പച്ചക്കറി വിലയിൽ വൻ വർദ്ധനവ്...

ഓണക്കാലമായതിനാൽ പച്ചക്കറികൾക്കടക്കം വില വർദ്ധിച്ചു. മഴകാരണം ഉത്പാദനത്തിലുണ്ടായ കുറവാണ് കാരറ്റിന്റെ വില ഉയരാൻ കാരണം. ആവശ്യം കൂടിവരുമെന്നതിനാൽ ഓണം അടുക്കുന്തോറും പച്ചക്കറികൾക്ക് ഇനിയും വില കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്.
കാരറ്റ്, പയർ, ബീൻസ്, കക്കിരി, വെളുത്തുള്ളി, ചെറിയ ഉള്ളി, ചെറുനാരങ്ങ, ഇഞ്ചി തുടങ്ങിയവക്കാണ് വൻതോതിൽ വില ഉയർന്നത്. നേരത്തേ കിലോക്ക് 70 രൂപമുതൽ 80 രൂപ വരെയുണ്ടായിരുന്ന കാരറ്റിന് 120 രൂപയാണ് വില. 60 രൂപയുണ്ടായിരുന്ന പയറിന്റെ വില 90 രൂപയാണ്. ബീൻസിന്റെ വില 60 രൂപയിൽനിന്ന് 80 രൂപയുമായി. വെളുത്തുള്ളി കിലോക്ക് ഇപ്പോൾ 250 രൂപ വരെയാണ് വില. ദിവസങ്ങൾക്ക് മുമ്പുവരെ 180 രൂപയായിരുന്നു വില.
കിലോക്ക് 80 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില 100ന് മുകളിൽ ആയി. ഇഞ്ചിയുടെ വില 180 രൂപയിലുമെത്തി. കിലോക്ക് 60 രൂപയുണ്ടായിരുന്ന ചെറുനാരങ്ങയുടെ വില ഇപ്പോൾ 100 രൂപയായി. വെള്ളരി, കുമ്പളം, മത്തൻ എന്നിവയുടെ വില കിലോക്ക് 20 രൂപയിൽ വലിയ മാറ്റമില്ല. വെണ്ടയുടെ വില 60 രൂപയായി തുടരുന്നു.
മറ്റുള്ളവക്ക് വില കൂടുമ്പോഴും തക്കാളി, മുരിങ്ങക്കായ, പച്ചമുളക് എന്നിവക്ക് വില കുറഞ്ഞത് ആശ്വാസമായി. കിലോക്ക് 20 രൂപയാണ് തക്കാളിയുടെ വില. 80 രൂപക്ക് മുകളിലുണ്ടായ മുരിങ്ങക്കായയുടെ വില കഴിഞ്ഞ ദിവസം 60 രൂപയായി. കിലോയ്ക്ക് 80 രൂപയുണ്ടായിരുന്ന പച്ചമുളകിന്റെ വില കുറഞ്ഞ് 60 രൂപയായി.
https://www.facebook.com/Malayalivartha

























