കുമ്പസാര രഹസ്യം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച ഓര്‍ത്തഡോക്‌സ് സഭാ വൈദികരെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി, പ്രതികള്‍ക്ക് മൂന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാരും വാദിച്ചു

യുവതിയെ മാനഭംഗം ചെയ്ത വൈദികരെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി. ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. കുമ്പസാര രഹസ്യം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് അധ്യാപികയായ യുവതിയെ വൈദികര്‍ മാറി മാറി പീഡിപ്പിച്ചത്. സംഭവം അറിഞ്ഞ യുവതിയുടെ ഭര്‍ത്താവാണ് ആദ്യം പരാതി നല്‍കിയത്. പിന്നീടാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പ്രതികളെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം പ്രഥമദൃഷ്ട്യാ ഉണ്ടെന്നും കോടതി വ്യക്തമാക്കി. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം അതിന് അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കുന്നെന്നാണ് കോടതി പറഞ്ഞത്.
കേസ് ഡയറി കോടതി വിശദമായി പരിശോധിച്ചു. പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും സുപ്രീംകോടതിയുടെ മാനദണ്ഡങ്ങള്‍ പ്രതികളുടെ ആവശ്യങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു. ഓര്‍ത്തഡോക്‌സ് സഭ വൈദികരായ ഫാ. ജെയ്‌സ് കെ.ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവരാണ് അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കോടതി ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ വൈദികര്‍ കീഴടങ്ങിയേക്കുമെന്ന് അറിയുന്നു. മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്.
യുവതിയുടെ ഭര്‍ത്താവ് അഞ്ച് വൈദികര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ. എബ്രാഹം വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ തന്നെ പാഡിപ്പിച്ചെന്നാണ് യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം ക്രൈംബ്രാഞ്ച് അറസ്റ്റ് വൈകിക്കുകയായിരുന്നു. ഇന്നത്തെ കോടതി ഉത്തരവോടെ അറസ്റ്റ് ചെയ്യാതെ പൊലീസിന് മാര്‍ഗമില്ല. യുവതിയുടെ മൊഴി അനുസരിച്ച് പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നാണ് വൈദികരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. പരാതിക്കാരിക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു. എന്നാല്‍ മുന്‍കൂര്‍ജാമ്യം നല്‍കരുതെന്നു സര്‍ക്കാര്‍ നിലപാടെടുത്തു. വീട്ടമ്മയുടെ വിശ്വാസത്തെ വൈദികരായ പ്രതികള്‍ ദുരുപയോഗം ചെയ്‌തെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























