ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ \'ആര്‍ത്തവ സ്‌കാനര്‍\' പരാമര്‍ശത്തിനെതിരായ വിമര്‍ശനം ചൂടുപിടിക്കുന്നു. വൈറലായത് പഞ്ചാബ് സ്വദേശിയായ 20കാരിയുടെ തുറന്നകത്ത്, \'ഹാപ്പി ടു ബ്ലീഡ്\' ഹാഷ് ടാഗ് പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിനാകുന്നു

വരുന്നു പുതിയ പ്രതിഷേധം.. നിയമങ്ങള്‍ വ്യക്തികളോട് വിവേചനം കാണിച്ചാല്‍ അതിനെതിരെ പ്രതിഷേധിക്കാന്‍ പണ്ട് മാര്‍ഗ്ഗങ്ങള്‍ വളരെ കുറവായിരുന്നു. ഇന്നതല്ല സ്ഥിതി. ഭരണകൂടങ്ങളെ വരെ മറിച്ചിടാന്‍ ശക്തമാണ് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍. പല രൂപത്തിലും ഭാവത്തിലും അത് പുറത്തുവന്നുകഴിഞ്ഞു. അതെപ്പോഴും വ്യത്യസ്തമായ സമരരൂപങ്ങളും രീതികളുമാണ് പിന്തുടരുന്നത്.
മണ്ഡലകാലം ആരംഭിച്ചതോടെ യുവതികളായ സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശന വിഷയമാണ് ചര്‍ച്ചയായത്. എന്നാല്‍, ഇതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
അശുദ്ധി പരിശോധിക്കാന്‍ മെഷീന്‍ സ്ഥാപിക്കുന്ന കാലത്ത് സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യം ആലോചിക്കാം എന്ന ഗോപാലകൃഷ്ണന്റെ പ്രസ്താവന ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയാ കാലമായതു കൊണ്ട് തന്നെ അതിവേഗം ഇത് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയിലും ഇടം പിടിച്ചു. ഇതോടെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. ആര്‍ത്തവവുമായി ബന്ധപ്പെട്ട മാമൂലുകളെ ഭേദിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഹാപ്പി ടു ബ്ലീഡ് എന്ന പേരില്‍ ഹാഷ് ടാഗ് കാമ്പയിന്‍ നടത്തിയാണ് സോഷ്യല്‍ മീഡിയ രംഗം കൊഴുപ്പിക്കുന്നത്. സ്ത്രീ കൂട്ടായ്മ എന്ന നിലയിലാണ് സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം തകര്‍ക്കുന്നത്.
ശബരിമല ദേവസ്വത്തിന് തുറന്ന കത്ത് എന്ന പേരില്‍ നികിത ആസാദ് എഴുതിയ ലേഖനം ഓണ്‍ൈലന്‍ ചര്‍ച്ചാ വേദികളിലൊന്നായ യൂത് കി ആവാസില്‍ വന്നതോടെയാണ് ഹാപ്പി ടു ബ്ലീഡിനും തുടക്കമാകുന്നത്. പഞ്ചാബ് സ്വദേശിനിയായ നികിതയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ അതിവേഗമാണ് വൈറലവായത്. യൂത്ത് കി ആവാസിലാണ് നികിതയുടെ തുറന്ന കത്ത് ആദ്യം പ്രസിദ്ധീകരിച്ചത്. ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെ ഫേസ്ബുക്കിലെ സ്ത്രീവാദ ഗ്രൂപ്പുകളില്‍ ഇത് വലിയ ചര്‍ച്ചയാകുകായിരുന്നു.
പ്രയാര്‍ ഗോപാലകൃഷ്ണനെ അഡ്രസ് ചെയ്തുകൊണ്ടായിരുന്നു നികിതയുടെ കത്ത്. ഞാന്‍ 20 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് താന്നെനം ഭൂമിയിലുള്ള മറ്റ് ഏതൊരു മനുഷ്യനെയും പോലെ എനിക്കും കണ്ണും, മൂക്കും, കാതുകളും, ചുണ്ടുകളും, കാലുകളുമൊക്കെയുണ്ട്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ മുലകളും, ഇടുപ്പും, ആര്‍ത്തവരക്തം വരുന്ന യോനിയും എനിക്കുണ്ടായി പോയെന്നും കത്തില്‍ നികിത ചൂണ്ടിക്കാട്ടുന്നു.
തുടര്‍ന്ന് ചില ചോദ്യങ്ങളും നികിത ഉന്നയിക്കുന്നു. ഒരു സ്ത്രീയും പുരുഷനും തമ്മില്‍ നടത്തുന്ന ലൈംഗിക വേഴ്ച്ചയുടെ ഫലമായിട്ടുണ്ടാകുന്ന ഉത്പന്നമാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന എല്ലാ പുരുഷന്മാരും. ഒമ്പതു മാസം കുട്ടിയെ അവളുടെ ഗര്‍ഭപാത്രത്തില്‍ സൂക്ഷിച്ച്, ഗര്‍ഭാശയത്തിലൂടെ ആവശ്യമായ പോഷകങ്ങള്‍ നല്‍കി പിന്നീട് യോനിയിലൂടെ പ്രസവിക്കുന്നു. അമ്മയുടെ ഗര്‍ഭാശയത്തില്‍ ഉണ്ടായ രക്തത്തിന്റെ ഉത്പന്നമല്ലേ ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന എല്ലാ പുരുഷന്മാരും?
കഴിഞ്ഞയിടയ്ക്കാണ് എനിക്ക് മനസ്സിലായത് എന്റെ ആര്‍ത്തവ രക്തം ശബരിമലയെ അശുദ്ധിയാക്കുമെന്ന്, ആര്‍ത്തവമുള്ള ഒരു സ്ത്രീ ആയതിനാല്‍ എന്നെ അങ്ങോട്ട് പ്രവേശിപ്പിക്കില്ലെന്ന്. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ നിങ്ങള്‍ പറഞ്ഞു, \' വര്‍ഷത്തിലുടനീളം എല്ലാ സ്ത്രീകളെയും ക്ഷേത്രത്തില്‍നിന്ന് അകറ്റി നിര്‍ത്തണമെന്ന് ആളുകള്‍ ആവശ്യപ്പെടുന്ന സമയം വരും. ആളുകളുടെ ശരീരം സ്‌കാന്‍ ചെയ്യാനും ആയുധങ്ങളുണ്ടോ എന്ന് പരിശോധിക്കാനും ഇപ്പോള്‍ മെഷീനുകളുണ്ട്. സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കുന്ന അവസ്ഥയിലാണോ എന്ന് പരിശോധിക്കുന്ന മെഷീന്‍ നിര്‍മ്മിക്കുന്ന ഒരു ദിനം വരും. ആ മെഷീന്‍ നിര്‍മ്മിക്കുമ്പോള്‍, നമുക്ക് സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാം\'. നിങ്ങളുടെ പ്രസ്താവനയില്‍ എനിക്ക് രോഷമില്ല, മറിച്ച് സങ്കടമാണുള്ളതെന്നും നികിത വ്യക്തമാക്കുന്നു.
ഞാന്‍ ഹൈന്ദവ കുടുംബത്തില്‍ നിന്നാണ് വരുന്നത്. എന്റെ അമ്മ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്, \'ആ സമയത്ത്\' പെണ്‍കുട്ടികള്‍ ക്ഷേത്രങ്ങളില്‍ പോകാറില്ലാ എന്ന്. എന്നാല്‍, ഈ വിശ്വാസത്തെ ഏതോ മണ്ടത്തരം എന്ന നിലയില്‍ ഞാന്‍ അവഗണിക്കുകയായിരുന്നു ഇതുവരെ. ഞാന്‍ കരുതിയിരുന്നത് ഏതോ ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസമാണിതെന്നാണ്. എന്നാല്‍, ഇന്ത്യയിലെ തന്നെ ചരിത്രപരമായി പ്രാധാന്യമുള്ള ഒരു ക്ഷേത്രത്തില്‍, ആര്‍ത്തവം പാപമാണെന്ന് കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി നികിത കത്തില്‍ കുറിക്കുന്നു.
സാനിട്ടറി നാപ്കിന്‍ വാങ്ങുന്നതിനായി ഞാന്‍ സെയില്‍സ് ഗേള്‍സുള്ള കടകള്‍ തെരഞ്ഞ് നടക്കും. നമ്മുടെ സമൂഹത്തിന്റെ വിശുദ്ധമായ സംസ്‌കാരം കാത്തുസൂക്ഷിക്കുന്നതിനാണ് ഞാന്‍ ഇങ്ങനെ ചെയ്യുന്നത്. ഞാന്‍ ഒരിക്കലും നിങ്ങളെ വേദനിപ്പിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്ന, ഓരോ സെക്കന്‍ഡിലും സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ഒരു \'ജനാധിപത്യ രാജ്യത്താണ്\' നമ്മള്‍ ജീവിക്കുന്നത്. നിങ്ങളുടെ അഭിപ്രായത്തില്‍, ഒരു പക്ഷെ ഇതിനെല്ലാം കാരണം രക്തമായിരിക്കാം. ക്ഷേത്രത്തിന്റെ വിശുദ്ധി കാക്കാന്‍ ഉപായം കണ്ടെത്തിയ നിങ്ങള്‍, ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്ത്രീകളെ വീട്ടിനുള്ളില്‍ ഇരുമ്പുകുടുണ്ടാക്കി അതില്‍ അടയ്ക്കണമെന്ന് പറയുമോ? തീര്‍ച്ചയായും നിങ്ങള്‍ പറയും. ഡല്‍ഹിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ബലാത്കാരികളെ സഹോദരാ എന്ന് വിളിച്ചിരുന്നെങ്കില്‍ അവര്‍ അവളെ വെറുതെ വിടുമായിരുന്നു എന്ന് പറഞ്ഞ നിങ്ങളുടെ സുഹൃത്ത് ആസാറാം ബാപ്പുവിനെ നിങ്ങള്‍ മിസ് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു.
അതുപോലെ തന്നെ, നിങ്ങള്‍ തീരുമാനിച്ചു ഞാന്‍ എന്റെ അശുദ്ധമായ രക്തം കൊണ്ട് ക്ഷേത്രത്തിലേക്ക് വരേണ്ടെന്ന്. പക്ഷ, ഏത് ദൈവമാണ് എന്റെ രക്തം കൊണ്ട് ഞാന്‍ എന്തു ചെയ്യണമെന്ന് നിശ്ചയിക്കാനുള്ള അധികാരം മറ്റൊരാള്‍ക്ക് കൊടുത്തിട്ടുള്ളത്?
ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് എനിക്ക് ഒരു താല്‍പര്യവുമില്ല. സ്വന്തം മക്കളെ അശുദ്ധരെന്ന് എണ്ണുന്ന ദൈവത്തെ വിശ്വസിക്കാന്‍ ഞാന്‍ വിസമ്മതിക്കുന്നു. പക്ഷെ, ഞാന്‍ നിങ്ങളോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു, ഏത് ദൈവത്തിന്റെ അനുവാദത്തോടെയാണ് എന്റെ അശുദ്ധി പരിശോധിക്കണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുന്നത്. ക്ഷേത്രത്തിലെ മൂര്‍ത്തിക്ക് വിവാഹം ചെയ്ത് നല്‍കി, സമൂഹത്തിലെ ഉന്നതകുല ജാതര്‍ക്ക് വെപ്പാട്ടിയായി തീരുന്ന ദേവദാസി സമ്പ്രദായത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങേയറ്റം ജാതീയവും, മനഷ്യത്വരഹിതവും, പുരുഷാധിപത്വപരവുമായ ഈ ആചാരത്തെ വലിയ ബുദ്ധിമുട്ടിയാണ് നമ്മള്‍ ഒഴിവാക്കിയത്. അശുദ്ധി പരിശോധിക്കാന്‍ മെഷീന്‍ സ്ഥാപിക്കുന്നതിലൂടെ ഇത്തരത്തിലൊരു സമ്പ്രദായമാണ് നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്.
അവസാനത്തെ ചോദ്യം. ആര്‍ത്തവത്തെ അശുദ്ധം എന്ന് ടാഗ് ചെയ്ത് നിങ്ങള്‍ ആകമാന സ്ത്രീ സമൂഹത്തെ അപമാനിച്ചിരിക്കുകയാണ്. അതേസമയം, എന്റെ സഹോദരങ്ങളും, സഹോദരിമാരും നിര്‍മ്മിച്ച ഒരു ക്ഷേത്രം നിങ്ങളുടെ പൂര്‍വീകരുടെ സ്വത്തെന്ന തരത്തില്‍ നിങ്ങള്‍ വാദിക്കുകയും ചെയ്യുന്നു. എന്ത് അധികാരത്തിലാണ് ശബരിമല ക്ഷേത്രത്തെ, നിങ്ങളുടെ ക്ഷേത്രം എന്ന് വിളിക്കുന്നത്? എന്ത് അധികാരത്തിലാണ് എനിക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലെന്ന് നിങ്ങള്‍ തീരുമാനിച്ചത്?
അവസാമായി, നിങ്ങളോട് എനിക്ക് നന്ദി പറയണമെന്ന് ആഗ്രഹമുണ്ട്. സ്വാതന്ത്ര്യമെന്ന ഉട്ടോപ്യന്‍ ലിബറല്‍ ചിന്താഗതിയില്‍നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകള്‍ക്ക് നല്‍കുകയും സമൂഹത്തില്‍ അവരുടെ സ്ഥാനമെന്തെന്ന് വീണ്ടും ചിന്തിക്കുവാന്‍ അവസരം നല്‍കുകയും ചെയ്ത നിങ്ങളോട് നന്ദി പറയുന്നു. നിങ്ങളുടെ പ്രസ്താവന അശുദ്ധി അളക്കാനുള്ള മെഷീന്‍ സ്ഥാപിക്കില്ല, പകരം ഇത്തരം പിന്തിരിപ്പന്‍ കാടത്ത നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുമെന്ന് ആവര്‍ത്തിച്ചാണ് നികിതയുടെ കത്ത് അവസാനിക്കുന്നത്.
അതേസമയം നികിതയുടെ കത്ത് വൈറലായതോടെ വ്യത്യസ്തമായ നിരവധി അഭിപ്രായങ്ങലാണ് ഫേസ്ബുക്കില്‍ നിറഫയുന്നത്. പ്യൂരിറ്റി മെഷീന്‍ സ്ഥാപിക്കൂ. വര്‍ഷത്തില്‍ 334 ദിവസവും മദ്യപിച്ചിട്ട് ഒരു മാസം ഉപവാസമെടുത്ത് വരുന്ന പുരുഷന്മാരുടെ രക്തത്തേക്കാള്‍ പരിശുദ്ധി സ്ത്രീകളുടെ രക്തത്തിനുണ്ടാവുമെന്ന് ചില പുരുഷന്മാര്‍ തന്നെ പറയുമ്പോള്‍ ഇതേ ആര്‍ത്തവം ഉള്ളതുകൊണ്ടാണ് നിങ്ങള്‍ ഓരോ പുരുഷനും പിറന്നതും ജീവിക്കുന്നതും എന്ന് മറ്റ് ചിലര്‍ പറയുന്നു. എന്തായാലും വാദപ്രതിവാദങ്ങളാല്‍ പേജ് നിറയുകയാണ്. യുവാക്കള്‍ അടക്കമുള്ളവരാണ് കൂടുതലായും ഈ വാദത്തെ അനുകൂലിക്കുന്നത്.ജനങ്ങളുടെ മനസ്ഥിതിയും പുരുഷന്റെ ആര്‍ത്തവ കാഴ്ച്ചപ്പാടുകളും മാറണം എന്നാവശ്യപ്പെട്ട് വന്‍ ക്യാമ്പയിനാണ് അണിയറയില്‍ ഒരുങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha