കേരളത്തിന് തിരിച്ചടിയായി വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ; ബന്ദിപ്പൂർ കടുവ സങ്കേതം വഴിയുള്ള രാത്രി യാത്രക്ക് വിലക്ക്

ഏറെനാളായി വിവാദം നിലനിൽക്കുന്ന ഒന്നാണ് ബന്ദിപ്പൂർ കടുവ സങ്കേതം വഴിയുള്ള രാത്രി യാത്ര. വിഷയത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കേരളത്തിന് തിരിച്ചടിയാണ്. രാത്രിയാത്ര തത്കാലം വേണ്ടെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. വിശദമായ പരിശോധനകൾക്ക് ശേഷമാണ് ഈ തീരുമാനം. രാത്രിയാത്ര നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട കേരള സർക്കാറിന് കനത്ത തിരിച്ചടിയാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ.
സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച വിദഗ്ധ സമിതി ബന്ദിപ്പൂരിലെ രാത്രി യാത്ര നിരോധനത്തെ പിന്തുണച്ചു. കൊല്ലഗൽ ദേശീയ പാത 766 കോയമ്പത്തൂർ ഗുണ്ടൽപേട്ട് ദേശീയ പാത 181 എന്നീ റോഡുകളിലാണ് ബന്ദിപ്പൂർ വന സങ്കേതത്തിൽ രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടയിൽ രാത്രി യാത്ര നിരോധിച്ച് 2010 ൽ കർണാടക ഹൈക്കോടതി ഉത്തരവ് ഇട്ടത്. തൊട്ടുപിന്നാലെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിക്കവെ റിപ്പോർട്ട് തയാറാക്കാൻ അഞ്ച് അംഗ വിദഗ്‌ധ സമിതിയെ നിയോഗിക്കണമെന്നും സംസ്ഥാനങ്ങൾ തമ്മിൽ അഭിപ്രായ സമന്വയത്തിൽ എത്തണമെന്നും കഴിഞ്ഞ ജനുവരിയിൽ സുപ്രീം കോടതി പറഞ്ഞിരുന്നു. ചർച്ചകൾക്ക് ശേഷം നിരോധനം തുടരണമെന്ന നിലപാടിൽ എത്തിച്ചേരുകയാണ് കർണാടക. കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയ സെക്രട്ടറി കേരള ,തമിഴ്‌നാട്, കർണാടക സംസ്ഥാന പ്രതിനിധികൾ, ദേശീയ കടുവ സംരക്ഷണ അതോറിറ്റി പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി നടത്തിയ ചർച്ചയിലാണ് തീരുമാനം. കേരളം , തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ പതിനാറ് ആർ.ടി.സി. ബസുകൾ രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടയിൽ വനത്തിലൂടെ കടത്തി വിടുന്നുണ്ട്. എന്നാൽ തത്കാലം കേരളത്തിൽ നിന്നുള്ള സഞ്ചാരികൾക്ക് രാത്രി യാത്ര ഇല്ല.
https://www.facebook.com/Malayalivartha

























