കളഞ്ഞുപോയ മൂന്ന് ലക്ഷം തിരിച്ച് കിട്ടിയപ്പോള്‍ വിശ്വസിക്കാനായില്ല

കഴിഞ്ഞ ദിവസം റോഡില്‍ നിന്ന് കളഞ്ഞുകിട്ടിയ പണം കണ്ടപ്പോള്‍ കോഴിക്കോട്ടുകാരന്‍ ഷാലു അത്ഭുതപ്പെട്ടു. ആദ്യം പല സ്വപ്നങ്ങള്‍ മനസില്‍ തോന്നിയെങ്കിലും കാശ് പോയവന്റെ മുഖം ഓര്‍ത്തപ്പോള്‍ പണം സ്‌റ്റേഷനിലെത്തി പൊലീസുകാരെ ഏല്‍പ്പിച്ചു. കളഞ്ഞുകിട്ടിയ മൂന്നുലക്ഷം രൂപ പൊലീസിനെ ഏല്‍പ്പിച്ച് കോഴിക്കോടിന്റെ കയ്യടി വാങ്ങിയിരിക്കുകയാണ് കാപ്പാട് അഴീക്കല്‍ വീട്ടില്‍ പ്രഭാകരന്റെ മകനായ ഷാലു.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ബേബി മെമോറിയല്‍ ആശുപത്രിക്കു സമീപം നിന്ന് മൂന്നുലക്ഷം രൂപ ഷാലുവിന് കളഞ്ഞു കിട്ടുന്നത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കെട്ടുകളായി റോഡില്‍ വീണുകിടക്കുകയായിരുന്നു നോട്ടുകള്‍.
ആശുപത്രി ആവശ്യത്തിനോ മറ്റോ കൊണ്ടുപോകുന്ന അത്യാവശ്യ കാശാണെന്ന തോന്നലില്‍ ഞാന്‍ പൊലീസിനെ ഉടന്‍ ഏല്‍പ്പിക്കുകയായിരുന്നു,ഷാലു പറഞ്ഞു. അര മണിക്കൂറിനുള്ളില്‍ തന്നെ ഷാലു പണവുമായി കസബ പൊലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. പണം നഷ്ടപ്പെട്ടയാള്‍ കണ്ണീരും കൈയുമായി സ്‌റ്റേഷനില്‍ ഇരിപ്പുണ്ടായിരുന്നു.
മുതലാളി ഏല്‍പ്പിച്ച മൂന്നുലക്ഷം രൂപയുമായി ബാങ്കില്‍ അടയ്ക്കാന്‍ പോകും വഴിയാണ് ആഷിഖിന്റെ കയ്യില്‍ നിന്ന് പണം നഷ്ടപ്പെടുന്നത്. ബാങ്കിലെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നതു തന്നെ. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പണവുമായി ഷാലുവിനെ നേരില്‍ കണ്ടപ്പോള്‍ ആഷിഖിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകളില്‍ സന്തോഷം വിടര്‍ന്നെങ്കിലും വിറ നിന്നിട്ടുണ്ടായിരുന്നില്ല. ഒടുവില്‍ കസബ എസ്‌ഐ സിജിത്, വി, എഎസ്എ ബിജിത്, പിആര്‍ഒ വിനോദ് എന്നിവരുടെ സാന്നിധ്യത്തില്‍ തുക തിരിച്ചേല്‍പ്പിക്കുകയായിരുന്നു.
വല്ലവരുടെയും പണം കയ്യില്‍ കിട്ടിയാല്‍ അത് ഗുണം ചെയ്യില്ലെന്നാണ് ഷാലുവിന്റെ വിശ്വാസം. പണം കളഞ്ഞുകിട്ടുമമ്പോള്‍ തിരിച്ചേല്‍പിച്ച സമാനസംഭവങ്ങളുടെ വാര്‍ത്തകളും തന്നെ സ്വാധീനിച്ചതായി തൃശൂര്‍ എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ സെയില്‍സ് മാനേജരായ ഷാലു പറയുന്നു.
https://www.facebook.com/Malayalivartha























