യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച

യു.ജി.സി നെറ്റ് പരീക്ഷയില്‍ ദേശീയ പരീക്ഷാ ഏജന്‍സിയ്ക്ക് വീണ്ടും ഗുരുതര പിഴവ്. ഇതിനെ തുടര്‍ന്ന് മൂന്നുവിഷയങ്ങളില്‍ വീണ്ടും പരീക്ഷ നടത്താന്‍ എന്‍.ടി.എ തീരുമാനിച്ചു. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളിലാണ് പുനഃപരീക്ഷ നടത്തുന്നത്. സെപ്തംബര്‍ 9,10 തീയതികളിലാണ് പരീക്ഷ. സെപ്തംബര്‍ 9ന് രാവിലെ 9 മുതല്‍ 12 വരെയുള്ള ഒന്നാംഷിഫ്ടില്‍ ഇംഗ്ലീഷും ഉച്ചയ്ക്ക് ശേഷം 3 മുതല്‍ 6 വരെ കൊമേഴ്‌സ് പരീക്ഷയും നടത്തും. സോഷ്യോളജി പരീക്ഷ സെപ്തംബര്‍ 10ന് രാവിലെ 9 മുതല്‍ 12 വരെ നടക്കും. പരീക്ഷയെകുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.
പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവന്നതിന് പിന്നാലയാണ് ചോദ്യപേപ്പറുകളിലെ ഗുരുതരപിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ചോദ്യപേപ്പറുകളില്‍ വസ്തുതാപരമായ തെറ്റുകള്‍, ടൈപ്പിംഗ് പിഴവുകള്‍, പരിഭാഷയിലുണ്ടായ പ്രശ്‌നങ്ങള്‍ എന്നിവ വ്യാപകമായിരുന്നു. ചോദ്യങ്ങളുടെ വാചക ഘടനയിലും വ്യാകരണത്തിലും തെറ്റുകള്‍ കണ്ടെത്തി. മുന്‍ വര്‍ഷങ്ങളിലെ നിരവധി ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ പ്രത്യേക ആഭ്യന്തര സമിതിയെ നിയോഗിച്ചു. സമിതിയുടെ പരിശോധനയില്‍ പരാതികള്‍ ശരിയാണെന്ന് കണ്ടെത്തുകയും പുനഃപരീക്ഷയ്ക്ക് ശുപാര്‍ശ ചെയ്യുകയുമായിരുന്നു.
https://www.facebook.com/Malayalivartha























