ഗാസയിലെ കുഞ്ഞുങ്ങളെ പട്ടിണി കുഴിയിലേക്ക് തള്ളുന്നു; മൂന്ന് ദിവസത്തിനുള്ളിൽ പട്ടിണികിടന്ന് മരിച്ചത് 21 കുഞ്ഞുങ്ങൾ: ഒരൊറ്റ ദിവസത്തിൽ മരിച്ചത് പതിനഞ്ച് കുരുന്നുകൾ...

ഹൃദയം പിളർത്തുന്ന വാർത്തകളാണ് ഗാസയിൽ നിന്ന് വരുന്നത്. ഗാസയിൽ, മൂന്ന് ദിവസത്തിനുള്ളിൽ 21 കുഞ്ഞുങ്ങൾ പട്ടിണികിടന്ന് മരിച്ചു. ഒരൊറ്റ ദിവസത്തിൽ മരിച്ചത് പതിനഞ്ച് കുരുന്നുകളാണ്. ഇസ്രയേൽ ഏർപ്പെടുത്തിയ സമ്പൂർണ ഉപരോധം മൂലമാണ് ഈ ദാരുണാവസ്ഥ. ഭക്ഷണവും മരുന്നും ഇല്ലാത്ത ഗാസയിൽ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾ പോലും ജീവിതം നിലനിർത്താനാകാതെ പതിയെ മരിക്കുകയാണ്. പോഷകാഹാര കുറവും പട്ടിണിയും മൂലമാണ് 21 കുട്ടികള്‍ മരിച്ചതെന്ന് ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രി മേധാവി മുഹമ്മദ് അബു സാല്‍മിയ പറഞ്ഞു. നഗരത്തിലെ മൂന്ന് ആശുപത്രികളാണ് ഈ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം ആറാഴ്ച പ്രായമുള്ള കുഞ്ഞുള്‍പ്പെടെയാണ് മരിച്ചത്. കുഞ്ഞുങ്ങളും മുതിര്‍ന്നവരും ഉള്‍പ്പെടെ 101 പേരാണ് കഴിഞ്ഞാഴ്ച ഗാസയില്‍ മരിച്ചത്.
മതിയായ ഭക്ഷണം ലഭിക്കാതെ സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെ കുഴഞ്ഞ് വീഴുന്ന അവസ്ഥയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുപത് ലക്ഷത്തിലധികം പേരാണ് ഭക്ഷണത്തിന്റെയും അവശ്യവസ്തുക്കളുടെയും കടുത്ത ക്ഷാമം നേരിടുന്നത്. ഇതിനിടയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെടുന്നത്. ഇസ്രയേലിന്റെ ഉപരോധം മൂലം ഭക്ഷണം, ഇന്ധനം, വൈദ്യസഹായം എന്നിവ ലഭിക്കാതെ കഷ്ടപ്പെടുകയാണ് ഗാസയിലെ ജനത.
അഞ്ച് വയസിന് താഴെയുള്ള നിരവധി കുഞ്ഞുങ്ങളാണ് പട്ടിണി ഭീതിയില്‍ ഗാസയിലുള്ളത്. ചൊവ്വാഴ്ച ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുപത് പേര്‍ കൊല്ലപ്പെട്ടു. ഭക്ഷണത്തിന് പുറമേ മരുന്നിന്റെ ലഭ്യത കുറവും പട്ടിണിമൂലം അവശരായി എത്തുന്ന കുഞ്ഞുങ്ങളെ ഉള്‍പ്പെടെ പരിചരിക്കാന്‍ കഴിയാത്ത സാഹചര്യം ആശുപത്രികളിലുണ്ടാക്കുന്നു. ഭക്ഷണം തേടിയെത്തുന്ന കുഞ്ഞുങ്ങളെ അടക്കം കൊല്ലുന്ന ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച മരിച്ച കുട്ടികളിൽ വെറും ആറ് ആഴ്ച പ്രായമുള്ള യൂസഫ് അൽ-സഫാദി വടക്കൻ ഗസ്സ നഗരത്തിലെ ഒരു ആശുപത്രിയിലും 13 വയസ്സുള്ള അബ്ദുൾഹമീദ് അൽ-ഗൽബാൻ, തെക്കൻ ഖാൻ യൂനിസിലെ മറ്റൊരു മെഡിക്കൽ സെന്ററിലുമാണ് മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിന്റെ അമ്മ ഭക്ഷണം കഴിക്കാത്തതിനാലും കുടുംബത്തിന് മറ്റു മാര്‍ഗങ്ങളിലൂടെ പാൽ കൊടുക്കാൻ കഴിയാത്തതിനാലുമാണ് മരണത്തിന് കീഴടങ്ങിയതെന്ന് യൂസഫ് അൽ-സഫാദിയുടെ അമ്മാവൻ അദം അൽ-സഫാദി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തില്‍ 81 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയിലെ സംഭവങ്ങളില്‍ നടുക്കവും ആശങ്കയും പങ്കുവെച്ച് യുഎന്‍ രംഗത്ത് എത്തി.
സമാനതകളില്ലാത്ത മരണവും നാശവും നിറഞ്ഞ ഒരു ഭീകര ദൃശ്യം എന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. ഗസ്സയിൽ തുടരുന്ന വംശഹത്യ ഇസ്രായേൽ ഉടൻ നിർത്തണമെന്നാവശ്യപ്പെട്ട് ബ്രിട്ടനും കാനഡയും ജപ്പാനുമടക്കം 28 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടു. കുരുന്നുകളുൾപ്പെടെ സാധാരണക്കാരെ മനുഷ്യത്വരഹിതമായി കൂട്ടക്കുരുതി നടത്തുന്നത് അപലപിക്കുന്ന പ്രമേയം ഗസ്സയിൽ സാധാരണക്കാരുടെ ദുരിതം സമാനതകളില്ലാത്ത ആഴങ്ങൾ സ്പർശിച്ചുവെന്ന് കുറ്റപ്പെടുത്തി.
ഗാസ സിറ്റിയിലെ ഒരു ആശുപത്രി മേശപ്പുറത്ത് ആറ് ആഴ്ച പ്രായമുള്ള യൂസഫിന്റെ ശരീരം ആരുടേയും കണ്ണുകളെ ഈറനണിയിക്കുന്നതാണ്. പുറത്തേക്ക് തള്ളിനിൽക്കുന്ന വാരിയെല്ലുകളും ചെറിയ കൈയിൽ ഒരു ഡ്രിപ്പ് തിരുകിയ ബാൻഡേജും. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പട്ടിണി കിടന്ന് മരിച്ച 15 പേരിൽ ഒരാളായിരുന്നു ആ കുരുന്ന്.
യൂസഫിന്റെ കുടുംബത്തിന് കുഞ്ഞിന് ഭക്ഷണം കൊടുക്കാൻ പാൽ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് അമ്മാവൻ അദം അൽ-സഫാദി പറഞ്ഞു. "എവിടെയും പാൽ കിട്ടാനില്ല, അങ്ങനെയൊന്നു കിട്ടിയാൽ ഒരു ടബ്ബിന് 100 ഡോളർ കൊടുക്കണം," മരിച്ചുപോയ തന്റെ അനന്തരവനെ നോക്കി അയാൾ പറഞ്ഞു.
https://www.facebook.com/Malayalivartha