സ്ത്രീകൾ നടത്തുന്ന ഹോട്ടലിൽ കയറിയ കള്ളൻ ഭക്ഷണമുണ്ടാക്കി കഴിച്ച് കുളിയും കഴിഞ്ഞ് പെട്ടിയിലെ 5000 രൂപയുമെടുത്തു കടന്നു കളഞ്ഞു

കൽപറ്റ, വെള്ളമുണ്ടയിൽ സ്ത്രീകൾ നടത്തുന്ന ഹോട്ടലിൽ കയറിയ കള്ളൻ ഭക്ഷണമുണ്ടാക്കി കഴിച്ച് കുളിയും കഴിഞ്ഞ് പെട്ടിയിലെ 5000 രൂപയുമെടുത്തു കടന്നു കളഞ്ഞു. വെള്ളമുണ്ട എട്ടേനാലില്‍ എയുപി സ്കൂളിനു മുന്‍പില്‍ സ്ത്രീകള്‍ നടത്തുന്ന രുചി മെസ് ഹൗസിലാണ് ഇന്നലെ രാത്രിയില്‍ കള്ളന്‍ കയറിയത്. അടുക്കളയിലെ അരിയെടുത്തു വേവിക്കാന്‍ വച്ച ശേഷം ഊണുകഴിക്കാനെത്തുന്നവര്‍ക്കു കൈകഴുകാന്‍ വച്ചിരുന്ന സോപ്പും തോര്‍ത്തുമുപയോഗിച്ചായിരുന്നു കുളി.
തുടർന്ന് പാലിയേറ്റിവ് കെയര്‍ സംഭാവനപ്പെട്ടിയിലെ പണം കൈക്കലാക്കുകയായിരുന്നു. എന്നാല്‍, ഇതിലെ 50 പൈസയുടെ നാണയങ്ങള്‍ കള്ളൻ ബാക്കി വച്ചു. കുളിച്ച തോര്‍ത്ത് മേശപ്പുറത്തു വിരിച്ചിട്ട ശേഷം കയ്യിലുണ്ടായിരുന്ന പിച്ചാക്കത്തിയും സ്പാനറും ലൈറ്ററും സമീപത്തു വച്ചാണു കള്ളന്‍ തിരിച്ചുപോയത്.
രാവിലെ ഹോട്ടല്‍ തുറക്കാനെത്തിയ സ്ത്രീകളാണു സംഭവം പൊലീസില്‍ അറിയിക്കുന്നത്.
ഇവിടെനിന്ന് നാലു കിലോമീറ്റര്‍ അകലെയാണു കഴിഞ്ഞ ദിവസം നവദമ്പതികളെ റിപ്പര്‍ മോഡലില്‍ വെട്ടിക്കൊലപ്പെടുത്തിയ വീട്. മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു പ്രദേശത്ത് വീണ്ടും മോഷണം നടന്നിരിക്കുന്നത്. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha























