സഭാ ആസ്ഥാനത്ത് അന്വേഷണത്തിന് ചെന്ന ഐ ജി ശ്രീജിത്തിന് എന്തു സംഭവിക്കും?

ഐ ജി ,എസ്. ശ്രീജിത്ത് ക്രൈംബ്രാഞ്ച് ഐജി സ്ഥാനത്ത് നിന്ന് തെറിക്കുമോ? ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് സന്ദർശനം നടത്തിയതിനെ തുടർന്നാണ് ശ്രീജിത്തിന്റെ ഭാവി തുലാസിലായത്. കുമ്പസാര രഹസ്യം പുറത്തുവിട്ട് ചൂഷണം ചെയ്ത സംഭവത്തിലാണ് അന്വേഷണത്തിനായി ഐ ജി കാതോലിക്കാ ബാവയുടെ മുന്നിലെത്തിയത്. അഞ്ച് വൈദികർക്കെതിരെയാണ് ആരോപണം ഉയർന്നത്.
പ്രതിഭാധനനായ ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്. അദ്ദേഹത്തിന്റെ തീരുമാനങ്ങളിൽ പലരും പിൽക്കാലത്ത് ശരിയായിട്ടുണ്ട്. കേസ് അന്വേഷിക്കുമ്പോൾ ബാഹ്യ ഇടപെടൽ അദ്ദേഹം അനുവദിക്കാറില്ല. സർക്കാരോ മേലുദ്യോഗസ്ഥരോ ശ്രീജിത്തിനെ നിയന്ത്രിക്കാറുമില്ല. നിയന്ത്രണം അദ്ദേഹം ഇഷ്ടപ്പെടുന്നുമില്ല.
ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് പോലീസ് കയറി എന്നത് ചെറിയ കാര്യമില്ല. സാധാരണ സമുദായങ്ങളുടെ ആസ്ഥാനത്ത് പോലീസ് കയറാറില്ല. കയറേണ്ടി വരുന്ന സന്ദർഭങ്ങൾ പോലീസുകാർ ഒഴിവാക്കാറുണ്ട്. അങ്ങനെ കാണണമെന്ന് നിർബന്ധമുണ്ടെങ്കിൽ തന്നെ ഉയർന്ന ഉദ്യോസ്ഥരുടെ അനുവാദം വാങ്ങിയായിരിക്കും. ശ്രീജിത്തിന്റെ സഭാ സന്ദർശനം വാർത്തയായത് തീർച്ചയായും സഭയെ സംബന്ധിച്ചടത്തോളം നാണക്കേടായി. കാതോലിക്കാ ബാവ കേസിൽ കക്ഷിയേയല്ല.
കൈസ്തവ സഭാധ്യക്ഷൻമാർ ഇതിൽ അസ്വസ്ഥരാവുകയാണെങ്കിൽ ചിത്രം മാറി മറിയും. ക്രൈസ്തവർ സാധാരണ ഇത്തരം സംഭവങ്ങൾ ക്രിയാത്മകമായി കൈകാര്യം ചെയ്യാറാണ് പതിവ്. എന്നിരുന്നാലും പോലീസ് സഭാ ആസ്ഥാനം സന്ദർശിക്കുന്നത് അവർ ഒരിക്കലും അംഗീകരിക്കുകയില്ല.
മുമ്പ് എറണാകുളം മേഖലാ ഐജിയായിരുന്ന ശ്രീജിത്ത് ഒരു ക്വട്ടേഷൻ നേതാവിനെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലാണ് തെറിച്ചത്. സി പി എമ്മിന്റെ എറണാകുളം ജില്ലയിലെ ചില പ്രമുഖർക്ക് ക്വട്ടേഷൻ നേതാവുമായി ബന്ധമുണ്ടായിരുന്നു. ഇക്കാര്യം അറിഞ്ഞോ അറിയാതെയോ ആണ് ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. അതോടെ റേഞ്ച് ഐജി സ്ഥാനം തെറിച്ചു.
ഏറെ നാളായി അദ്ദേഹം ക്രൈംബ്രാഞ്ചിൽ തുടരുകയാണ്. സി പി എമ്മിന് പ്രിയപ്പെട്ട ഉദ്യോഗസ്ഥനാണെങ്കിലും ചില നേരങ്ങളിൽ അദ്ദേഹം മസിൽ പിടിക്കും. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും ശ്രീജിത്തിനോട് താത്പര്യമുണ്ട്. സേവനമികവാണ് ഇതിനുള്ള പ്രധാന കാരണം. സഭയെ വേദനിപ്പിക്കാതെ വിഷയം കൈകാര്യം ചെയ്യാനാണ് അന്വേഷണം ശ്രീജിത്തിന് തന്നെ നൽകിയത്. എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടായ മട്ടിലാണ് കാര്യങ്ങൾ.
കോൺഗ്രസിനും ലീഗിനും ശ്രീജിത്തിനോട് താല്പര്യമില്ല. കുഞ്ഞാലിക്കുട്ടിയുമായി ഐ ജി വഴക്കിലുമാണ്. കുഞ്ഞാലിക്കുട്ടിയുടെ ശത്രുവായ റൗഫുമായുള്ള ബന്ധമാണ് കാരണം.
https://www.facebook.com/Malayalivartha



























