വത്തിക്കാന്‍ സിറ്റി സമ്പത്തിന്റെയും വിജയങ്ങളുടെയും പിന്നാലെ പോകാതെ, വിശ്വാസികള്‍ ദൈവത്തിനുവേണ്ടി ജീവിക്കാന്‍ തയാറാകണമെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി സമ്പത്തിന്റെയും വിജയങ്ങളുടെയും പിന്നാലെ പോകാതെ, വിശ്വാസികള്‍ ദൈവത്തിനുവേണ്ടി ജീവിക്കാന്‍ തയാറാകണമെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവപുത്രന്‍ ലോകത്തിനു നല്‍കിയ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ഉയിര്‍പ്പ് ശുശ്രൂഷയില്‍ വിവിധരാജ്യങ്ങളില്‍ നിന്നെത്തിയ ഒരു ലക്ഷത്തിലേറെ വിശ്വാസികള്‍ പങ്കെടുത്തു.
യേശുദേവന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ചു ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. കേരളത്തിലെ ദേവാലയങ്ങളിലും ആഘോഷപൂര്‍വമായ പ്രാര്‍ഥനാശുശ്രൂഷകള്‍ നടന്നു. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു.
സിറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു ഉയിര്‍പ്പ് ശുശ്രൂഷകള്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രാര്‍ഥനകള്‍ക്കു നേതൃത്വം നല്‍കി. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം മുഖ്യകാര്‍മികനായി. നൂറു കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.
കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയില്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിച്ചു. കൊച്ചി സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു പ്രാര്‍ഥനാ ശുശ്രൂഷകള്‍.
എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന ദിവ്യബലി തിരുക്കര്‍മങ്ങള്‍ക്ക് എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ ബിഷപ് ജോസ് പുത്തന്‍വീട്ടില്‍ നേതൃത്വം നല്‍കി. ദോഹയിലെ മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ നടന്ന ശുശ്രുഷകള്‍ക്കു സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നേതൃത്വം നല്‍കി.
കോട്ടയം പഴയ സെമിനാരിയില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്കു തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മുഖ്യ കാര്‍മികനായി. കഞ്ഞിക്കുഴി അസപ്ഷന്‍ ചര്‍ച്ചില്‍ നടന്ന ചടങ്ങുകള്‍ക്കു സിഎസ്‌ഐ മധ്യകേരള മഹാഇടവക മോഡറേറ്റര്‍ തോമസ് കെ.ഉമ്മന്‍ മുഖ്യകാര്‍മികനായി.
https://www.facebook.com/Malayalivartha

























