നോട്ടര്‍ഡാം കത്തീഡ്രല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ മനോഹരമായി പുനര്‍നിര്‍മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍

തീപിടിത്തത്തില്‍ കത്തിനശിച്ച നോട്ടര്‍ഡാം കത്തീഡ്രല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ മനോഹരമായി പുനര്‍നിര്‍മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. കത്തീഡ്രല്‍ മുന്‍പുള്ളതിനേക്കാള്‍ മനോഹരമായി പുനര്‍നിര്‍മിക്കാനുള്ള അവസരമായി ഈ ദുരന്തത്തെ പരിവര്‍ത്തിപ്പിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പുനര്‍നിര്‍മാണം അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. തങ്ങള്‍ അത് നിവര്‍ത്തിക്കും.
2024 പാരീസ് സമ്മര്‍ ഒളിമ്പിക്‌സിന്റെ സമയം ആകുമ്പോഴേക്കും പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായും മാക്രോണ്‍ അറിയിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കുമെന്നു മാക്രോണ്‍ പ്രഖ്യാപിച്ചെങ്കിലും ദശാബ്ദങ്ങള്‍ ഇതിനായി വേണ്ടുവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം ഉദാരമതികള്‍ 80 കോടി യൂറോ സംഭാവന വാഗ്ദാനം ചെയ്തു. നിരവധി കമ്പനികളും ബിസിനസ് ഭീമന്‍മാരുമാണ് കത്തീഡ്രലിന്റെ പുനര്‍നിര്‍മാണത്തിനായി ഇതിനകം വന്‍തുകകള്‍ സംഭാവന ചെയ്തിരിക്കുന്നത്. ഫ്രഞ്ച് ചരിത്രത്തില്‍ നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായ കത്തീഡ്രലാണ് നോട്ടര്‍ഡാം ദേവാലയം.
കത്തീഡ്രലിന്റെ മേല്‍ക്കൂരയും ഗോപു രവും തിങ്കളാഴ്ച വൈകുന്നേരമുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചു. നാനൂറിലധികം അഗ്‌നിശമനപ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ ശ്രമിച്ചിട്ടാണു തീ നിയന്ത്രണ വിധേയമായത്. 850 വര്‍ഷത്തോളം പഴക്കമുള്ള കത്തീഡ്രലിന്റെ രണ്ടു മണിഗോപുരങ്ങള്‍ക്കും പ്രധാന കെട്ടിടത്തിനും വലിയ കേടുപാടില്ല. കത്തീഡ്രലിലുണ്ടായിരുന്ന അമൂല്യ കലാവസ്തുക്കളും തിരുശേഷിപ്പുകളും തീയില്‍ നിന്നു രക്ഷിച്ചു. ഇവ കത്തീഡ്രലില്‍നിന്നു പുറത്തെത്തിക്കാന്‍ പാരീസ് നിവാസികള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.
കലാവസ്തുക്കള്‍ ലുവ്‌റെ മ്യൂസിയത്തിലേക്കു മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു. 13,000 ഓക്ക് തടികള്‍ ഉപയോഗിച്ചു നിര്‍മിച്ച മേല്‍ക്കൂര കത്തിനശിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6.45നാണ് ആദ്യ അപായ മുന്നറിയിപ്പു ലഭിച്ചത്. ദിവ്യബലിക്കുശേഷം വിശ്വാസികള്‍ പുറത്തുപോയിക്കഴിഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രി മുഴുവന്‍ അധ്വാനിച്ചാണ് തീകെടുത്തിയത്.
https://www.facebook.com/Malayalivartha

























