അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

അയര്‍ലന്‍ഡില്‍ ശനിയാഴ്ചയാണ് ഡബ്ലിനിലെ തല്ലാട്ടില്‍ ഇന്ത്യക്കാരനായ യുവാവ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മുഖത്തടക്കം ശരീരത്തില്‍ വിവിധയിടങ്ങളിലായി മുറിവുകളേറ്റിട്ടുണ്ട്. മര്‍ദിച്ചവശനാക്കിയ ശേഷം അര്‍ധനഗ്‌നനായി യുവാവിനെ വഴിയില്‍ സംഘം ഉപേക്ഷിച്ചു. അരയ്ക്ക് താഴേക്കുള്ള വസ്ത്രവും അഴിച്ചെടുത്തു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഐറിഷ് പൊലീസ് അറിയിച്ചു. അക്രമികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അന്വേഷണത്തില്‍ സഹായിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.
യുവാവ് കുട്ടികളോട് മോശമായി പെരുമാറിയത് കൊണ്ടാണ് ആക്രമിച്ചതെന്നായിരുന്നു ഓടിയെത്തിയവരോട് അക്രമി സംഘത്തിന്റെ പ്രതികരണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 15–16 വയസ് പ്രായമുള്ള കൗമാരക്കാരാണ് യുവാവിനെ ആക്രമിച്ചതെന്നും മുഖത്ത് മൂന്നാല് തവണ ഇടിച്ചുവെന്നും ദൃക്‌സാക്ഷികളില്‍ ഒരാള്‍ വിവരം നല്‍കിയിട്ടുണ്ട്.
വഴിയിലൂടെ നടന്നു നീങ്ങിയ യുവാവിനെ കണ്ടതും അക്രമികള്‍ തലയ്ക്കിടിച്ചുവെന്നും കണ്ണിന്റെ പുരികത്തിന് മുകളിലായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും പ്രദേശവാസിയായ ജെന്നിഫര്‍ പൊലീസിനോട് വെളിപ്പെടുത്തി. യുവാവിന്റെ തല പിടിച്ച് വിളക്കുകാലില്‍ ശക്തമായി മൂന്ന് വട്ടം ഇടിക്കുകയും ഷൂസും അടിവസ്ത്രവുമുള്‍പ്പടെ അഴിച്ചെടുത്തുവെന്നും പണവും മൊബൈലും കവര്‍ന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
വംശീയ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ ഉറച്ച നടപടി സ്വീകരിക്കണമെന്നും ഇന്ത്യന്‍ സംഘടനകള്‍ ആവശ്യപ്പെട്ടു. തൊഴിലാളികള്‍ അധികമായി പാര്‍ക്കുന്ന പ്രദേശത്താണ് ആക്രമണം ഉണ്ടായിരിക്കുന്നത്. വംശീയ ആക്രമണങ്ങള്‍ ഭയന്ന് പലപ്പോഴും ആളുകള്‍ പുറത്തിറങ്ങാറില്ലെന്നും കുടിയേറിയെത്തിയവരും പറയുന്നു.സംഭവത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും വിവരങ്ങള്‍ തേടി.
https://www.facebook.com/Malayalivartha