ലോകത്തില്‍ ഏറ്റവുമധികം പട്ടിണി അനുഭവിക്കുന്ന പ്രദേശമായിരിക്കുന്നു ഗാസ.. രണ്ടു ലക്ഷത്തോളം പലസ്തീനികള്‍ വെള്ളവും മരുന്നും ഭക്ഷണവുമില്ലാതെ മരണത്തെ മുന്നില്‍ കാണുകയാണ്..

ഇസ്രായേല്‍ ആക്രമണങ്ങളില്‍ തകര്‍ന്നു തരിപ്പണമായ ഗാസയില്‍ പട്ടിണിമൂലം ഒരാഴ്ചയ്ക്കുള്ളില്‍ 200 കുട്ടികള്‍ അതിദാരുണമായി മരിച്ചു. പതിനായിരത്തോളം കുഞ്ഞുങ്ങള്‍ പട്ടിണിമരണത്തിന്റെ പിടിയില്‍ അമര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോകത്തില്‍ ഏറ്റവുമധികം പട്ടിണി അനുഭവിക്കുന്ന പ്രദേശമായിരിക്കുന്നു ഗാസ മുനമ്പ്. കുഞ്ഞുങ്ങള്‍ മാത്രമല്ല രണ്ടു ലക്ഷത്തോളം പലസ്തീനികള്‍ വെള്ളവും മരുന്നും ഭക്ഷണവുമില്ലാതെ മരണത്തെ മുന്നില്‍ കാണുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഭക്ഷണക്ഷാമവും പോഷകാഹാരക്കുറവും മൂലം ഗാസയിലെ വിവിധ ആശുപത്രികളില്‍ 22 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. ഒന്നര വര്‍ഷത്തിലേറെ നീണ്ട യുദ്ധത്തിന്റെ ഇരകളായി ഇരുപതിനായിരം കുഞ്ഞുങ്ങള്‍ മരിച്ചുകഴിഞ്ഞു. കുഞ്ഞുങ്ങളില്ലാത്ത നാടായി മാറിയിരിക്കുകയാണ് പലസ്തീനിലെ ഗാസ മുനമ്പ്. കുട്ടികള്‍ സ്‌കൂളില്‍ പോയിട്ട് ഒന്നര വര്‍ഷമാകുന്നു. വീടുകള്‍ തകര്‍ന്നതിനാല്‍ രണ്ടു ലക്ഷം പേര്‍ കൂടാരങ്ങളില്‍ കഴിയുകയാണ്.
കഴിഞ്ഞയാഴ്ച ഗാസയിലെ ക്ലിനിക്കുകളില്‍ പരിശോധിച്ച എല്ലാ കുഞ്ഞുങ്ങളിലും ഗര്‍ഭിണികളിലും മുലയൂട്ടുന്ന സ്ത്രീകളിലും നാലിലൊന്ന് പേര്‍ക്കും ഗുരുതരമായ പോഷകാഹാരക്കുറവ് കണ്ടെത്തിയതായി ആഗോള മെഡിക്കല്‍ സന്നദ്ധ സംഘടന ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് കണ്ടെത്തിയിരുന്നു. വെടിയൊച്ചയും ബോംബിംഗും നിലയ്ക്കാത്ത ഗാസയില്‍ 21 മാസത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അറുപതിനായിരത്തോട് അടുക്കുകയാണ്. ഒന്നര ലക്ഷം പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രയേല്‍ ഉപരോധം കടുപ്പിച്ചതോടെ കൊടുംപട്ടിണിയുടെ പിടിയിലാണ് ഇപ്പോള്‍ ഗാസ.
മരുന്നും പോഷകാഹാരവുമില്ലാതെ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് നഗരത്തില്‍ മരിച്ചുവീഴുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി മണിക്കൂറുകളോളം ക്യൂവില്‍നിന്ന് കരഞ്ഞ് കേഴുന്ന കുഞ്ഞുങ്ങളെയാണ് ഗാസയില്‍ കാണാനാവുക.തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇസ്രയേല്‍ ഉപരോധവും കടുപ്പിച്ചതോടെ ഗാസ കൊടും പട്ടിണിയുടെ പിടിയിലമരുകയാണ്. കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ പോലും ഗതിയില്ലാത്ത ആയിരക്കണക്കിന് അമ്മമാരും നിസ്സഹായരായി കഴിയുകയാണ്. മനുഷ്യനിര്‍മിത കൂട്ട പട്ടിണി എന്നാണ് ലോകാരോഗ്യ സംഘടന ഗാസയിലെ മനുഷ്യരുടെ അവസ്ഥയെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഗുരുതരമായ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ പ്രത്യേക ചികിത്സാ ഭക്ഷണം ഓഗസ്ത് പകുതിയോടെ തീരുമെന്ന് യുനിസെഫും ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. നൂറിലധികം മനുഷ്യാവകാശ സംഘടനകളാണ് ഗാസയിലേക്ക് അടിയന്തരമായി ഭക്ഷണമെത്തിക്കണമെന്ന് പ്രസ്താനവയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.ഗാസയിലെ സ്ഥിതി ഭയാനകമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നു. ആക്രമണം നിര്‍ത്തി ഗാസയില്‍ സഹായം ലഭ്യമാക്കാന്‍ വൈകരുതെന്ന് യൂറോപ്യന്‍ യൂനിയന്‍ നിര്‍ദേശിക്കുന്നു.
സമ്പൂര്‍ണ ഉപരോധത്തെ തുടര്‍ന്ന് ഗാസയില്‍ പട്ടിണിമരണം തുടരുന്ന സാഹചര്യത്തില്‍ യുദ്ധം നിര്‍ത്തണമെന്ന മുറവിളി ലോകത്തിന്റെ പല കോണുകളില്‍ ശക്തമായിട്ടുണ്ട്.ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത കുട്ടികളുടെ വിശപ്പ് സഹിക്കാതെയുള്ള നിലവിളിയും കരച്ചിലും അങ്ങേയറ്റം വേദനാകരമാണെന്ന് വിദേശ മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യു. ഭക്ഷണം കാത്തുനിന്ന 16 പേരെയാണ് ഇന്നലെ മാത്രം ഇസ്രായേല്‍ സൈന്യം ദാരുണമായി വെടിവെച്ചു കൊന്നത്. അതിനിടെ, ഗാസയിലേക്ക് റഫ അതിര്‍ത്തിയില്‍ ട്രക്കുകളില്‍ എത്തിച്ച ഭക്ഷ്യധാന്യങ്ങള്‍ ഇസ്രായേല്‍ സേന പിടിച്ചെടുത്ത് നശിപ്പിക്കുന്നതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ഫലസ്തീനികളെ പട്ടിണിക്കിട്ട് കൊല്ലാനുള്ള വംശഹത്യാ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് ആംനസ്റ്റി ഉള്‍പ്പെടെ മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി. ഉടന്‍ ആക്രമണം നിര്‍ത്തി ഗാസയില്‍ ഭക്ഷണം എത്തിക്കണമെന്ന് ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി രാജ്യങ്ങള്‍ സംയുക്തമായി ആവശ്യപ്പെട്ടശേവും ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ് . ഹമാസിന്റെ നിഷേധാത്മക നിലപാടാണ് നടപടിക്ക് പിന്നിലെന്നാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും കുറ്റപ്പെടുത്തല്‍. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹമാസ് പറയുന്നു.
പട്ടിണിമരണം വ്യാപകമായ ഗാസയില്‍ ഇസ്രായേലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയനും രംഗത്തുവന്നിട്ടുണ്ട്. ഭക്ഷ്യവിതരണം തടസപ്പെടുത്തിയാല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പറയുന്നു. ഗാസയെ ഭൂമിയിലെ നരകമാക്കി മാറ്റിയതായാണ് ആഗോള ആരോഗ്യസംഘടന പറയുന്നുത്.കഴിഞ്ഞ ദിവസം ബ്രിട്ടനും കാനഡയുമടക്കം 29 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ അടിയന്തരമായി കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് ഇസ്രായേലിന് കത്തെഴുതിയിരുന്നു.
എന്നാല്‍ ഗാസയില്‍ നിര്‍ണായക പോരാട്ടമാണ് സൈന്യം ഇപ്പോള്‍ തുടരുന്നതെന്നും ലക്ഷ്യം നേടുംവരെ പിന്‍വാങ്ങില്ലെന്നും ഇസ്രായേല്‍ സൈനിക മേധാവി പ്രതികരിച്ചു. ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്കു നേരെയുള്ള ഇസ്രായേല്‍ ക്രൂരതകളില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം ആയിരം പിന്നിടിരിക്കുന്നു.
https://www.facebook.com/Malayalivartha