വിമാനം വൈകിയത് അടക്കമുള്ള പ്രതിസന്ധികൾ തുടക്കത്തിൽ തന്നെ നേരിട്ടു: ടൈറ്റൻ യാത്രയ്ക്ക് മുമ്പുള്ള അവസാന ദിവസങ്ങൾ....

ടൈറ്റൻ പേടകം തകർന്നത് വിനാശകരമായ സ്‍ഫോടനത്തിലാണ്. സമുദ്രാടിത്തട്ടിലെ ജലത്തിന്റെ അതിശക്തമായ മർദം വാസ്തവത്തിൽ ടൈറ്റൻ പേടകത്തെ ഞെരുക്കിക്കളഞ്ഞു. ഉള്ളിലേക്ക് അമർന്ന് മുട്ടപൊട്ടുന്നതുപോലെ ഞെരിഞ്ഞമർന്നാണ് ടൈറ്റൻ തകർന്നത്. പ്രിയപ്പെട്ട പാട്ടുകൾ കേട്ടുകൊണ്ട് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളും, കടലിലെ ചില ജീവികൾ പുറപ്പെടുവിക്കുന്ന പ്രകാശവും കാണുന്നതിനിടെയാവും ടൈറ്റൻ സമുദ്രപേടകത്തിലെ യാത്രികരുടെ ജീവൻ സ്ഫോടനത്തിൽ പൊലിഞ്ഞതെന്ന് അപകടത്തിൽ മരിച്ച പാക് ശതകോടീശ്വരൻ ഷഹ്സാദ ദാവൂദിന്റെ ഭാര്യ ക്രിസ്റ്റിൻ ദാവൂദ് പറയുന്നത്.
അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിലുള്ള ടൈറ്റാനിക്കിന്റ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള യാത്ര ദാവൂദിനെയും മകൻ സുലൈമാനെയും ആവേശഭരിതരാക്കിയിരുന്നു. ഏറെ ആകാംക്ഷയോടെയാണ് അവർ യാത്രയ്ക്ക് ഒരുങ്ങിയത്. 2012ൽ സിംഗപ്പൂരിൽ നടന്ന ഒരു എക്സിബിഷൻ സന്ദർശിച്ചതിനു ശേഷമാണ് ടൈറ്റാനിക്കിനോടുള്ള ദാവൂദിന്റെ പ്രണയം തുടങ്ങിയത്. 2019ൽ ഗ്രീൻലാൻഡിലേക്ക് ഒരു കപ്പൽ യാത്ര നടത്തി. ഈ യാത്രയ്ക്കിടെ ടൈറ്റാനിക്കിന്റെ തകർച്ചയ്ക്കു കാരണമായ മഞ്ഞുമലകൾ അദ്ദേഹത്തിനു നേരിടേണ്ടി വന്നിരുന്നുവെന്ന് ക്രിസ്റ്റിൻ പറഞ്ഞു.
ഓഷ്യൻ ഗേറ്റിന്റെ ടൈറ്റാനിക് യാത്രയുടെ പരസ്യം കണ്ടപ്പോൾ ഭർത്താവിനൊപ്പം പോകാൻ ക്രിസ്റ്റിനും തയാറായതാണ്. അസുഖം ബാധിച്ചതിനെ തുടർന്ന് പിന്മാറുകയായിരുന്നു. തുടർന്നാണ് 19 കാരനായ സുലൈമാൻ യാത്രയുടെ ഭാഗമായത്. മദർഷിപ്പിലേക്ക് എത്തുന്നതിനുള്ള വിമാനം വൈകിയത് അടക്കമുള്ള പ്രതിസന്ധികൾ തുടക്കത്തിൽത്തന്നെ നേരിട്ടിരുന്നു. ആഗ്രഹിച്ച യാത്ര ദാവൂദിനു നഷ്ടമാകുമെന്നു കരുതിയിരുന്നതായും ക്രിസ്റ്റിൻ വെളിപ്പെടുത്തി.
ദാവൂദിനെയും മകനെയും യാത്രയാക്കുന്നതിനായി താനും മകളും മദർഷിപ്പിൽ എത്തിയിരുന്നതായും ക്രിസ്റ്റിൻ പറഞ്ഞു. തണുപ്പു പ്രതിരോധിക്കാനുള്ള മാർഗങ്ങളും ഭക്ഷണവും എല്ലാം ഓഷ്യൻഗേറ്റ് ഒരുക്കിയിരുന്നു. യാത്രക്കാർക്ക് ആവശ്യമായ നിർദേശങ്ങളും നൽകി. ‘‘സമുദ്രത്തിന്റെ ആഴത്തിലേക്കു ടൈറ്റൻ മുങ്ങുമ്പോൾ ബാറ്ററി പവർ സംരക്ഷിക്കുന്നതിനായി ലൈറ്റുകൾ ഓഫ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. കടലിന്റെ ആഴങ്ങളിലേക്കു പോകുമ്പോൾ അവർ ജൈവദീപ്തിയിൽ തിളങ്ങുന്ന കടൽജീവികളുടെ ആകർഷകമായ കാഴ്ചകൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ടാകും.
സമുദ്രപേടകത്തിലെ മ്യൂസിക് പ്ലേയറിലേക്കു തങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങൾ അയയ്ക്കാൻ യാത്രക്കാർക്കു നേരത്തേ തന്നെ നിർദേശം നൽകിയിരുന്നു. ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ കേട്ട് കടലിലെ വിസ്മയകരമായ കാഴ്ചകൾ കണ്ടുള്ള ഒരു മനോഹരമായ യാത്രയായിരുന്നു ഓഷ്യൻ ഗേറ്റ് വാഗ്ദാനം ചെയ്തത്. ടൈറ്റാനിക്ക് സിനിമയുടെ ദൃശ്യങ്ങളും ടൈറ്റനിൽ ഒരുക്കിയിരുന്നു.’’– ക്രിസ്റ്റിൻ ദാവൂദ് പറഞ്ഞു. സമുദ്രപേടകം കടലിലിറങ്ങി രണ്ടുമണിക്കൂറിനുള്ളിൽത്തന്നെ മദർഷിപ്പുമായുള്ള ബന്ധം നഷ്ടമായിരുന്നു. പക്ഷേ, ഇത് സ്വാഭാവികമാണെന്നും ഒരു മണിക്കൂറിനകം ബന്ധം പുനഃസ്ഥാപിക്കാനാകുമെന്നും കമ്പനി അധികൃതർ ഉറപ്പു നൽകിയിരുന്നതായും ക്രിസ്റ്റിൻ വ്യക്തമാക്കി.
ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. സമുദ്രാന്തർഭാഗത്തു വച്ച് പേടകം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേരും മരിച്ചു.
ദുരന്തത്തിന്റെ നടുക്കുന്ന ഓർമയിൽ നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല.എന്നാൽ ആ പൊട്ടിത്തെറിയുടെ ചൂടാറും മുമ്പ് അടുത്ത ടൈറ്റാനിക് പര്യവേഷണത്തിന് യാത്രക്കാരെ ഓഷ്യൻഗേറ്റ് കമ്പനി ക്ഷണിച്ചിട്ടുണ്ട്. 2024 ജൂൺ 12-20 വരെയും ജൂൺ 21-29 വരെയും രണ്ട് ഘട്ടമായി ടൈറ്റാനിക് പര്യവേഷണം നടത്തുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ഒരാൾക്ക് 250,000 ഡോളറാണ് ചെലവ്.
അന്തർവാഹിനി യാത്ര, സ്വകാര്യ താമസ സൗകര്യങ്ങൾ, വിമാനങ്ങളിൽ ലഭിക്കുന്ന പോലുള്ള ഭക്ഷണങ്ങൾ, ടൈറ്റാനിക് കാണാനുള്ള യാത്രക്കുള്ള പരിശീലവും ഈ പാക്കേജിൽ ലഭിക്കും. പരമാവധി ആറ് പേർക്കാണ് അന്തർവാഹിനിയിൽ കയറാനാകുക, യാത്രക്കാർക്ക് കുറഞ്ഞത് 17 വയസ് പ്രായം വേണം. ഈ വിശദാംശങ്ങൾക്കൊപ്പം നേരത്തെ നടത്തിയ പര്യവേഷണത്തിൽ നിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളും യാത്രക്കാര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന വീഡിയോകളും ഓഷ്യൻഗേറ്റിന്‍റെ വെബ്സൈറ്റിലുണ്ട്.
https://www.facebook.com/Malayalivartha