ഐ എസ് മാംസ കച്ചവടം നടത്തിയ നാദിയ മുറാദ് ബസി തന്റെ കണ്ണീര്‍ ഓമ്മകളിലൂടെ

ഇറാഖിലെ യസീദി പെണ്‍കുട്ടികളുടെ കണ്ണീര്‍ ഒരിക്കലും തോരില്ലന്നാണ് ഐ.എസ്സിന്റെ മാംസ കച്ചവടങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. നിശ്ശബ്ദരായിരിക്കുക, സഹിക്കുക, എന്നീ വാക്കുകള്‍ക്കപ്പുറം അവള്‍ തിരിച്ചറിയേണ്ടുന്ന വാക്കുകളുമില്ലെന്നു ഐ എസ് പോലെയൊരു ഭീകര സംഘടന അവള്‍ക്കു മുകളില്‍ എഴുതി വച്ചിരിക്കുന്നു. എങ്കിലും അടിമച്ചന്തയില്‍ നിന്ന് രക്ഷപെട്ടു സ്വന്തം വീടിന്റെ ഉള്‍ച്ചൂടിലും പിന്നീട് അന്യരാജ്യത്തിന്റെ കവചങ്ങള്‍ക്കുള്ളിലും സുരക്ഷിതയായി ഇരിക്കുമ്പോള്‍ ആന്‍ ഫ്രാന്‍കിനെ ഓര്‍മ്മ വരും. നാദിയ മുറാദ് ബസി എന്ന പത്തൊന്‍പതുകാരിക്ക് ഇപ്പോള്‍ ആശ്രയമായത് ജര്‍മ്മനിയായിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാസികളുടെ ആക്രമണത്തില്‍ ഇരയാക്കപ്പെട്ട ആന്‍ ഫ്രാന്‍കിനെ ഡയറിയെഴുത്തുകാരിയാക്കിയത് അതേ ജര്‍മ്മനിയായിരുന്നു. കാലം മാറുമ്പോള്‍ ജീവിതങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു, ദേശങ്ങള്‍ മാത്രം മാറുന്നു, ക്രൂരതകള്‍ തുടരുന്നു. ആന്‍ ഫ്രാന്‍കിന്റെ ജീവിതം ലോകത്തു ഏറ്റവും വിറ്റഴിക്കപ്പെട്ട പുസ്തകമായെങ്കില്‍ നദിയയുടെ പുസ്തകം പറയുന്നതും അതെ ഇരയാക്കപ്പെടലിന്റെ കഥയാകുമ്പോള്‍ വായനകള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നും പറയണമല്ലോ.
'The girl who beat isis,'നാദിയ ഈ പുസ്തമെഴുതിയത് ഫരീദ ഖലാഫ് എന്ന കള്ളപ്പേരിലാണ്. ജര്‍മ്മനിയിലേക്ക് പലായനം ചെയ്യപ്പെട്ടെങ്കിലും നടുക്കുന്ന ഓര്‍മ്മകളുടെ വേട്ടയാടല്‍ അവളെ അലട്ടിക്കൊണ്ടേയിരിക്കുന്നു. ഇപ്പോഴും ഇറാഖിലെ റഖാ എന്ന മാംസ ചന്തയില്‍ നിരന്നു നില്‍ക്കുന്ന പെണ്ണുടലുകളെ ഓര്‍ക്കുമ്പോള്‍ ഹൃദയം വിങ്ങിക്കൊണ്ടേയിരിക്കുന്നു. ഒരിക്കല്‍ അത്തരമൊരു ഉടലായി അവിടെ കാത്തു നിന്നതിന്റെ ഓര്‍മ്മകളില്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. എങ്കിലും ഐ എസ് പോലെയൊരു തീവ്ര ഭീകര പ്രസ്ഥാനത്തിനെതിരെ തുറന്നെഴുതുക എന്ന ധൈര്യം കാണിക്കാന്‍ നാദിയയ്ക്കായി, ഒരുപക്ഷെ ഐ എസ് ഭീകരതയുടെ ഏറ്റവും വലിയ തുറന്നെഴുത്തായിരിക്കാം ഫാരിദാ എന്ന നാദിയയുടെ 'The girl who beat isis' എന്ന പുസ്തകം.
ഇറാഖില്‍ യസീദിയരെ പൊതുവെ ഐ എസ് കാണുന്നത് ചെകുത്താനെ ആരാധിക്കുന്നവര്‍ എന്ന നിലയിലാണ്. അത്തരം ആരാധനയോടുള്ള എതിര്‍പ്പു തുറന്നു പറഞ്ഞ ഐ എസ് യസീദികളെ തങ്ങളുടെ മതത്തിലേക്ക് ചേരാന്‍ നിര്‍ബന്ധിച്ചിരുന്നു, അതിനു തയ്യാറാകാത്ത പുരുഷന്മാരെ അതിക്രൂരമായി കൊന്നു കളയുകയും സ്ത്രീകളെ അടിമകളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് അന്നും ഇന്നും ഐ എസിന്റെ നിലപാട്. ഇതിനിടയില്‍ എത്ര യസിദീയര്‍ രാജ്യത്തില്‍ നിന്ന് പലായനം ചെയ്തു, എത്രയോ പേര്‍ മരണത്തിനു കീഴടങ്ങി. അങ്ങനെ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പോലുമറിയാത്തവരുടെ കൂട്ടത്തിലേക്കാണ് നാദിയയുടെ പിതാവും കയറിക്കൂടിയത്. അമ്മയുടെ മുന്നില്‍ വച്ച് നാദിയെ കൊണ്ട് പോയ ഭീകരര്‍ അമ്മയെ വധിക്കാനും മറന്നില്ല, ബാക്കി വച്ചതു ഇത്തിരി പ്രായമുള്ള സഹോദരനെ. ഇപ്പോള്‍ നാദിയയ്ക്കു ബാക്കിയുള്ളതും സഹോദരന്‍ മാത്രം. ന്യൂനപക്ഷങ്ങള്‍ തന്നെയാണ് എപ്പോഴും എവിടെയും ഇരകളാക്കപ്പെടുന്നതിന്റെ തെളിവാണ് ഇന്നും ഇറാഖില്‍ യസിദീയര്‍ക്കും ക്രിസ്ത്യന്‍ വിഭാഗത്തിനുമെതിരെ നടക്കുന്ന ഐ എസ് ഭീകരത. റഖാ പോലെയുള്ള മാംസ ചന്തയില്‍ നിരന്നു നില്‍ക്കുന്ന സ്ത്രീകളുടെ എണ്ണം അമ്പരപ്പിക്കുന്നതാണെന്നു നാദിയ പറയുന്നു. ഒരുപക്ഷെ ഇതിലും ഭേദം മരണമാണെന്ന തോന്നലുണ്ട് എല്ലാവര്‍ക്കും പക്ഷെ മരിക്കാന്‍ പോലും കഴിവില്ലാത്തവരായി മാറേണ്ടി വരുന്ന അവസ്ഥയിലൂടെയാണ് ഓരോ സ്ത്രീയും ഭീകരര്‍ക്കിടയില്‍ ജീവിച്ചു പോകുന്നത്.
പലതവണ രക്ഷപെടാന്‍ ശ്രമിച്ചവരില്‍ നദിയയുമുണ്ട്. എന്നാല്‍ അതിനു ഭീകരരില്‍ നിന്ന് നേരിടേണ്ടി വന്നത് ശരീരത്തില്‍ ഒരു ഇഞ്ച് ബാക്കിയില്ലാതെ ഏല്‍ക്കേണ്ടി വന്ന കഠിനമായ മര്‍ദ്ദനങ്ങളായിരുന്നു. മാംസ ചന്തയില്‍ നിരന്നു നില്‍ക്കുമ്പോള്‍ വാങ്ങാന്‍ വരുന്നവരുടെ പ്രധാന ചോദ്യം ഇവള്‍ കന്യകയാണോ എന്ന് തന്നെയാകും. കന്യകകള്‍ക്കു വില കൂടുതല്‍ ലഭിക്കുമെന്നതിനാല്‍ ചന്തയില്‍ നിന്ന് പുറത്തു കടക്കുന്നത് വരെ ചാരിത്ര്യം കയ്യിലുണ്ടാകും, പക്ഷെ അത് വേണ്ടിയിരുന്നില്ല എന്ന തോന്നല്‍ ഉണ്ടാക്കുന്ന വിധത്തിലാകും പിന്നീടുള്ള അനുഭവങ്ങള്‍. പലരാല്‍ ഒരു ദിനം തന്നെ റേപ്പ് ചെയ്യപ്പെടേണ്ടി വരുന്ന അവസ്ഥ. ശാരീരികമായി ലൈംഗികാസക്തി പ്രകടിപ്പിക്കുക മാത്രമല്ല മാനസികമായ വൈകൃതങ്ങള്‍ വരെ ഈ സ്ത്രീ അടിമകള്‍ക്ക് മേല്‍ പ്രയോഗിയ്ക്കാം എന്നതാണ് സത്യം. പല സ്ത്രീകളുടെയും ശരീരത്തും സിഗരറ്റുകള്‍ കൊണ്ട് പൊള്ളലേറ്റ പാടുകള്‍ ചുവന്നു കിടക്കുന്നതു കാണേണ്ടി വന്ന അനുഭവങ്ങളുള്‍പ്പെടെ നാദിയ തന്റെ പുസ്തകത്തില്‍ എഴുതുന്നുണ്ട്.
ഇതിനെയൊക്കെ അതിജീവിച്ചു രക്ഷപെട്ടു സ്വന്തം കൂട്ടരുടെ അടുത്തെത്തിയപ്പോള്‍ ലഭിച്ച വൈകാരിക അനുഭവങ്ങളെ കുറിച്ചും നാദിയ എഴുതുന്നുണ്ട്. ഐ എസിന്റെ ലൈംഗിക ദാഹം തീര്‍ക്കുന്നവളായി മാറിയത് കാരണം യസീദി സമൂഹത്തിലെ വിലക്കപ്പെട്ടവളായി മാറേണ്ടി വന്ന അവസ്ഥ വേദനിപ്പിക്കുന്നതാണെന്നു നാദിയ പറയുന്നു. ഇനി ആരും വിവാഹം കഴിക്കാന്‍ വരില്ലെന്ന് സ്വന്തം സമൂഹം തന്നെ ഓര്‍മ്മിപ്പിക്കുന്ന അവസ്ഥയോടു പോലും യോജിക്കാനാകാതെ വന്നതിനാലാണ് നാദിയ ജര്‍മ്മനിയിലേക്ക് കുടിയേറിയത്. ഇപ്പോള്‍ നദിയയുടെ 'വിലക്കപ്പെട്ട' പുസ്തകവും ജര്‍മ്മനിയില്‍ സുരക്ഷിതമാണ്. താന്‍ സ്വയം സുരക്ഷിത കവചത്തില്‍ നില്‍ക്കുമ്പോഴും അടിമച്ചന്തയിലെ പെണ്ണുങ്ങളുടെ നോവിക്കുന്ന നിലവിളികള്‍ എപ്പോഴും കേട്ട് വേദനിക്കുന്നവളാകാനേ നാദിയയ്ക്കു കഴിയുന്നുള്ളൂ. അവരെ രക്ഷപെടുത്തണമെന്നുണ്ടെങ്കില്‍ പോലും അടഞ്ഞ വഴികള്‍ക്കു മുന്നില്‍ താന്‍ നേരിട്ട ദുരന്ത ചിത്രം ലോകത്തിനു മുന്നില്‍ തുറന്നു വയ്ക്കാനെങ്കിലും ആയതിന്റെ ഇത്തിരി ആശ്വാസം ഫാരിദയെന്ന നാദിയയ്ക്കുണ്ട്. ഇരകളുടെ ചരിത്രം എന്നും ലോകം ആര്‍ത്തിയോടെ വായിച്ചിട്ടുണ്ട്. കാരണം മനുഷ്യന്‍ ദുഖങ്ങളിലേയ്ക്ക് ഇറങ്ങി സഞ്ചരിക്കുന്നതും അവനെ അങ്ങനെ കാണുന്നതും മനുഷ്യന് എന്നും കൗതുകമാണ്. ഒരു തരം സാഡിസം ഇതിനു പിന്നില്‍ ഉണ്ടെങ്കിലും നാദിയയുടെ കഥ അതിനുമപ്പുറം മാനുഷികതയെ പിടിച്ചുലയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
https://www.facebook.com/Malayalivartha



























