തങ്ങളെ ആശ്വസിപ്പിക്കാനെത്തിയ അഭിയുടെ പ്രിയപ്പെട്ട അധ്യാപികയായ ജൂലി മിസിനെ ആശ്വസിപ്പിക്കാനാവാതെ മാതാപിതാക്കള്‍.... അഭിമന്യുവിന്റെ പുസ്തകത്തില്‍ അവനുവേണ്ടി രണ്ട് വാക്ക് എഴുതാന്‍ കൊടുത്തപ്പോള്‍ കൈനീട്ടി വാങ്ങിയെങ്കിലും എന്തെഴുതണമെന്നറിയാതെ അവര്‍ പൊട്ടിക്കരഞ്ഞു, എങ്കിലും അഭിമന്യു എനിക്ക് എന്നെഴുതിയപ്പോഴേക്കും മിസ് നിയന്ത്രണം വിട്ട് അലമുറയിട്ടപ്പോള്‍ കൂടെ നിന്നവരും പൊട്ടിക്കരഞ്ഞു.... അവസാനം ജൂലി മിസ്... എന്നെഴുതി...

തങ്ങളെ ആശ്വസിപ്പിക്കാനെത്തിയ അഭിയുടെ പ്രിയപ്പെട്ട അധ്യാപികയായ ജൂലി മിസിനെ ആശ്വസിപ്പിക്കാനാവാതെ മാതാപിതാക്കള്‍. എഴുതാനൊരുങ്ങിയ വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ ജൂലിടീച്ചര്‍ പൊട്ടിക്കരഞ്ഞപ്പോള്‍ വട്ടവട കൊട്ടക്കമ്പൂരിലെ ആ ഒറ്റമുറി വീട് വീണ്ടും ശോകമൂകമായി. ഇന്നലെ ഉച്ചയോടെയാണ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എന്‍. കൃഷ്ണകുമാര്‍, ഡോ. എം.എസ്. മുരളി എന്നിവരുടെ നേതൃത്വത്തില്‍ അദ്ധ്യാപകരും ജീവനക്കാരും അഭിമന്യുവിന്റെ വീട്ടിലെത്തിയത്. കൂട്ടത്തില്‍ അഭിയുടെ പ്രിയപ്പെട്ട അദ്ധ്യാപികയും മഹാരാജാസ് കോളേജിലെ എന്‍.എസ്.എസ് കോഓര്‍ഡിനേറ്ററുമായ ജൂലിചന്ദ്രയുമുണ്ടായിരുന്നു.
പരസ്പരം കണ്ടമാത്രയില്‍ ആശ്വാസവാക്കുകളില്ലാതെ കണ്ണീര്‍ തൂകിയ അദ്ധ്യാപിക ഒറ്റമുറി വീട്ടിലെ കസേരയില്‍ തലകുമ്പിട്ടിരുന്നു. അഭിയുടെ പിതാവ് മനോഹരനും മാതാവ് ഭൂപതിയും തങ്ങളെ ആശ്വസിപ്പാക്കാനെത്തിയ ടീച്ചറെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ വിഷമിച്ചു.
സ്ഥലത്തുണ്ടായിരുന്ന ദേവികുളം പഞ്ചായത്ത് അംഗം പി.കെ. സുരേഷ് അഭിമന്യുവിന്റെ പുസ്തകങ്ങളും നോട്ട് ബുക്കുകളും സൂക്ഷിക്കുന്ന തകരപ്പെട്ടിയില്‍ നിന്നു പഴയ ഫിസിക്‌സ് നോട്ട് ബുക്ക് എടുത്ത് ജൂലി ടീച്ചര്‍ക്ക് നേരെനീട്ടി. ഇതില്‍ അവനുവേണ്ടി രണ്ട് വാക്ക് എഴുതാമോ എന്നു ചോദിച്ചപ്പോള്‍ കൈനീട്ടിവാങ്ങിയെങ്കിലും എന്തെഴുതണമെന്നറിയാതെ അവര്‍ പൊട്ടിക്കരയുകയായിരുന്നു. കൂടെ നിന്നവരുടെ നിര്‍ബന്ധത്തിന് വഴങ്ങി എഴുതിതുടങ്ങി
അഭിമന്യു എനിക്ക് '' പൂര്‍ത്തിയാക്കാത്ത ആ വാക്കുകള്‍ നിയന്ത്രണംവിട്ട അലമുറയായപ്പോള്‍ ആശ്വസിപ്പിക്കാനാവാതെ ചുറ്റും നിന്നവരും കൂടെ കരയുകയായിരുന്നു. ഒരുനിമിഷം കരച്ചിലടക്കി ജൂലി മിസ്' എന്ന് മാത്രം എഴുതി നിറുത്തി.
മഹാരാജാസ് കോളേജില്‍ നടന്ന അനുസ്മരണ യോഗത്തിലും ജൂലിടീച്ചര്‍ അഭിമന്യുവിനെ കുറിച്ച് വാചാലയായിരുന്നു അവന്‍ എന്റെ വലം കൈയായിരുന്നു. അനുസരണയും സത്യസന്ധതയും അവന്റെ കൈമുതലായിരുന്നു, നിങ്ങളും അവനെപ്പോലെയാവണം, എന്നും സത്യസന്ധനും നിഷ്‌കളങ്കനുമായ അഭിമന്യുവിനെ എല്ലാവരും അറിയണം എന്നു പറഞ്ഞ് വിതുമ്പിക്കൊണ്ട് അന്നും പ്രസംഗം ഇടയ്ക്ക് വച്ച നിറുത്തുകയായിരുന്നു.
മകന്റെ കൊലയാളികളെ പത്ത് ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ തങ്ങള്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരന്‍ വെളിപ്പെടുത്തി. ഇന്നലെ കൊട്ടക്കമ്പൂരിലെ വീട്ടിലെത്തിയ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ അടക്കമുള്ള അദ്ധ്യാപകരോട് സംസാരിക്കുമ്പോഴാണ് മനോഹരന്‍ വികാരഭരിതമായി സംസാരിച്ചത്.
പത്തു ദിവസത്തിനുള്ളില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ താനും കുടുംബവും ജീവിച്ചിരിക്കില്ലെന്ന വെളിപ്പെടുത്തല്‍ കൂടിനിന്നവരെ സ്തംബ്ദരാക്കി. അതൊന്നും വേണ്ടിവരില്ലെന്നും നല്ലനിലയില്‍ കേസ് അന്വേഷണം നടക്കുന്നുവെന്നും പറഞ്ഞ് അദ്ധ്യാപകര്‍ മനോഹരനെ ആശ്വസിപ്പിക്കുകയായിരുന്നു. കോളേജ് അധികൃതര്‍ അഞ്ചുലക്ഷത്തോളം രൂപ മനോഹരന് കൈമാറുകയും ചെയ്തു.
https://www.facebook.com/Malayalivartha























