ഗാസയിലെ യു എൻ സംഘടനയുടെ ആസ്ഥാനത്തിന് കീഴില്‍ ഹമാസിന്റെ ടണൽ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഇസ്രയേൽ സൈന്യം...

ഗാസയിലെ യു എൻ സംഘടനയുടെ ആസ്ഥാനത്തിന് കീഴില്‍ ഹമാസിന്റെ ടണൽ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേൽ സൈന്യം രംഗത്ത്. പലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭ ഏജൻസിക്ക് ഹമാസുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് പുതിയ വാദവുമായി ഇസ്രയേൽ രംഗത്തെത്തുന്നത്. ഹമാസ് ഇസ്രായേലിൽ ആക്രമണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഒഴിഞ്ഞ കേന്ദ്രത്തെ ചൂണ്ടിക്കാട്ടിയാണ് ഇസ്രയേലിന്റെ ആരോപണമെന്ന് യുഎൻആർഡബ്ള്യുഎ പ്രതികരിച്ചു. ഒപ്പം സ്വതന്ത്രമായ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് മറയായി സ്‌കൂളുകൾക്കും ആശുപത്രികൾക്കും സാധാരണക്കാർ പാർക്കുന്ന കെട്ടിടങ്ങൾക്കും കീഴിൽ വിപുലമായ തുരങ്ക ശൃംഖല ഹമാസ് ഉണ്ടാക്കിയിട്ടുണ്ടെന്ന് ഇസ്രയേൽ മുമ്പും ആരോപിച്ചിരുന്നു.
ഇത് മുൻ നിർത്തിയാണ് ഗാസയിലെ ആശുപത്രികൾക്ക് നേരെയുള്ള പല ആക്രമണങ്ങളെയും ഇസ്രയേൽ ന്യായീകരിച്ചിരുന്നത്. ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് ഹമാസിനെ സഹായിച്ചുവെന്ന ഗുരുതര ആരോപണം യുഎൻആർഡബ്ള്യുഎ യ്ക്ക് നേരെയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പല രാജ്യങ്ങളും യുഎൻആർഡബ്ള്യുഎയ്ക്കുള്ള ധനസഹായം നിർത്തിവച്ചിരുന്നു. പുതുതായി കണ്ടെത്തിയെന്ന് പറയുന്ന തുരങ്കത്തിന് 700 മീറ്റർ നീളമുണ്ട്. ഇവിടുത്തെ സംവിധാനങ്ങൾക്ക് ആവശ്യമായ വൈദ്യുതി യുഎൻആർഡബ്ള്യുഎയുടെ ആസ്ഥാനത്തു നിന്നാണ് എടുത്തിരിക്കുന്നതെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു.
യുഎൻ കോമ്പൗണ്ടിലെ രേഖകളും ആയുധശേഖരവും ഓഫീസുകൾ യഥാർഥത്തിൽ ഹമാസ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിക്കുന്നതാണെന്ന് ഞായറാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ആരോപിക്കുന്നു. അടുത്തിടെ യു എൻ ഏജൻസി നടത്തുന്ന സ്കൂളിന് സമീപവും ടണൽ കണ്ടെത്തിയതായി ഇസ്രയേൽ പറഞ്ഞിരുന്നു. പ്രദേശത്ത് ബോംബാക്രമണം രൂക്ഷമായതിനാൽ ഇസ്രയേൽ സേനയുടെ നിർദ്ദേശപ്രകാരം തങ്ങളുടെ ജീവനക്കാർ ഗാസ സിറ്റി വിട്ടുപോയിരുന്നുവെന്ന് യുഎൻആർഡബ്ള്യുഎ പറഞ്ഞു. ജീവനക്കാർ പോയ ശേഷം അവിടെ നടന്ന യാതൊരുവിധ പ്രവർത്തനങ്ങളെ കുറിച്ചും തങ്ങൾക്ക് അറിവില്ല.
2023 സെപ്റ്റംബറിലാണ് കെട്ടിടത്തിൽ അവസാനമായി പരിശോധന നടത്തിയതെന്നും യുഎൻആർഡബ്ള്യുഎയുടെ വിശദീകരണ കുറിപ്പിൽ പറയുന്നു. യുഎൻആർഡബ്ള്യുഎ യുടെ പരിസരത്ത് ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തിയിട്ടുള്ളപ്പോഴെല്ലാം അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ അവകാശവാദങ്ങളിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യമാണ്.
കൂടാതെ ഉണ്ടെന്ന് ആരോപിക്കുന്ന തുരങ്കത്തെ കുറിച്ച് ഇസ്രയേൽ യു എൻ ഏജൻസിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും കുറിപ്പിൽ അവർ ചൂണ്ടിക്കാട്ടി. ഹമാസിന്റെ ശേഷിക്കുന്ന ശക്തികേന്ദ്രമെന്ന പേരിൽ ഗാസ- ഈജിപ്ത് അതിർത്തി മേഖലയായ റഫായിലുംകടുത്ത ആക്രമണമാണ് ശനിയാഴ്ച മുതൽ ഇസ്രയേൽ നടത്തുന്നത്.
https://www.facebook.com/Malayalivartha