എലിയെ കൊല്ലുന്നവര്‍ക്ക് പാകിസ്ഥാനില്‍ 25 രൂപ പാരിതോഷികം

എലിയുടെ കടിയേറ്റ് ശിശു മരിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ പെഷവാര്‍ നഗരത്തിലെ അധികൃതര്‍ എലിയെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ഒരു എലിക്ക് 25 രൂപ വീതമാണ് ലഭിക്കുന്നത്. എലി ശല്യം സഹിക്കാന്‍ കഴിയാതെയാണ് പൊതുജനങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുള്ള പുതിയ തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയത്.
പെഷവാറിലെ നാലു പട്ടണങ്ങളിലെ ചത്ത എലികളെ ശേഖരിക്കാനായി പെഷവാറിലെ ജല ശുചീകരണ സേവന സംഘം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ തന്നെയാണ് പാരിതോഷികം വിതരണം ചെയ്യുന്നതും. എലികളെ കൊല്ലുന്നവര്‍ക്ക് പണം ലഭിക്കാനായി മൊബൈല്‍ സേവനവും ഉപയോഗപ്പെടുത്താം. എല്ലാ വീടുകള്‍ തോറും എലി വിഷവും വിതരണം ചെയ്യുന്നുണ്ട്.
എലികളെ തുരത്താനുള്ള പുതിയ ആശയം ജനങ്ങളിലെത്തിക്കാന്‍ ജില്ലാ അധികാരി മുഹമ്മദ് അസിം യോഗം വിളിച്ചു കൂട്ടിയിരുന്നു. വലിയ എലികള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമല്ല പെഷവാര്‍ നിവാസികളെ ആക്രമിക്കുകയും കടിക്കുകയും മറ്റും ചെയ്യുന്നുണ്ട്.
പുതിയ തരം ഭീമന്‍ എലികള്‍ക്ക് 22 മുതല്‍ 30 സെന്റിമീറ്റര്‍ വലിപ്പമുണ്ട്. ഇവയെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ടാണ് പെഷവാറില്‍ കണ്ടുതുടങ്ങിയത്. ഭീമന്‍ രൂപത്തിലുള്ള ഇവ ആക്രമണ സ്വഭാവമുള്ളവയാണ്. മാത്രമല്ല ഇവയുടെ എണ്ണം പെരുകുന്നുമുണ്ട്. പൊതുമുതലുകളും ഭക്ഷണ സാധനങ്ങളും നശിപ്പിക്കുന്നതിനൊപ്പം പൊതുജനാരോഗ്യത്തിനും ഇവ ഭീഷണിയാണ്.
എലിയുടെ കടിയേല്‍ക്കുന്നത് ഇവിടെ ഇപ്പോള്‍ സാധാരണ നടക്കുന്ന ഒരു സംഭവമായി മാറിയിരിക്കുകയാണ് . ഈയടുത്തായി നഗരത്തിലെ ഹസന്‍ഗാരി പ്രദേശത്ത് മുഖത്ത് എലിയുടെ കടിയേറ്റ കുട്ടിയാണ് മരിച്ചത്. എലികളുടെ ശല്യത്തിനെതിരെ പെഷവാര്‍ ഹൈക്കോടതിയിലെ രണ്ടംഗ ബഞ്ച് മാര്‍ച്ച് 10-നു ഹര്‍ജി സ്വീകരിച്ചതിനു ശേഷം ആരോഗ്യ സെക്രട്ടറി, ഡെപ്യൂട്ടി കമ്മിഷണര്‍, ശുചീകരണ അധികൃതര്‍ എന്നിവരില്‍ നിന്നും പ്രശ്‌നത്തെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























