പെട്ടെന്ന് വണ്ണം കുറയ്ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി ആശുപത്രിയില്‍

സ്വന്തം പിറന്നാളിന് മുന്നോടിയായി വണ്ണം നന്നേ കുറയ്ക്കാന്‍ ചൈനയില്‍ നിന്നുള്ള ഒരു പതിനാറുകാരി ചെയ്തത് ഒടുവില്‍ ആശുപത്രി കിടക്കയില്‍ കൊണ്ടെത്തിക്കുകയാണ് ചെയ്തത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള മെയ് എന്ന കൗമാരക്കാരിയാണ് വണ്ണംകുറയ്ക്കാന്‍ അനാരോഗ്യകരമായ മാര്‍ഗം പരീക്ഷിച്ചത്. സൗത് ചൈനാ മോണിങ് പോസ്റ്റിലൂടെയാണ് പെണ്‍കുട്ടിയുടെ അനുഭവം പുറത്തുവന്നിരിക്കുന്നത്. പുതിയ പിറന്നാള്‍ വസ്ത്രം പാകമാവാനായാണ് മെലിയാന്‍ തീരുമാനിച്ചത്.
അതിനായി രണ്ടാഴ്ചയോളം ഭക്ഷണം നന്നേ കുറച്ചു. വളരെ കുറച്ച് അളവില്‍ പച്ചക്കറികള്‍ മാത്രമാണ് കഴിച്ചിരുന്നത്. വയറിളക്കുന്നതിനുള്ള മരുന്നും കഴിച്ചുപോന്നു. എന്നാല്‍ വൈകാതെ മെയ്ക്ക് ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടു തുടങ്ങി. പേശികള്‍ ക്ഷയിക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ പരിശോധനയില്‍ മെയുടെ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ നില അപകടകരമായ രീതിയില്‍ താഴ്ന്നിരിക്കുകയാണെന്ന് കണ്ടെത്തി.
ഹൈപോകലീമിയ എന്ന അവസ്ഥയായിരുന്നു അത്. മതിയായ ചികിത്സ തേടാതിരുന്നാല്‍ ശ്വാസതടസ്സവും ഹൃദയസ്തംഭനവും വരെ ഉണ്ടായേക്കാം. സന്തുലിതമല്ലാത്ത ഭക്ഷണരീതിയും നിര്‍ജലീകരണവുമാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളാക്കിയതെന്ന് മെയ് യെ ചികിത്സിച്ച ഫിസിഷ്യനായ ഡോ. ലി പറഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടാവസ്ഥയിലെത്തും മുമ്പെ ജീവന്‍ രക്ഷിക്കാനുമായി.
https://www.facebook.com/Malayalivartha