മരിച്ച് ചെല്ലുമ്പോൾ എന്റെ മോനോട് പറയണം, നിന്നെ കൊന്നവരെ ഞാൻ അകത്താക്കിയെന്ന്.... ഒരമ്മയുടെ വേദന ദൈവം കേട്ടൂ- ഉദയകുമാര്‍ ഉരുട്ടിക്കൊലപാതകത്തില്‍ രണ്ട് പ്രതികൾക്ക് വധ ശിക്ഷ

വൃദ്ധയായ ആ അമ്മയുടെ നെഞ്ചിനകത്ത് കത്തുന്ന തീയണയ്ക്കാൻ പതിമൂന്ന് വർഷങ്ങൾക്കിപ്പുറം ആ ശിക്ഷ ദൈവം വിധിച്ചു. മരിച്ച് ചെല്ലുമ്പോൾ എന്റെ മോനോട് പറയണം, നിന്നെ കൊന്നവരെ ഞാൻ അകത്താക്കിയെന്ന ഉള്ളുപിടയുന്ന വാക്കുകൾ സത്യമായി. പെറ്റുവളർത്തിയ മകനെ മനുഷ്യന്റെ ചിന്തകൾക്ക് അപ്പുറമുള്ള വേദന നൽകി ഇഞ്ചിഞ്ചായി കൊന്ന നരാധമന്മാർക്ക് വധശിക്ഷ വിധിച്ച് ദൈവത്തിന്റെ കോടതി ആ അമ്മയെ ഒടുവിൽ താങ്ങി.
ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ തടിബെഞ്ചില്‍ ഉദയകുമാറിനെ ഇരുമ്പ് ദണ്ഡിന് ഉരുട്ടിക്കൊന്നതിലെ സത്യം പതിമൂന്ന് വർഷങ്ങൾക്കിപ്പുറം തെളിഞ്ഞു. അതിന് സിബിഐ എത്തേണ്ടി വന്നു. നടന്നതെല്ലാം അസ്വാഭാവികമാണ്. ഒരു സാധാരണക്കാരനെ കൊലപ്പെടുത്തിയാലും എങ്ങനേയും രക്ഷപ്പെടാന്‍ കഴിയുമെന്ന പൊലീസുകാരുടെ ആത്മവിശ്വാസത്തെയാണ് പ്രഭാവതിയമ്മ തകര്‍ത്തെറിഞ്ഞത്.
മകന്റെ ജീവനെടുത്തവര്‍ക്കെതിരെ ഒറ്റയാള്‍ പട്ടാളത്തെ പോലും പോരാട്ടം നടത്തി. ഒടുവില്‍ നിയമം അറിയാവുന്ന നിയമ പാലകരായിരുന്നവര്‍ക്ക് ശിക്ഷ എത്തുന്നു. ദൃക്‌സാക്ഷിയായ സുരേഷും പൊലീസുകാരും ഒരുഘട്ടത്തില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നു. എന്നാല്‍, ദൈവം അവശേഷിപ്പിച്ചപോലെ ചില തെളിവുകള്‍ കോടതിയില്‍ ഉയിര്‍ത്തെഴുന്നേറ്റു. അമ്മയുടെ മനസ്സ് പോലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു.
2005 സെപ്റ്റംബര്‍ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ ഇരുന്ന ഉദയകുമാറിനെയും സുഹൃത്ത് സുരേഷ് കുമാറിനെയും ഫോര്‍ട്ട് സിഐ ആയിരുന്ന ഇ.കെ.സാബുവിന്റെ ക്രൈം സ്‌ക്വാഡ് പിടികൂടി. സ്‌ക്വാഡ് അംഗങ്ങളായ ജിതകുമാറും ശ്രീകുമാറും ചേര്‍ന്നാണ് ഇവരെ ഫോര്‍ട്ട് സ്‌റ്രേഷനില്‍ എത്തിച്ചത്.
ഉദയകുമാറിന്റെ പക്കല്‍ ഉണ്ടായിരുന്ന 4020 രൂപയുടെ ഉറവിടത്തെ ചൊല്ലിയുള്ള ക്രൂരമായ മര്‍ദ്ദനത്തിലും ചോദ്യം ചെയ്യലിലുമാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടത്. ഈ തുക പൊലീസുകാര്‍ തട്ടിയെടുത്തു. ഇത് വേണമെന്ന് പറഞ്ഞതും കൊലയിലേക്ക് കാര്യങ്ങളെത്തിച്ചു. അമ്മയ്ക്ക് ഓണക്കോടി വാങ്ങാന്‍ സൂക്ഷിച്ചതായിരുന്നു ഈ തുക. അതാണ് ഉദയകുമാറിനെ വൈകാരികമായ ഇടപെടലിന് പ്രേരിപ്പിച്ചത്. ഇത് പൊലീസുകാരുടെ ക്രൂരതയിലേക്ക് കാര്യങ്ങളെത്തിച്ചു.
ഉദയകുമാര്‍ കസ്റ്റഡിയില്‍ മരിച്ചു എന്ന് ബോദ്ധ്യമായ പൊലീസ് ഉദ്യോഗസ്ഥര്‍ ഉദയകുമാറിനെ രാത്രി മോഷണക്കേസില്‍ പിടികൂടി എന്ന് സ്ഥാപിക്കാന്‍ കള്ള എഫ്.ഐ.ആര്‍ ഉണ്ടാക്കി. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നീ പ്രതികളില്‍ മാത്രം കേസ് ഒതുങ്ങിപ്പോയിരുന്നു. മൂന്നാം പ്രതിയായിരുന്ന കോണ്‍സ്റ്റബിള്‍ സോമന്‍ വിചാരണക്കിടെ മരണപ്പെട്ടു. അതുകൊണ്ട് മാത്രം കോടതിയുടെ ശിക്ഷയില്‍ നിന്ന് സോമന്‍ രക്ഷപ്പെട്ടു.
ഒന്നാം പ്രതിയും രണ്ടാം പ്രതിയുമായ കെ. ജിത കുമാറിനും എസ്.വി ശ്രീകുമാറിനുമാണ് തിരുവനന്തപുരം സിബിഐ കോടതി വധശിക്ഷ വിധിച്ചത്. ഇവരില്‍ നിന്ന് 2 ലക്ഷം രൂപ പിഴയും ഈടാക്കും. ഡിവൈഎസ്പി അജിത് കുമാർ, ഇ. കെ. സാബു എന്നിവർക്ക് ആറു വർഷം തടവും കോടതി വിധിച്ചു. 13 വർഷം മുമ്പ് നടന്ന കസ്റ്റഡി കൊലപാതകത്തിലാണ് വിധി വന്നത്.
സിബിഐ പ്രതിയാക്കിയിരുന്ന ആറു പൊലീസുകാരെ മാപ്പു സാക്ഷിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. ആദ്യം കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ വിചാരണ തുടങ്ങിയപ്പോള്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറി. ഇതേ തുടർന്ന് ഉദയകുമാറിൻറെ അമ്മ ഹൈക്കോടതിയിൽ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്. ഉദയകുമാറിനൊടൊപ്പം കസ്റ്റഡിയിലെടുത്ത സുരേഷ് ഉള്‍പ്പെട അഞ്ചുസാക്ഷികളാണ് കൂറുമാറിയത്. 2005 സെപ്തംബർ 27ന് രാത്രിയിലാണ് ഉദയകുമാർ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha

























