വാക്സിന് ആദ്യം സ്വന്തമാക്കി കുത്തകയാക്കാന്‍ സമ്പന്ന രാഷ്ട്രങ്ങള്‍ ശ്രമം തുടങ്ങി, നിര്‍ധന രാഷ്ട്രങ്ങള്‍ക്ക് വാക്സിന് വൈകിയേക്കുമെന്ന ആശങ്ക മൂലം W H O പ്രശ്നത്തില്‍ ഇടപെടുന്നു
പുതുതായി വികസിപ്പിക്കുന്ന കോവിഡ്-19 വാക്സിന് ആദ്യം സ്വന്തമാക്കി കുത്തകയാക്കാന്‍ സമ്പന്ന രാഷ്ട്രങ്ങള്‍ ശ്രമം തുടങ്ങി. ഇതോടെ നിര്‍ധന രാഷ്ട്രങ്ങള്‍ക്ക് വാക്സിന് വൈകിയേക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന പ്രശ്നത്തില്‍ ഇടപെട്ടു തുടങ്ങി.
ബ്രിട്ടനാണ് കരാറുകള്‍ ഉറപ്പിക്കുന്നതില്‍ മുന്നില്‍ ഉള്ളത്. ഏറ്റവുമൊടുവില്‍, ജിഎസ്കെ - സനോഫി കമ്പനികളുടെ സംയുക്ത വാക്സിന് പരീക്ഷണവുമായി ബന്ധപ്പെട്ട കരാറില്‍ ബ്രിട്ടന് ഒപ്പുവച്ചു. ഈ കമ്പനികള്‍ വാക്സിന് വികസിപ്പിച്ചാല്‍ ആദ്യത്തെ 6 കോടി ഡോസ് ബ്രിട്ടനു നല്‍കണം. ഇതുള്‍പ്പെടെ മുപ്പതോളം കമ്പനികളാണ് ബ്രിട്ടനു വേണ്ടി പരീക്ഷണം നടത്തുന്നത്.
വീറിലും വാശിയിലും വ്യാവസായിക വിപ്ലവത്തിനു സമാനമാണ് വാക്സിന് വിപ്ലവം എന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വാക്സിന് കമ്പനികളുടെ ഓഹരി മൂല്യവും ഇരട്ടിയിലേറെയായി. യുഎസ്, ചൈന, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളും വാക്സിന് പരീക്ഷണങ്ങളുമായി മുന്നേറുകയാണ്. യുഎസ് സര്‍ക്കാരുമായി 200 കോടി ഡോളറിന്റെ കരാറില്‍ ജര്‍മനി ഒപ്പുവച്ചിട്ടുണ്ട്. ലോകത്താകെ 177-ല്‍ ഏറെ വാക്സിനുകളാണു പരീക്ഷണത്തിലുള്ളത്.
സമ്പന്ന രാജ്യങ്ങള്‍ വാക്സിനുകളുടെ അവകാശം കയ്യടക്കുന്നത് അസമത്വമുണ്ടാക്കുമെന്ന ആശങ്കയിലാണ് ലോകാരോഗ്യ സംഘടന. ഏഷ്യ, തെക്കന്‍ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ധനശേഷി കുറഞ്ഞ രാജ്യങ്ങളെ ഇതു ബാധിച്ചേക്കാം. പ്രതിസന്ധി ഒഴിവാക്കാന്‍ കോവിഡ് വാക്സിന്‍സ് ഗ്ലോബല്‍ ആക്സസ് (കോവാക്സ്) എന്ന സന്തുലിത വിതരണ സംവിധാനത്തെക്കുറിച്ചുള്ള ആലോചനയിലാണു ലോകാരോഗ്യ സംഘടന.
അതേസമയം, ഭാരത് ബയോടെക് വികസിപ്പിക്കുന്ന വാക്സിനായ കോവാക്സിന് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചത് ഇന്ത്യയ്ക്കു പ്രതീക്ഷയേകുന്നു.
https://www.facebook.com/Malayalivartha