അര്‍ജന്റീനിയന്‍ ഫുട്ബാള്‍ താരം എമിലിയാനോ സാലയ്ക്കു പിന്നാലെ പിതാവും ഓര്‍മ്മയായി

വിമാന അപകടത്തില്‍ കൊല്ലപ്പെട്ട അര്‍ജന്റീനിയന്‍ ഫുട്ബാള്‍ താരം എമിലിയാനോ സാലയുടെ പിതാവും ഓര്‍മയായി. മകന്‍ വേര്‍പിരിഞ്ഞ് മൂന്നു മാസങ്ങള്‍ക്കു ശേഷം ഹൃദയം തകര്‍ന്നാണ് സാലയുടെ പിതാവ് ഹൊറാഷ്യോ സാല (58) മരണപ്പെട്ടത്. അര്‍ജന്റീനിയന്‍ നഗരമായ പ്രോഗ്രസോയില്‍ താമസിച്ചുവന്ന ഹൊറാഷ്യോ ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.
ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറുടെ സേവനം തേടിയെങ്കിലും ചികിത്സ ലഭിക്കുമുമ്പ് മരണം സംഭവിച്ചു. മകന്റെ മരണത്തില്‍ ദുഖിതനായിരുന്നു ഹൊറാഷ്യോ. വിമാന അപകടം സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന ആവശ്യം ഹൊറാഷ്യോ പലവട്ടം ഉന്നയിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരി 21ന് ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രയ്ക്കിടെയാണ് സാല സഞ്ചരിച്ചിരുന്ന ചെറുവിമാനം അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപം തകര്‍ന്നുവീണത്.
സാലയും ബ്രിട്ടീഷ് പൈലറ്റ് ഡേവും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. പൈപ്പര്‍ പിഎ 46 മാലിബു എന്ന വിമാനത്തിലായിരുന്നു ഇരുവരും. കാര്‍ഡിഫ് സിറ്റി ക്ലബിനൊപ്പം ചേരനായിട്ടായിരുന്ന സാലയുടെ യാത്ര. ജനുവരി 21 രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയില്‍ ഉണ്ടായിരുന്നു. തെരച്ചില്‍ സംഘം ഫെബ്രുവരി മൂന്നിന് ഇംഗ്ലീഷ് ചാനല്‍ കടലിന്റെ അടിത്തട്ടില്‍ വിമാനത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബ്രിട്ടീഷ് എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ സംഘം സാലയുടേയും പൈലറ്റ് ഡേവിന്റേയും മൃതദേഹ അവശിഷ്ടങ്ങള്‍ ഫെബ്രുവരി ആറിന് കണ്ടെത്തി.
https://www.facebook.com/Malayalivartha

























