ജീവിത ചുമട് താങ്ങാനും പഠിക്കാനും കൊച്ചി തമ്മനത്ത് മീന്‍വില്‍ക്കുന്ന ഹനാന്‍ എന്ന ബിരുദ വിദ്യാര്‍ത്ഥി സ്ത്രീ സമൂഹത്തിനാകെ അഭിമാനമാകുന്നു...

ജീവിത ചുമട് താങ്ങാനും പഠിക്കാനും കൊച്ചി തമ്മനത്ത് മീന്‍വില്‍ക്കുന്ന ഹനാന്‍ എന്ന ബിരുദ വിദ്യാര്‍ത്ഥി സ്ത്രീ സമൂഹത്തിന് അഭിമാനമാകുന്നു. മിക്കദിവസങ്ങളിലും വൈകുന്നേരം കോളജ് യൂണിഫോമിലാണ് കച്ചവടം. തൊടുപുഴ അല്‍ അസര്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ഹനാന്‍. അതിരാവിലെ മൂന്ന് മണിക്ക് ഹനാന്‍ ഉണരും. ആദ്യം പഠനം. പിന്നെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ സൈക്കിളില്‍ ചമ്പക്കര മാര്‍ക്കറ്റിലേക്ക്... അവിടെ നിന്ന് മീനും സൈക്കിളും ഓട്ടോയില്‍ കയറ്റി നേരെ തമ്മനത്തേക്ക്... തമ്മനത്ത് മീനിറക്കി വാടക വീട്ടിലേക്ക്... കുളിച്ചൊരുങ്ങി 60 കിലോമീറ്റര്‍ അകലെയുള്ള കോളജിലേക്ക്....
കോളജ് വിട്ടാലുടന്‍ ബസില്‍ തമ്മനത്തേക്ക്... രാവിലെ വാങ്ങിയ മീന്‍ വില്‍പ്പന ആരംഭിക്കും. 20 കിലോ മീനാണ് വാങ്ങുക, അരമണിക്കൂറില്‍ കച്ചവടം പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങും. ഡോക്ടറാവണമെന്നായിരുന്നു കുഞ്ഞിലേ ഹനാന്റെ മോഹം. എന്നാല്‍ വീട്ടിലെ ചുറ്റുപാടുകള്‍ സ്വപ്‌നങ്ങളുടെ ചിറകരിച്ചു. പ്ലസ്ടു പഠനം മുടങ്ങി. പക്ഷെ, തളര്‍ന്നില്ല, ഫിനിക്‌സ് പക്ഷിയെ പോലെ പറന്നുയര്‍ന്നു. കൊച്ചിയിലെ കോള്‍ സെന്ററിലും മറ്റൊരു ഓഫീസിലും ജോലി ചെയ്തു. കോളജില്‍ ചേരാനുള്ള പണം അങ്ങനെയാണ് കണ്ടെത്തിയത്. അതിനിടെ, ചെവിക്ക് ശസ്ത്രക്രിയ വേണ്ടിവന്നു. കോളേജ് അധികൃതരുടെ ആശുപത്രിയില്‍ സൗജന്യമായി അത് നടത്തി.
ജീവിതപ്രരബ്ദങ്ങള്‍ക്കിടെ മറ്റൊരു ആഘാതവും ഹനാനെ തേടിയെത്തി... മാതാപിതാക്കള്‍ ബന്ധം വേര്‍പെടുത്തി. അതോടെ അമ്മ മാനസികമായി തകര്‍ന്നു. അനുജന്‍ അന്ന് പ്ലസ് ടുവിന് പഠിക്കുകയായിരുന്നു. ഹനാന്‍ പത്താംക്ലാസ് മുതല്‍ പ്ലസ് ടു വരെ വീടുകളില്‍ മറ്റ് കുട്ടികള്‍ക്ക് ട്യൂഷനെടുത്തും മുത്തുമാല കോര്‍ത്തു വിറ്റുമാണ പഠനത്തിനുള്ള വക സമ്പാദിച്ചത്. പ്ലസ്ടു കഴിഞ്ഞാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലെത്തിയത്. ആദ്യം രണ്ട് പേര്‍ മീന്‍ വില്‍ക്കാന്‍ സഹായിച്ചിരുന്നു. എന്നാല്‍ കൂടപ്പിറപ്പിനെ പോലെ കണ്ട ഒരാളുടെ ഇടപെടല്‍ മോശമായപ്പോള്‍ കച്ചവടം ഒറ്റയ്ക്കായി.
മീന്‍ വില്‍പ്പനയ്ക്ക് പുറമേ അവതാരകയായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. കവിതയെഴുതും കളരിയും വഴങ്ങും. അങ്ങനെയാണ് കലാഭവന്‍ മണി തന്റെ പല പരിപാടികളിലും ഹനാനെ കൂട്ടിയത്. കോളജ് ഫീസും വാടകയും തൃശ്ശൂരില്‍ കഴിയുന്ന അമ്മയുടെ ചെലവിനും മാസം നല്ല തുകയാകും. ഇതെല്ലാം കഠിനാധ്വാനത്തിലൂടെ കണ്ടെത്തുകയാണ് ഈ പെണ്‍കുട്ടി.
https://www.facebook.com/Malayalivartha

























