇലക്ടോണിക് സിഗ്നേച്ചറുകളിലും പാകിസ്ഥാന്റേത് എഫ്-16 ആണെന്ന വിവരമുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്റെ എഫ്-16 ഉപയോഗിച്ചതിന് തെളിവായി അന്ന് വിക്ഷേപിച്ച മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു. അംറാം മിസൈലിന്റെ അവശിഷ്ടങ്ങള്‍ കാണിക്കുകയും, അഭിനന്ദന്‍ പറത്തിയ മിഗ് 21 ബൈസന്‍ വിമാനം പാകിസ്ഥാന്റെ എഫ്-16 നെ വെടിവെച്ചിട്ടതായും വ്യോമസേന സ്ഥിരീകരിച്ചിരുന്നു.
പാകിസ്ഥാന്റെ എഫ്-16 പോര്‍വിമാനം തകര്‍ന്നു വീഴുന്നത് താന്‍ കണ്ടെന്ന് വിംഗ് കമാന്‍ഡര്‍ അഭിനന്ദനും ഡീ ബ്രീഫിംഗിനിടെ വെളിപ്പെടുത്തിയിരുന്നു. എഫ്-16 വിമാനത്തെ താന്‍ കൃത്യമായി ലക്ഷ്യമിട്ടെന്നും ആര്‍ 73 മിസൈല്‍ വിമാനത്തെ ലക്ഷ്യമാക്കി അയച്ചെന്നും അഭിനന്ദന്‍ വെളിപ്പെടുത്തി. തുടര്‍ന്ന് എഫ്-16 വീഴുന്നത് കണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























