അമ്മയുടെ മൃതദേഹത്തിനടിയില്‍ സുരക്ഷിതനായി അഞ്ചുവയസുകാരന്‍

അമ്മ എന്ന വാക്കിന് ഇതില്‍ കൂടുതല്‍ അര്‍ഥം നല്‍കാന്‍ സാധിക്കില്ല. പാരീസ് ഭീകരാക്രമണത്തില്‍ ഭീകരര്‍ വര്‍ഷിച്ച തീയുണ്ടകള്‍ ശരീരത്തില്‍ ഏറ്റുവാങ്ങുമ്പോഴും മകനെ രക്ഷിക്കാന്‍ സാധിക്കണേയെന്ന പ്രാര്‍ത്ഥനയിലായിരുന്നിരിക്കാം ആ അമ്മ. ഒടുവില്‍ അമ്മയുടെ പ്രാര്‍ത്ഥന ദൈവം കെട്ടതുപോലെ രക്തത്തില്‍ കുളിച്ച മൃതശരീരത്തിനടിയില്‍നിന്നു അഞ്ചു വയസുള്ള കുഞ്ഞിനെ കണ്ടെത്തുമ്പോള്‍ ചെറിയ ചില പരിക്കുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അവന്‍ സുരക്ഷിതനായിരുന്നു.
പാരീസില്‍ ബറ്റാക്ലന്‍ തിയറ്ററില്‍ \'ഈഗിള്‍സ് ഓഫ് ഡെത്ത് മെറ്റലി\'ന്റെ സംഗീത പരിപാടി കാണാനെത്തിയതായിരുന്നു 35 കാരിയായ എല്‍സ ഡെല്‍പ്ലേസും അഞ്ചു വയസുള്ള മകന്‍ ലൂയിസും. ലൂയിസിന്റെ മുത്തശ്ശി പട്രീഷ്യ സാന്‍ മാര്‍ട്ടിനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഭീകരര്‍ നടത്തിയ വെടിവയ്പില്‍ എല്‍സയും പെട്രീഷ്യയും കൊല്ലപ്പെട്ടു.
നിലത്തുവീണ എല്‍സയുടെ ശരീരത്തിനടിയില്‍ സുരക്ഷിതനായി രക്ഷാപ്രവര്‍ത്തകര്‍ അഞ്ചുവയസുകാരന്‍ ലൂയിസിനെ കണ്ടെത്തി. ഭീകരരുടെ വെടിയുണ്ടകളില്‍നിന്നു സ്വന്തം ശരീരത്തിനുപിന്നില്‍ അമ്മ കുഞ്ഞിനെ മറച്ചുപിടിക്കുകയായിരുന്നെന്നു വ്യക്തം.
അവളുടെയും മുത്തശ്ശിയുടെയും മൃതദേഹങ്ങള്‍ ആശുപത്രിയിലുണ്ട്. ലൂയിസാകട്ടെ അമ്മയുടെ രക്തത്തില്‍ കുളിച്ച് വിന്‍സെനസ് ആശുപത്രിയിലും. അമ്മ എന്ന വാക്കിന് എല്‍സ ശരിയാ അര്‍ഥം നല്‍കി-എല്‍സയ്ക്കും മുത്തശ്ശിക്കും ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് എല്‍സയുടെ സുഹൃത്ത് സിഹെം സൂയിദ് ലേ പോയിന്റ് മാഗസിനില്‍ കുറിച്ചു.
ബറ്റാക്ലണ്‍ തിയറ്ററില്‍ ഭീകരന്‍ നടത്തിയ വെടിവയ്പില്‍ 89 പേരാണു കൊല്ലപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha