ലോകമെമ്പാടും ഈസ്റ്റർ ആഘോഷിക്കുന്നതിനിടെ ശ്രീലങ്കയിലെ ഭീകരാക്രമണത്തില്‍ ഒരു മലയാളിയടക്കം 207 പേര്‍ കൊല്ലപ്പെട്ടു ; 500 ഓളം പേര്‍ക്ക് പരിക്കേറ്റു

ലോകത്തൊട്ടാകെ പുണ്യദിനമായ ഈസ്റ്റര്‍ ആഘോഷിക്കുന്നതിനിടെ ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും നാല് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണത്തില്‍ ഒരു മലയാളിയടക്കം 207 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനങ്ങളില്‍ 500 ഓളം പേര്‍ക്ക് പരിക്കേറ്റു.
കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗര്‍ സ്വദേശിയും മംഗളൂരുവില്‍ താമസക്കാരിയുമായ ഖാദര്‍ കുക്കാടിയുടെ ഭാര്യ പി.എസ് റസീനയാണ് കൊല്ലപ്പെട്ട മലയാളി. ദുബായില്‍ താമസിച്ചിരുന്ന ഇവര്‍ കൊളംബോയിലുള്ള ബന്ധുക്കളെ കാണാന്‍ എത്തിയതായിരുന്നു.
മരിച്ചവരില്‍ ഏറെയും അമേരിക്കന്‍, ബ്രിട്ടീഷ് പൗരന്മാരായ ക്രിസ്ത്യാനികളാണ്. ജപ്പാന്‍, നെതര്‍ലാന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, ടര്‍ക്കി പൗരന്മാരുംരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നിരവധി പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരും.
സ്‌ഫോടനങ്ങള്‍ നടന്ന നാല് ആഡംബര ഹോട്ടലുകളും ഒരു പള്ളിയും തലസ്ഥാനമായ കൊളംബോയിലാണ്. രണ്ടിടത്ത് ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൊത്തം എട്ട് സ്‌ഫോടനങ്ങളാണ് നടന്നത്. ദേവാലയങ്ങള്‍ക്ക് വലിയ നാശമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഒരു ഗ്രൂപ്പാണ് പിന്നിലെന്നും ഏഴു പേരെ അറസ്റ്റ് ചെയ്തതായും പ്രതിരോധ മന്ത്രി റെനില്‍ വിക്രമസിംഗെ പറഞ്ഞു. ഇവരുടെ വിശദവിവരങ്ങള്‍ അറിവായിട്ടില്ല.
തമിഴ്പ്പുലികള്‍ ഉള്‍പ്പെട്ട ആഭ്യന്തര കലാപത്തില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ട ശേഷം ശ്രീലങ്കയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. കൊളംബോയിലെ കൊച്ചിക്കാഡെ ജില്ല, ബട്ടിക്കലോവ, നെഗോംബോ എന്നിവിടങ്ങളിലെ പള്ളികളും ദ ഷാന്‍ഗ്രിലാ, കിംഗ്‌സ്ബറി, സിന്നമണ്‍ ഗ്രാന്‍ഡ് എന്നിവ ഉള്‍പ്പെടെ നാല് ഹോട്ടലുകളുമാണ് കുരുതിക്കളമായത്. സിന്നമണ്‍ ഹോട്ടല്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ ഔദ്യോഗിക വസതിക്ക് സമീപമാണ്.
ഈ ഹോട്ടലില്‍ പ്രഭാത ഭക്ഷണത്തിനുള്ള ബുഫേ ക്യൂവില്‍ പ്ലേറ്റുമായി കാത്തു നിന്ന ചാവേര്‍ ഭക്ഷണം വിളമ്പുമ്പോള്‍ പുറത്ത് കെട്ടി വച്ചിരുന്ന ബോംബ് പൊട്ടിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഭക്ഷണശാല കൊലക്കളമായി. തലേന്ന് രാത്രി മുഹമ്മദ് അസം മുഹമ്മദ് എന്ന പേരില്‍ ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നു.
നാഷണല്‍ തൗഹീത് എന്ന തീവ്രമുസ്ലീം ഗ്രൂപ്പ് ക്രിസ്ത്യന്‍ പള്ളികളിലും ഇന്ത്യന്‍ ഹൈക്കമ്മിഷനിലും ചാവേര്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ലങ്കയില്‍ ബുദ്ധപ്രതിമകള്‍ തകര്‍ത്തത് ഈ ഗ്രൂപ്പായിരുന്നു. ഇന്നലത്തെ ആക്രമണത്തിന് പിന്നില്‍ ഇവരാണോ എന്ന് വ്യക്തമല്ല. രാവിലെ 8.45 ന് കൊച്ചിക്കാടെ സെന്റ് ആന്റണീസ് ദേവാലയത്തിലായിരുന്നു ആദ്യ സ്ഫോടനം.
തുടര്‍ന്ന് നെഗമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ബാട്ടിക്കലോവയിലെ സിയോണ്‍ ചര്‍ച്ച്, സിനമോണ്‍ ഗ്രാന്‍ഡ് ഷാങ് റി ലാ, കിംഗ്‌സ്ബറി ഹോട്ടലുകളിലും സ്ഫോടനങ്ങളുണ്ടായി. മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ആറുസ്ഫോടനങ്ങളും നടന്നത്.
ഉച്ചയക്ക് ശേഷം കൊളംബോയ്ക്ക് സമീപമുള്ള ദേഹീവാല മൗണ്ട് ഹോട്ടലിലും കൊളംബോയ്ക്ക് വടക്ക് ഒരുഗോഡവട്ട എന്ന സ്ഥലത്തെ ഒരു പാര്‍പ്പിട സമുച്ചയത്തിലും സ്‌ഫോടനമുണ്ടായി. ഈ കെട്ടിടത്തിലേക്ക് ചാവേര്‍ കയറി പൊട്ടിത്തെറിക്കുകയായിരുന്നു. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ 50 പേരും സിയോണ്‍ പള്ളിയില്‍ 25 പേരും കൊല്ലപ്പെട്ടു. രാജ്യത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. എല്ലാ വിദ്യാലയങ്ങളും ബുധനാഴ്ച വരെ അടച്ചിടും. സോഷ്യല്‍മീഡിയ താത്കാലികമായി നിരോധിച്ചു.
https://www.facebook.com/Malayalivartha

























