ജലന്ധർ ബിഷപ്പിനെതിരെ കൂടുതൽ ആരോപണങ്ങൾ ; കേരള സന്ദര്‍ശനത്തിനിടെ മറ്റ് മഠങ്ങളിലെത്തിയിരുന്നോ എന്ന് അന്വേഷിക്കും ; അറസ്റ്റിനു മുമ്പ് ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കുമെന്ന് റിപ്പോർട്ട്

ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെതിരായ ലൈംഗിക ആരോപണത്തിൽ സഭയ്ക്ക് കീഴിലെ മറ്റ് മഠങ്ങളിലും തെളിവെടുപ്പ് നടത്തും. കണ്ണൂർ ജില്ലയിലുള്ള രണ്ട് മഠങ്ങളിൽ തെളിവെടുപ്പ് നടത്തിയതിനു ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എന്നാൽ അറസ്റ്റിനു മുമ്പ് ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കുമെന്ന് റിപ്പോർട്ട്.
2014 മുതലുള്ള കാലയളവിൽ ബിഷപ്പ് നടത്തിയ കേരള സന്ദർശനത്തിനിടെയിൽ 13 തവണ താൻ പീഡനത്തിനിടയായി എന്നാണ് കന്യാസ്ത്രീയുടെ മൊഴി. അതുകൊണ്ട് തന്നെ കേരള സന്ദർശനത്തിനിടയിൽ ബിഷപ്പ് മറ്റു മഠങ്ങളിൽ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് അന്വേഷണസംഘം.
കുറവിലങ്ങാടിന് പുറമേ കണ്ണൂർ ജില്ലയിലാണ് ജലന്ധർ സഭയ്ക്ക് മഠങ്ങൾ ഉള്ളത്. ഇവിടെ നേരിട്ടെത്തി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മഠങ്ങളിലെ രജിസ്റ്ററുകൾ വിശദമായി പരിശോധിക്കുന്നതിനൊപ്പം കന്യാസ്ത്രീകളിൽ നിന്നും മൊഴിയും രേഖപ്പെടുത്തും.
എല്ലാ തെളിവുകളും ശേഖരിച്ചതിനു ശേഷം മാത്രം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങിയാൽ മതിയെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം. തെളിവെടുപ്പ് പൂർത്തിയായതിനുശേഷം മാത്രമേ ബിഷപ്പിനെ ചോദ്യംചെയ്യുകയുള്ളൂ. അന്വേഷണം ജലന്ധറിലേക്ക് വ്യാപിപ്പിക്കുന്നതിനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.
അതേസമയം കേസില്‍ നിര്‍ണായക തെളിവായ കന്യാസ്ത്രീയുടെ കാണാതെ പോയ മൊബൈല്‍ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം നടത്തുന്നുണ്ട്. ഇതിനിടെ ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നവര്‍ക്ക് മദര്‍ സുപ്പീരിയര്‍ ഭീഷണിക്കത്തയച്ചതായി പരാതി ഉയരുന്നുണ്ട്. ബിഷപ്പിനെതിരെ ഗൂഢാലോചന നടത്തിയെന്ന് കാണിച്ച് മറ്റൊരു കന്യാസ്ത്രീയെയും സഭ താക്കീത് ചെയ്തിട്ടുണ്ട്. ബിഷപ്പിനെ പിന്തുണച്ച് ജലന്ധര്‍ സഭയിലെ വൈദികരും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























