തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഡയാലിസിസ് യൂണിറ്റിൽ അണുബാധ ; ഡയാലിസിസിന് വിധേയരായ ആറ് രോഗികൾക്ക് ബർക്കോൾഡേറിയ ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ അണുബാധ. ഡയാലിസിസിന് വിധേയരായ ആറ് രോഗികൾക്കാണ് ബർക്കോൾഡേറിയ ബാക്ടീരിയാ ബാധ സ്ഥിരീകരിച്ചത്. ഇത് രണ്ടാം തവണയാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിൽ അണുബാധ ഉണ്ടാകുന്നത്.
ആശുപത്രി സൂപ്രണ്ട് വിളിച്ചുചേർത്ത യോഗത്തിൽ ഡയാലിസിസ് യൂണിറ്റിന്റെ വാട്ടർ ടാങ്ക് അണുവിമുക്തമാക്കാനും ഡയാലിസിസ് യൂണിറ്റിലെ നിലവിലെ വാട്ടർ ട്യൂബുകൾക്ക് പകരം സ്റ്റെയിൻലെൻസ് സ്റ്റീൽ പൈപ്പുകൾ സ്ഥാപിക്കാനും തീരുമാനിച്ചതോടെയാണ് അണുബാധ സംഭവം പുറം ലോകം അറിഞ്ഞത്.
ഡയാലിസിസിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിലുണ്ടായ പിഴവോ വെള്ളം ശുദ്ധമല്ലാത്തതോ ആകാം ബാക്ടീരിയ ബാധയ്ക്ക് കാരണമെന്നാണ് നിഗമനം. വൃക്ക തകരാറിനെ തുടർന്ന് ശാരീരികമായി അവശരായി കഴിയുന്ന രോഗികൾക്ക് രോഗപ്രതിരോധ ശേഷി കുറവായതിനാൽ ബാക്ടീരിയ ബാധയുണ്ടായാൽ ശ്വാസകോശം, കരൾ തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവർത്തനദി അത് ബാധിക്കും.
കാരുണ്യയുടെ ഡയാലിസിസ് യൂണിറ്റ് ഷോർട്ട് സർക്യൂട്ടിൽ നശിച്ചതിനാൽ അവിടെയുള്ള രോഗികളേയും സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിലാണ് ഡയാലിസിസിന് വിധേയരാക്കുന്നത്. പരിശോധനയിൽ അഞ്ച് മെഷീനുകളിൽ അണുബാധ കണ്ടെത്തി. ഇവ അണുവിമുക്തമാക്കി വീണ്ടും പ്രവർത്തനക്ഷമമാക്കി.
https://www.facebook.com/Malayalivartha






















