വനിതാ താരങ്ങൾ വഴങ്ങുമോ എന്ന് കണ്ടറിയാം... ഓഗസ്റ്റ് 7ന് കൊച്ചിയിൽ നടക്കുന്ന അമ്മയുടെ യോഗത്തിൽ മലയാള സിനിമയിൽ ഇടഞ്ഞ് നിൽക്കുന്ന വനിതാ താരങ്ങളുടെ ഭാവി അമ്മ തീരുമാനിക്കും

ഓഗസ്റ്റ് 7ന് കൊച്ചിയിൽ നടക്കുന്ന അമ്മയുടെ യോഗത്തിൽ മലയാള സിനിമയിൽ ഇടഞ്ഞ് നിൽക്കുന്ന വനിതാ താരങ്ങളുടെ ഭാവി അമ്മ തീരുമാനിക്കും. അമ്മയുടെ ഭാരവാഹികളും വനിതാ താരങ്ങളും തമ്മിൽ നടക്കുന്ന യോഗത്തിൽ അഭിപ്രായ ഭിന്നതകൾ പറഞ്ഞു തീർക്കാനാണ് തീരുമാനം. ഇതിൽ തീരുമാനമായില്ലെങ്കിൽ രേവതി, പാർവതി, പത്മപ്രിയ എന്നിവർ അമ്മയിൽ നിന്നും എന്നന്നേയ്ക്കുമായി വിടപറയും.
കലാപമുയർത്തിയ താരങ്ങൾക്ക് യോഗത്തിൽ പങ്കെടുക്കാൻ അമ്മ കത്ത് നൽകി കഴിഞ്ഞു. വിഷയങ്ങൾ അന്ന് അവസാനിച്ചില്ലെങ്കിൽ ഒരിക്കലും അവസാനിക്കില്ല. മോഹൻലാൽ നേരിട്ടാണ് യോഗത്തിൽ പങ്കെടുക്കുന്നത്. വിമൻ കളക്റ്റീവ് എന്ന സംഘടനയുമായിട്ടല്ല ചർച്ചയെന്ന് ഭാരവാഹികൾ ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. വിമൻകളക്ടീവും അമ്മയും ഒരുമിച്ച് പോകില്ലെന്ന വ്യക്തമായ സന്ദേശം 7 ന് നടക്കുന്ന യോഗത്തിൽ മോഹൻലാൽ നൽകും.
നടിമാരുടെ പ്രവർത്തനങ്ങളോട് അമ്മയിലെ മുതിർന്ന താരങ്ങൾക്ക് അഭിപ്രായ ഭിന്നതയുണ്ട്. മംമ്ത മോഹൻദാസ് വിമൻകളക്റ്റീവിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്ത് വന്നു. തനിക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിന് മറ്റൊരു സംഘടനയുടെ ആവശ്യമില്ലെന്നാണ് മംമ്ത പറഞ്ഞത്. മഞ്ജു വാര്യർക്കും മംമ്തയുടെ നിലപാടാണ് ഉള്ളത്. അവർ വിമൻകളക്റ്റീവ് ഉണ്ടാക്കിയെങ്കിലും പിന്നീട് അതുമായി സഹകരിച്ചില്ല. ദിലീപ് വിഷയത്തിൽ മഞ്ജു കടുത്ത നിലപാട് സ്വീകരിക്കാത്തതാണ് പെൺ താരങ്ങളെ പ്രകോപിപ്പിച്ചത്, ഏതായാലും മഞ്ജു പ്രകോപനങ്ങളിൽ വീഴാൻ സാധ്യതയില്ല.
ദിലീപ് വിഷയത്തിൽ ഒരു യോഗം വിളിക്കണമെന്ന് സ്ത്രീ താരങ്ങൾ അമ്മക്ക് കത്ത് നൽകിയിരുന്നു. വനിതാ താരത്തിന് അപകടം സംഭവിച്ചപ്പോൾ ഒപ്പം നിന്ന അമ്മ പക്ഷേ പിന്നീട് കൂടെ നിന്നില്ലെന്നാണ് കത്തിൽ പറയുന്നത്. അമ്മ പിളരുമെന്നു വരെ പ്രചരണങ്ങൾ ഉണ്ടായി. എന്നാൽ മൂന്നു താരങ്ങൾ ഒഴിച്ച് ബാക്കിയാരും അനുകൂലമായി പ്രതികരിച്ചില്ല. അമ്മയെ പിളർത്താനായിരുന്നു നടി പാർവതിയുടെ ശ്രമം. സ്ത്രീ താരങ്ങൾ പക്ഷേ അമ്മക്കൊപ്പമാണ് നിന്നത്.
കത്ത് ലഭിച്ചപ്പോൾ അമ്മയുടെ ഔദ്യോഗിക ഭാരവാഹികൾ യോഗം വിളിക്കുന്നതിനോട് സഹകരിച്ചില്ല. മോഹൻലാലാണ് യോഗം വിളിക്കാൻ തീരുമാനിച്ചത്. അദ്ദേഹം എറണാകുളത്ത് നടത്തിയ പത്രസമ്മേളനത്തിൽ ഇക്കാര്യം പറയുകയും ചെയ്തു. തുടർന്ന് മന്ത്രി എ കെ ബാലനുമായി ലാൽ നടത്തിയ ചർച്ചയിൽ മന്ത്രിയും ഇക്കാര്യം ആവശ്യപ്പെട്ടു. ലാൽ വഴങ്ങി. ഇനി വനിതാ താരങ്ങൾ വഴങ്ങുമോ എന്ന് കണ്ടറിയാം. ഒപ്പം അമ്മയുടെ ഭാരവാഹികളും. 7 ന് തീരുമാനമുണ്ടായില്ലെങ്കിൽ വിമൻ കളക്ടീവിന്റെ കാര്യത്തിലും തീരുമാനമാകും.
https://www.facebook.com/Malayalivartha






















