നിയമസഭ അംഗീകരിക്കുന്ന ബില്ലുകൾ ഗവർണർ തടഞ്ഞുവെക്കരുതെന്ന സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളെ അംഗീകരിക്കുന്നത് - എ കെ പി സി ടി എ

സംസ്ഥാന നിയമസഭ അംഗീകരിക്കുന്ന ബില്ലുകൾ ഗവർണർമാർ കാലതാമസമില്ലാതെ അംഗീകരിക്കണമെന്ന ഇന്നത്തെ സുപ്രീം കോടതി വിധി ഫെഡറൽ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണെന്ന് എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പ്രതിനിധാനം ചെയ്യുന്ന സംസ്ഥാന നിയമസഭയുടെയും സർക്കാരിൻ്റെയും പരമാധികാരത്തിന് കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്യുന്ന ഗവർണർമാർ തടസ്സം നിൽക്കുകയും, അത് വഴി തങ്ങളുടെ രാഷ്ട്രീയ താൽപര്യം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാറിന് കനത്ത തിരിച്ചടിയാണ് ഈ വിധി.
ഉന്നതവിദ്യാഭ്യാസ മേഖലയിലേതുൾപ്പെടെ പുരോഗമന ജനപക്ഷ പരിഷ്കാരങ്ങൾക്ക് തടസ്സം നിന്ന കേരളത്തിലെ മുൻ ചാൻസലർ ആരിഫ് മൊഹമ്മദ് ഖാനും, ഇപ്പോഴത്തെ ചാൻസലർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനും ഇതിന് കൂട്ടുനിന്നവർക്കും ഈ വിധിയിലൂടെ ലഭിച്ച കനത്ത പ്രഹരം കേരളത്തിൽ ഇതിനെതിരായി നടത്തിയ നിരവധിയായ സമരങ്ങൾക്കും, നിയമ പോരാട്ടങ്ങൾക്കും ലഭിച്ച അംഗീകാരം കൂടിയാണെന്ന് എ കെ പി സി ടി എ അഭിപ്രായപ്പെട്ടു.
നേരത്തേ തടഞ്ഞുവെച്ച ബില്ലുകളെല്ലാം എത്രയും വേഗം അംഗീകരിക്കുവാൻ
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗവർണർ തയ്യാറാകണമെന്നും, ഉന്നതവിദ്യാഭ്യാസ മേഖലയിലുൾപ്പെടെ കേരള സർക്കാർ നടത്തിവരുന്ന ജനപക്ഷ മുന്നേറ്റങ്ങൾക്കൊപ്പം നിന്ന് ചാൻസലർ പദവി ഉപയോഗിക്കാൻ ഗവർണർ ഇനിയെങ്കിലും തയ്യാറാകണമെന്നും എ കെ പി സി ടി എ സംസ്ഥാന പ്രസിഡൻ്റ് എ നിശാന്ത്, ജനറൽ സെക്രട്ടറി ഡോ ബിജുകുമാർ കെ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























