പാകിസ്താന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായുള്ള പ്രദര്‍ശന മത്സരത്തിനിടെ സ്റ്റേഡിയത്തിന് അടുത്ത് സ്‌ഫോടനം; താരങ്ങളെ ഡ്രസിങ് റൂമിലേക്ക് മാറ്റി

പാകിസ്ഥാനില്‍ വീണ്ടും സ്‌ഫോടനം. പാകിസ്താന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായുള്ള പ്രദര്‍ശന മത്സരത്തിനിടെ സ്റ്റേഡിയത്തിന് ഏതാനും കിലോമീറ്ററുകള്‍ അകലെ ക്വെറ്റയില്‍ സ്‌ഫോടനം ഉണ്ടായതോടെ മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും താരങ്ങളെ ഡ്രസ്സിങ് റൂമിലേക്ക് മാറ്റുകയും ചെയ്തു.
നവാബ് അക്തര്‍ ഭക്തി സ്റ്റേഡിയത്തിലാണ് ഫെബ്രുവരി 13ന് ആരംഭിക്കുന്ന പി.എസ്.എല്ലിന്റെ ഭാഗമായി മുന്‍ താരങ്ങള്‍ അടക്കം അണിനിരന്ന പ്രദര്‍ശന മത്സരം അരങ്ങേറിയത്. സ്‌ഫോടനത്തിന് പിന്നാലെ മുന്‍കരുതലായാണ് കളി നിര്‍ത്തിവെച്ചതെന്നും അനുമതി ലഭിച്ചതോടെയാണ് മത്സരം പുനരാരംഭിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കൂടുതല്‍ പേര്‍ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറിയതിനാലാണ് കളി നിര്‍ത്തിവെച്ചതെന്നും അഭ്യൂഹമുണ്ട്.
മത്സരം കാണാന്‍ ഗാലറി നിറയെ കാണികളുണ്ടായിരുന്നു. പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം, മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി തുടങ്ങി പ്രമുഖ താരങ്ങള്‍ മത്സരത്തിനെത്തിയിരുന്നു. സര്‍ഫറാസ് അഹ്‌മദ് നയിച്ച ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സും ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പെഷാവര്‍ സല്‍മിയും തമ്മിലായിരുന്നു മത്സരം. സുരക്ഷ പ്രശ്‌നങ്ങള്‍ കാരണം ക്വെറ്റ ഏതാനും വര്‍ഷങ്ങളായി കായിക മത്സരങ്ങള്‍ക്കൊന്നും വേദിയായിരുന്നില്ല. ഞായറാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. തെഹ്‌രീകെ താലിബാന്‍ പാകിസ്താന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റിട്ടുണ്ട്. കഴിഞ്ഞയാഴ്ച പെഷാവറിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha