ഇസ്‌ലാമാബാദില്‍ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദിലെ ആരാധനാലയത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. 169 പേര്‍ക്ക് പരുക്കേറ്റു. ഷെഹ്‌സാദ് ടൗണ്‍ ഏരിയയിലുള്ള തര്‍ലായ് ഇമാംബാര്‍ഗയിലാണ് സ്‌ഫോടനമുണ്ടായത്. ആരാധനാലയത്തിന്റെ പ്രധാന കവാടത്തിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷാ ഗാര്‍ഡുകള്‍ അക്രമിയെ തടഞ്ഞതിനാല്‍, വിശ്വാസികള്‍ ഉണ്ടായിരുന്ന പ്രധാന ഹാളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ലെന്നു പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കവാടം തകര്‍ന്നു. അടുത്തുള്ള കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. സ്‌ഫോടന സ്ഥലത്ത് ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്കു മാറ്റി.
2025 നവംബര്‍ 11ന് ഇസ്‌ലാമാബാദിലെ ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതിക്ക് പുറത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന് ശേഷം മൂന്ന് മാസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. അന്ന് 12 പേര്‍ കൊല്ലപ്പെടുകയും മുപ്പതില്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























