കള്ള നോട്ടടി വ്യാപകം; കൊല്ലത്ത് സീരിയൽ നടിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 57 ലക്ഷം രൂപയുടെ കള്ള നോട്ട്

ഇടുക്കി വട്ടവടയില്‍ നടന്ന കള്ളനോട്ട് വേട്ടയ്ക്ക് പിന്നാലെ സീരിയൽ നടിയും അമ്മയും സഹോദരിയും ഉൾപ്പെടെ മൂന്നുപേർ പോലീസ് പിടിയിലായി. വട്ടവടയില്‍ നിന്നും 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പോലീസ് കണ്ടെടുത്തതിന് പിന്നാലെയായിരുന്നു നടിയുടെ വീട്ടിലെ അപ്രതീക്ഷിത റെയ്ഡ്. മലയാളം ചാനലുകളിലെ വിവിധ സീരിയലുകളിൽ അഭിനയിക്കുന്ന നടി സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെത്തുടർന്ന് രമാദേവിയുടെ കൊല്ലം മനയില്‍ കുളങ്ങര വനിതാ ഐടി.ഐ ക്ക് സമീപം ഉള്ള വീട്ടിലും പരിശോധനകൾ നടത്തിയിരുന്നു. ഇതോടെ നടിയുടെ വീട്ടിൽ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ടടിക്കുന്ന മെഷീനും പോലീസ് പിടിച്ചെടുത്തു.
500 ന്റെയും 200 ന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. നോട്ടുകള്‍ അച്ചടിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടർ, പ്രിന്റര്‍ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊല്ലത്തെ ആഡംബര വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കള്ളനോട്ടടി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. നടിയുടെ അമ്മയെ ഇവിടെ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവിടം കേന്ദ്രീകരിച്ച് കഴിഞ്ഞ ആറുമാസമായി കള്ളനോട്ടടി നടക്കുന്നുണ്ടന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ കസ്റ്റഡിയിലുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് നീക്കം. വട്ടവടയില്‍ പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊല്ലത്താണ് കള്ളനോട്ടുകള്‍ അച്ചടിക്കുന്നെന്ന വിവരം പൊലീസിനു ലഭിച്ചത്.

https://www.facebook.com/Malayalivartha



























