മാലി ഹോട്ടലിലെ ഭീകരാക്രമണം: 27 മരണം,170 ബന്ദികളെ മോചിപ്പിച്ചു

ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ തലസ്ഥാനമായ ബമാകോയിലെ പഞ്ചനക്ഷത്ര റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ പന്ത്രണ്ടംഗ ഭീകര സംഘം നടത്തിയ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക വിവരം. ഇരുപത്തിയേഴ് മൃതദേഹങ്ങള്‍ കണ്ടതായാണ് യു. എന്‍ വൃത്തങ്ങള്‍ അറിയിച്ചത്. മരിച്ചവരില്‍ ബല്‍ജിയന്‍ നയതന്ത്ര പ്രതിനിധിയും രണ്ട് മാലി സ്വദേശികളും ഉള്‍പ്പെടുന്നു.
170 പേരെ ഭീകരര്‍ ബന്ദികളാക്കിയതില്‍ ഇരുപത് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിരുന്നു. അമേരിക്കയുടെയും ഫ്രാന്‍സിന്റെയും പ്രത്യേക ദൗത്യ സേന ഹോട്ടലില്‍ ഇരച്ചു കയറി ബന്ദികളെ മോചിപ്പിച്ചു. ഭീകരരുമായി മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് ബന്ദികളെ മോചിപ്പിച്ചത്. മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. മറ്റ് ഭീകരര്‍ ഹോട്ടലിന്റെ ടെറസിലേക്ക് നീങ്ങിയിട്ടുണ്ട്.
ദുബായ് ആസ്ഥാനമായ ഒരു കമ്പനിയിലെ ജീവനക്കാരായ ഇന്ത്യക്കാര്‍ സ്ഥിരമായി ഈ ഹോട്ടലിലാണ് താമസിക്കുമായിരുന്നത്. അവരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചതായി ഇന്ത്യന്‍ വിദേശമന്ത്രാലയം അറിയിച്ചു. എയര്‍ ഫ്രാന്‍സിന്റെ 12 ജീവനക്കാര്‍ ഉള്‍പ്പെടെ മൊത്തം എണ്‍പത് ബന്ദികളെ ഭീകരര്‍ നേരത്തേ മോചിപ്പിച്ചിരുന്നു.
ബന്ദികളില്‍ 140 പേര്‍ ഹോട്ടലിലെ അതിഥികളും 30 പേര്‍ ഹോട്ടല്‍ ജീവനക്കാരുമാണ്. നിരവധി ചൈനാക്കാരും ഫ്രഞ്ച്കാരും ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ആറ് ജീവനക്കാരും ബന്ദികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. പരിശുദ്ധ ഖുറാന്‍ ചൊല്ലാന്‍ ബന്ദികളില്‍ ഓരോരുത്തരോടും ഭീകരര്‍ ആവശ്യപ്പെട്ടു. ചൊല്ലാന്‍ അറിയാവുന്ന മുസ്ലീങ്ങളായ ഏതാനും പേരെ ആദ്യമേ മോചിപ്പിച്ചിരുന്നു.
190 മുറികളുള്ള ഹോട്ടലിന്റെ ഏഴാം നിലയിലാണ് ഭീകരര്‍ ആളുകളെ ബന്ദികളാക്കിയത്. അവിടെ ഇടനാഴിയില്‍ യന്ത്ര ത്തോക്കുകളുടെ വെടിയൊച്ചയും സ്‌ഫോടനങ്ങളും കേട്ടതായി സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. ഇന്നലെ രാവിലെ ഏഴ് മണിയോടെ നയതന്ത്ര പ്രതിനിധികളുടെ നമ്പര്‍പ്ലേറ്റുള്ള കാറിലാണ് ഭീകരര്‍ ഹോട്ടലില്‍ എത്തിയത്. ഗാര്‍ഡുകള്‍ക്ക് നേരെ വെടിവയ്ക്കുകയും ഗ്രനേഡുകള്‍ വലിച്ചെറിയുകയും ചെയ്ത ഭീകരര്‍ ഹോട്ടലിനകത്തേക്ക് ഇരച്ചു കയറുകയായിരുന്നു. അല്ലാഹു അക്ബര്‍ എന്ന് വിളിച്ചുകൊണ്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
പാരീസില്‍ ഐസിസ് ഭീകരര്‍ 129 പേരെ കൂട്ടക്കൊല ചെയ്തതിന്റെ ഞെട്ടലില്‍ നിന്ന് ലോകം മുക്തമാകും മുന്‍പാണ് മാലിയിലും ഭീകരര്‍ ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ ബമാകോയിലെ തെരുവുകളിലൂടെ പ്രാണരക്ഷാര്‍ത്ഥം പരക്കം പാഞ്ഞു.
വടക്കന്‍ മാലിയിലെ അല്‍ ക്വ ഇദ ബന്ധമുള്ള മുറാബിറ്റൂണ്‍ ഭീകര ഗ്രൂപ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അല്‍ ക്വ ഇദ ഭീകരര്‍ മുന്‍പ് ബമാകോയില്‍ ആക്രമണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ മദ്ധ്യ മാലിയിലെ സെവാരെ പട്ടണത്തിലെ ഒരു ഹോട്ടലില്‍ അല്‍ക്വ ഇദ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് ഭടന്മാരും അഞ്ച് യു. എന്‍ ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലില്‍ നാല് ഭീകരരും കൊല്ലപ്പെട്ടിരുന്നു.
മുന്‍ ഫ്രഞ്ച് കോളനിയായ മാലിയില്‍ നിരവധി ഭീകര ഗ്രൂപ്പുകള്‍ സജീവമാണ്. വടക്കന്‍ മാലിയിലെ സഹേല്‍ മേഖല ഭീകരരുടെ കേന്ദ്രമാണ്. മാലി സൈന്യത്തിനൊപ്പം ഫ്രഞ്ച് സൈന്യവും ഭീകര വിരുദ്ധ ഓപ്പറേഷനില്‍ പങ്കെടുക്കുന്നുണ്ട്. 1960-ല്‍ മാലി ഫ്രാന്‍സില്‍ നിന്ന് സ്വതന്ത്രമായതു മുതല്‍ ഗവണ്‍മെന്റ് വിരുദ്ധ ഭീകര ഗ്രൂപ്പുകള്‍ വളര്‍ന്നു വന്നിട്ടുണ്ട്. വടക്കന്‍ മേഖലയിലെ തുവാരെഗ് ഭീകരരെ സേന അടിച്ചമര്‍ത്തിയെങ്കിലും അത് പിന്നീട് പല രൂപത്തില്‍ അവതരിച്ചിട്ടുണ്ട്.
വടക്കന്‍ മാലിയില്‍ മുന്‍ തുവാരെഗ് ഭീകരരും ഗവണ്‍മെന്റ് അനുകൂല സായുധ ഗ്രൂപ്പും തമ്മില്‍ സമാധാന കരാറുണ്ടാക്കിയെങ്കിലും ആക്രമണത്തിന് കുറവൊന്നുമുണ്ടായിട്ടില്ല. 2012 മാര്‍ച്ച് ഏപ്രിലില്‍ അല്‍ ക്വ ഇദ ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകള്‍ വടക്കന്‍ മാലിയുടെ നിയന്ത്രണം പിടിച്ചെടുത്തിരുന്നു. 2013 ജനുവരിയില്‍ ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള സൈനിക ഓപ്പറേഷനിലൂടെയാണ് ഭീകരരെ പുറത്താക്കിയത്. അന്ന് തുടങ്ങിയ സൈനിക നടപടി ഇതുവരെ അവസാനിച്ചിട്ടില്ല. വടക്കന്‍ മാലിയിലെ നിരവധി കേന്ദ്രങ്ങള്‍ ഇപ്പോഴും ഭീകര ഗ്രൂപ്പുകളുടെ അധീനതയിലാണ്. ഗവണ്‍മെന്റിന് ആ മേഖലകളില്‍ യാതൊരു നിയന്ത്രണവും ഇല്ല. ഭീകരരുടെ സ്വാധീനം ഇക്കൊല്ലം തെക്കന്‍ മേഖലയിലേക്കും വ്യാപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha