നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്‌ത് ലൊക്കേഷനുകൾ മനസിൽ പതിപ്പിച്ചു: വിലപിടിപ്പുളള സ്വർണവും വജ്രവും സൂക്ഷിച്ചിരുന്ന സ്ഥലം കണ്ട് പലരും ഞെട്ടി: മൂന്നാം വയസ് മുതൽ മോഷണങ്ങൾ ഉമാപ്രസാദിന്റെ ഹോബി... ലക്ഷങ്ങളുടെ മോഷണം നടത്തിയത്, വിമാനത്തിൽ യാത്ര ചെയ്ത്...

തലസ്ഥാനത്ത് മൂന്ന് മോഷണങ്ങള്‍ നടത്തിയ സംപതി ഉമ പ്രസാദ് മോഷണ മുതല്‍ ഇവിടെത്തന്നെ സൂക്ഷിച്ചത് പിടിക്കപ്പെടാതിരിക്കാനാണ്. പോലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞാല്‍ നഗരത്തിലെവിടെയെങ്കിലും ആഭരണങ്ങള്‍ പണയംവെച്ച് മുങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതിനിടെ ഇയാളുടെ സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിക്കുകയും ഓട്ടോറിക്ഷ ഡ്രൈവര്‍ ഇയാളെ തിരിച്ചറിയുകയും ചെയ്തതോടെയാണ് വിമാനത്തില്‍ സംസ്ഥാനത്ത് എത്തി മോഷണം നടത്തിയിരുന്ന ഹൈടെക് കള്ളൻ പിടിയിലായത്.
സിനിമയെ വെല്ലുന്ന തിരക്കഥയൊരുക്കിയാണ് ഇയാൾ മോഷണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ലോകത്തിലെ ഏറ്റവും വലിയ നിധിയൊളിപ്പിച്ച ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കഥകളാണ് തെലങ്കാന സ്വദേശിയായ സംപതിയെ അനന്തപുരിയിലെത്തിച്ചത്. ക്ഷേത്രം കാണാനെത്തി ഇവിടെ താമസിച്ച് നഗരം കണ്ട് മോഷണവും നടത്തി തിരികെപ്പോയ സംപതിയെ രണ്ടാം വരവില്‍ വിമാനത്താവളത്തില്‍ വച്ചാണ് പോലീസ് വലയിലാക്കി.
തിരുവനന്തപുരത്ത് മേയ് 28നാണ് ഇയാൾ എത്തിയത്. പഴവങ്ങാടി ഫോർട്ട് വ്യൂ ഹോട്ടലിൽ റൂമെടുത്ത ശേഷം ആദ്യം പദ്മനാഭസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തി. കോവളം,ശംഖുംമുഖം,വേളി,മ്യൂസിയം ഉൾപ്പെടെയുളള സ്ഥലങ്ങളിലും ചുറ്റിയടിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്‌ത് ലൊക്കേഷനുകൾ മനസിൽ പതിച്ചു. ജൂൺ രണ്ടിന് ആന്ധ്രയിലേക്ക് മടങ്ങിയ ഉമാപ്രസാദ് മൂന്ന് ദിവസം കഴിഞ്ഞ് ആറാം തീയതി വ്യക്തമായ പദ്ധതികളോടെ തിരികെയെത്തി.
ജൂൺ 19ന് ഫോർട്ട് സ്റ്റേഷൻ പരിധിയിൽ വാഴപ്പളളിയിലെ രത്നമ്മയുടെ വീട്ടിലായിരുന്നു ആദ്യ മോഷണം. 24ന് മൂലവിളാകത്ത് കോമത്ത് മോഹനന്റെ വീട്ടിൽ രണ്ടാമത്തെയും 28ന് മണക്കാട് നജാബിന്റെ വീട്ടിൽ മൂന്നാമത്തെയും മോഷണം നടത്തി. ദൗത്യം പൂർത്തിയാക്കി ജൂലായ് ഒന്നിനായിരുന്നു മടക്കം. പിടിക്കപ്പെടാത്ത സ്ഥിതിക്ക് താൻ സുരക്ഷിതനാണെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് കൂടുതൽ മോഷണം നടത്തണമെന്നും ഉമാപ്രസാദ് പദ്ധതിയിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയത്. എന്നാൽ കേരള പൊലീസ് രഹസ്യമായി നടത്തിയ നീക്കം ഉമാപ്രസാദിന്റെ പദ്ധതികളെ തകിടംമറിച്ചു.
ചാക്ക ബൈപ്പാസിൽ അനന്തപുരി ആശുപത്രിക്ക് എതിർവശമുളള ഫ്ലൈഓവറിന്റെ തൂണുകൾക്കരികെയാണ് കവറിൽ 5.27 ലക്ഷം രൂപയുടെ സ്വർണവും വജ്രവും ഉമാപ്രസാദ് സൂക്ഷിച്ചത്. ഒരാഴ്‌ച അടുപ്പിച്ച് ആഭരണങ്ങൾ ഇവിടെയിരിപ്പുണ്ടായിരുന്നു. രാവിലെ വിമാനത്താവളത്തിൽ നിന്ന് പ്രതിയുമായി പൊലീസ് ഇവിടേക്കാണ് ആദ്യമെത്തിയത്. വിലപിടിപ്പുളള സ്വർണവും വജ്രവും സൂക്ഷിച്ചിരുന്ന സ്ഥലം കണ്ട് പലരും അമ്പരന്നു. മോഷണത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ചെറിയ സ്യൂട്ട്‌കേസിൽ പാലത്തിന് താഴെയാണ് സൂക്ഷിച്ചിരുന്നതെന്ന് പേട്ട സി.ഐ സാബു.ബി പറഞ്ഞു.
മൂന്നാം വയസ് മുതൽ മോഷണങ്ങൾ ഉമാപ്രസാദിന്റെ ഹോബിയാണ്.അന്നേ ആഭരണങ്ങളോടാണ് ഇഷ്‌ടം. കുറ്റവാസനയുളള ഉമാപ്രസാദ് എങ്ങനെ ഖമ്മം പൊലീസ് സ്റ്റേഷനിൽ കയറിപ്പറ്റിയെന്നതാണ് കൗതുകം. സ്റ്റേഷനിലെ പാർട് ടൈം ജീവനക്കാരനായിരുന്ന ഇയാൾ ജീവനക്കാരുടെ വിശ്വസ്‌തനായിരുന്നു.പൊലീസ് സ്റ്റേഷനിലെ രഹസ്യങ്ങളെല്ലാം അറിയാമായിരുന്ന ഉമാപ്രസാദ് അതും മുതലാക്കി. പത്തോളം ആഭരണ മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചും മോഷണം നടത്തിയിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. മോഷ്‌ടിക്കുന്ന സ്വർണം പണയം വച്ച് കിട്ടുന്ന പണമാണ് വരുമാനം. വിമാനയാത്രയ്‌ക്കടക്കം ചെലവാക്കുന്നതും ഈ തുകയാണ്.
മണക്കാട് നജാബിന്റെ വീട്ടിൽ നടന്ന മോഷണത്തിൽ ആഭരണങ്ങൾക്കൊപ്പം സി.സി ടി.വി ബോക്‌സും കൊണ്ടുപോയി. മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് ജൂൺ 25 മുതൽ തൃശൂരിലായിരുന്ന നജാബും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.മോഷണദൃശ്യം പതിഞ്ഞ ക്യാമറ തുണികൊണ്ട് മറച്ച ശേഷം സി.സി.ടി.വി ബോക്‌സ് കള്ളൻ കൊണ്ടുപോവുകയായിരുന്നു.
അന്നേ മൂലവിളാകത്തെ കളളൻ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. പിന്നാലെയാണ് പേട്ടയിലെയും ഫോർട്ടിലെയും പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായുളള അന്വേഷണം ആരംഭിച്ചത്.പേട്ട സി.ഐ സാബു.ബി,ഫോർട്ട് സി.ഐ രാകേഷ്.കെ, തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് എസ്.ഐ ഉമേഷ്,പേട്ട എസ്.ഐ അഭിലാഷ്,ഫോർട്ട് എസ്.ഐമാരായ വിനോദ്,സാബു,തിരുവനന്തപുരം സിറ്റി ഷാഡോ ടീം സിവിൽ പൊലീസ് ഓഫീസർമാരായ ദീപു,രാജീവ്,രഞ്ജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha