അന്ന് ഒരു നേരത്തെ അന്നത്തിനു കൈനീട്ടി; എന്നാല്‍ ഇന്ന്... ദൈവം എല്ലാം നല്കി

അബ്ദുള്‍ ഹലിം അല്‍ അത്തറിനെ ആരും എളുപ്പത്തില്‍ മറക്കില്ല കുറച്ചു മാസങ്ങള്‍ക്കു മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞ, മകളെ തോളിലേന്തി പേന വില്ക്കുന്ന ഒരു അച്ഛന്‍. അന്ന് ഒരു നേരത്തെ അന്നത്തിനായി പേന വിറ്റു നടന്ന ആ 33കാരന്‍ ഇന്ന് മൂന്നു ബിസിനസ് സ്ഥാപനങ്ങള്‍ക്കുടമയാണ്. എല്ലാം നന്മനിറഞ്ഞ ആളുകളുടെ സ്‌നേഹവും സഹായവുംകൊണ്ട്. അന്ന് വൈറലായ ആ ചിത്രം കണ്ടവര്‍ സമാഹരിച്ചു നല്കിയത് 1,91,000 ഡോളറാണ് (ഒന്നേകാല്‍ കോടിയിലധികം ഇന്ത്യന്‍ രൂപ).
സൈബര്‍ ലോകം ശേഖരിച്ചു നല്കിയ തുകകൊണ്ട് രണ്ടു ബേക്കറികളും ഒരു ചെറു റസ്റ്ററന്റും ഹലിം തുടങ്ങി. അദ്ദേഹത്തിന്റെ ജീവനക്കാരാവട്ടെ 16 സിറിയന്‍ അഭയാര്‍ഥികളും.
ഹലിമിന്റെ അവസ്ഥ പുറംലോകമറിഞ്ഞത് നോര്‍വെ സ്വദേശിയായ ഓണ്‍ലൈന്‍ ജേര്‍ണലിസ്റ്റ് ഗിസര്‍ സിമണര്‍സണ്‍ വഴിയാണ്. ട്വിറ്ററില്‍ അദ്ദേഹം തുടങ്ങിയ അക്കൗണ്ട് വഴി 5,000 ഡോളറാണ് ആദ്യദിനംതന്നെ സമാഹരിച്ചത്. മൂന്നു മാസത്തിനുശേഷം കാമ്പയിന്‍ അവസാനിക്കുമ്പോള്‍ അക്കൗണ്ടില്‍ 1,88,685 ഡോളറുണ്ടായിരുന്നു. പിന്നീട് 2,324 ഡോളറും ഹലിമിനെ തേടിയെത്തി.
ഇത് എനിക്കും എന്റെ മക്കള്‍ക്കുംവേണ്ടി മാത്രമല്ല എനിക്ക് കഴിയുന്നപോലെ സിറിയയില്‍നിന്നുള്ള എന്റെ സഹോദരങ്ങളെയും സഹായിക്കാനുള്ളതാണെന്ന് ഹലിം പറയുന്നു. 25,000 ഡോളര്‍ സിറിയയിലെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്കി.
കുടുംബത്തോടൊപ്പം ലബനനിലെ ബെയ്‌റൂട്ടിലാണ് ഹലിം ഇപ്പോള്‍ താമസിക്കുന്നത്. ഫുഡ് ബിസിനസ് തുടങ്ങിയതോടെയാണ് ബെയ്‌റൂട്ടിലെ ഒറ്റമുറി വീട്ടില്‍നിന്ന് അത്യാവശ്യം സൗകര്യങ്ങളുള്ള വീട്ടിലേക്ക് ഹലിം മക്കളോടൊപ്പം മാറിയത്. പൂര്‍ണമായും പണിതീരാത്ത വീടാണെങ്കിലും നാലു വയസുകാരി റീം കളിച്ചുചിരിച്ചു നടക്കുന്നു. റീമിനെ ഓര്‍മയില്ലേ...? അന്ന് ഹലിമിന്റെ തോളിലുണ്ടായിരുന്ന കൊച്ചു പെണ്‍കുട്ടി. അവള്‍തന്നെ. അവളുടെ സഹോദരന്‍ ഒമ്പതു വയസുള്ള അബദുള്ള മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്‌കൂളില്‍ പോയിത്തുടങ്ങി.
നേരത്തേ സിറിയയിലെ ദമാസ്‌കസിലുള്ള ഒരു ചോക്ലേറ്റ് ഫാക്ടറിയിലാണ് ഹലിം ജോലി ചെയ്തിരുന്നത്. പ്രക്ഷോഭത്തില്‍ കമ്പനി തകര്‍ന്നു. പലസ്തീന്‍ പൗരനായിരുന്ന ഹാലിമിന് സിറിയന്‍ പൗരത്വം ഉണ്ടായിരുന്നുമില്ല. ഈ ഘട്ടത്തിലായിരുന്നു സൈബര്‍ലോകത്ത് ഹാലിമിന്റെ ചിത്രം സംസാരവിഷയമാകുന്നതും ലോകം ഹലിമിനായി കൈ കോര്‍ത്തതും.
ലബനനില്‍ ജോലിചെയ്യാന്‍ കഴിയുന്നതില്‍ ഹലിമും 16 ജീവനക്കാരും സന്തുഷ്ടരാണ്. 12 ലക്ഷം സിറിയന്‍ അഭയാര്‍ഥികള്‍ ലബനനിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ആ പുഞ്ചിരിയില്‍ എല്ലാം ഉണ്ട്. ലോകജനതയുടെ സ്‌നേഹം നിറഞ്ഞ പുഞ്ചിരി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha