എതിര്‍ത്തു നില്‍ക്കുന്നവന്‍ ഒരേ ദിശയില്‍തന്നെ യുദ്ധംചെയ്ത് തളരും; അതു ഭേദിച്ച് പുറത്തെത്തുക ദുഷ്‌കരമാണ്; വര്‍ഗീയ വെറി പൂണ്ടവരുടെ കത്തിമുനയിലാണ് അവന്റെ സ്വപ്നങ്ങള്‍ ഇല്ലാതായത്; ഒരു നാടിനെ ഒന്നാകെ സങ്കടത്തിലാഴ്ത്തി മഹാരാജാസിലെ അഭിമന്യു ഓര്‍മ്മയാകുമ്പോള്‍

അഭിമന്യുവെന്ന ഇരുപതുകാരന്‍ കത്തിമുനയില്‍ ലോകത്തു നിന്നും വിട പറയുമ്പോള്‍ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോ അഭിമന്യുവിനെ വിലയിരുത്തുന്നതിങ്ങനെ. മഹാഭാരത യുദ്ധത്തിലാണ് ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെക്കുറിച്ച് വിവരിക്കുന്നത്. മഹാരഥന്മാര്‍ യുദ്ധസ്ഥാനങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സേനാവിന്യാസമാണ് ചക്രവ്യൂഹം. ഇങ്ങനെയുള്ള സ്ഥാനമാറ്റം വഴി അവരുടെ യുദ്ധമുന്നണി എപ്പോഴും സജീവമായിരിക്കും. എന്നാല്‍, എതിര്‍ത്തുനില്‍ക്കുന്നവന്‍ ഒരേ ദിശയില്‍തന്നെ യുദ്ധംചെയ്ത് തളരും. അതു ഭേദിച്ച് പുറത്തെത്തുക ദുഷ്‌കരമാണ്.
ജീവിതത്തിലും രാഷ്ട്രീയത്തിലും വെല്ലുവിളികളും എതിര്‍പ്പുകളുമൊക്കെ ചക്രവ്യൂഹം തീര്‍ക്കുന്ന സാഹചര്യങ്ങളുണ്ടാകും. കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കി അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് ലക്ഷ്യത്തിലേക്ക് മുന്നേറണം. സൂത്രപ്പണിയൊന്നും വശമില്ലാത്ത നീ സൂക്ഷിക്കണം. പക്ഷേ അപ്പോഴൊന്നും ഇത്തരമൊരു ദുരന്തത്തിന് താന്‍ സാക്ഷിയാകുമെന്ന് സൈമണ്‍ ബ്രിട്ടോ കരുതിയിരുന്നില്ല.
അഭിമന്യുവിന്റെ വിയോഗത്തില്‍നിന്ന് അദ്ദേഹം ഇപ്പോഴും മോചിതനായിട്ടില്ല. വര്‍ഗീയ വെറി പൂണ്ടവരുടെ കത്തിമുനയിലാണ് അവന്റെ സ്വപ്നങ്ങള്‍ ഇല്ലാതായതെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. ജനറല്‍ ആശുപത്രിയിലും മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിന് മുന്നിലും നിറകണ്ണുകളോടെ അദ്ദേഹമവനെ പിന്തുടര്‍ന്നു. ഭാര്യ സീനയും മകള്‍ നിലാവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
സൈമണ്‍ ബ്രിട്ടോയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു അഭിമന്യു. 1800 പേജുള്ള അദ്ദേഹത്തിന്റെ യാത്ര വിവരണത്തിന്റെ ഏറിയ പങ്ക് പകര്‍ത്തിയെഴുതിയതും അഭിമന്യുവാണ്. എല്ലാവരോടും വലിയ സ്‌നേഹമായിരുന്നു അവന്. കുടുംബാംഗത്തെ പോലെയായിരുന്നു. തന്നെ കട്ടിലില്‍നിന്ന് ഉയര്‍ത്താനും ഫിസിയോ തെറാപ്പി ചെയ്യാനും സഹായിക്കും. കഴിഞ്ഞദിവസം മുണ്ട് സമ്മാനമായി നല്‍കി. അവനത് ഉടുത്തിരുന്നോയെന്ന് അറിയില്ലെന്ന് പറയുമ്പോഴേക്കും ബ്രിട്ടോയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും ജീവിത പ്രാരബ്ധങ്ങളും അവനെ വലച്ചിരുന്നു. വീട്ടില്‍പോകാന്‍ പൈസയില്ലെങ്കില്‍പോലും കൊടുത്താല്‍ വാങ്ങാത്ത പ്രകൃതം. ഭക്ഷണം കൊടുത്താല്‍ ഹോസ്റ്റലില്‍ ആരും കഴിച്ചിട്ടുകൂടിയില്ലെന്നു പറഞ്ഞായിരുന്നു അവനത് കഴിച്ചിരുന്നത്. സഹജീവികളോടുള്ള അവന്റെ സ്‌നേഹം എന്നിലുണ്ടാക്കിയ മതിപ്പിന് പരിധിയില്ലായിരുന്നെന്നും കണ്ണീരോടെ അദ്ദേഹം ഓര്‍ക്കുന്നു.
https://www.facebook.com/Malayalivartha



























