വണ്ടി സ്റ്റാർട്ട് ചെയ്തപ്പോഴാണ് പുറകിലത്തെ ആൾ കുട തുറക്കുന്നത്; വണ്ടി എടുക്കും മുന്നേ ശക്തിയായ കാറ്റ് വന്നു! മഴയാത്രയ്ക്കിടയിലെ അപകടം: മെഡിക്കൽ വിദ്യാർത്ഥിനിയുടെ കുറിപ്പ് വെെറൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവസാനവർഷ ഫോറൻസിക് മെഡിസിൻ പി.ജി വിദ്യാർത്ഥിനിയാണ് ഞാൻ. പ്രത്യേകതയുള്ള അഞ്ചു മരണങ്ങളാണ് മഴ തുടങ്ങി ഇത്രയും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഞങ്ങളുടെ മോർച്ചറിയിൽ മാത്രം വന്നിട്ടുണ്ട്. അഞ്ചിൽ നാലും സ്ത്രീകൾ !!
മരണരീതി ഇപ്രകാരം ആണ്. മഴയത്തും കാറ്റത്തും ഇരുചക്രവാഹനത്തിൽ കുടപിടിച്ചിരുന്നു പുറകിലിരുന്നു യാത്ര ചെയ്തവർ കാറ്റിന്റെ ശക്തിയിൽ തെറിച്ചു താഴെ വീണു തലയോട്ടിക്കും മസ്തിഷ്ക്കത്തിനും ക്ഷതമേറ്റ് കൊല്ലപ്പെടുന്നു. ട്രാഫിക് പൊലീസിനായിരിക്കും കൂടുതൽ കേസുകളെ പറ്റി അറിയാൻ സാദ്ധ്യത.
പുറകിലിരുന്നു യാത്ര ചെയ്യുന്നവർക്കു ഹെൽമെറ്റ് നിർബന്ധിതമല്ലാത്ത സാഹചര്യത്തിൽ ഈ കുടപിടിത്തം അങ്ങേയറ്റം അപകടമാണ് വിളിച്ചു വരുത്തുന്നത്. ഇങ്ങനെയൊരപകടം ഇന്ന് നേരിട്ട് കാണുകയും ചെയ്തു. വണ്ടി സ്റ്റാർട്ട് ചെയ്തപ്പോഴാണ് പുറകിലത്തെ ആൾ കുട തുറക്കുന്നത്. വണ്ടി എടുക്കും മുന്നേ ശക്തിയായ കാറ്റ് വന്നു.
കുട ഒരു ഭാഗത്തേക്ക് മലർന്നുപോയി. വണ്ടി ഒരു വശത്തേക്ക് ചെരിഞ്ഞു. യാത്ര തുടങ്ങിയ ശേഷമായിരുന്നു ഇത് സംഭവിച്ചിരുന്നതെങ്കിൽ കൂടുതൽ അപകടം ആയേനെ. കാറ്റിന്റെ ശക്തിയിൽ കുട തെറിച്ചു പോകുമ്പോൾ കുട പിടിച്ചു വലിച്ചു നിർത്തുന്നത് കൂടുതൽ അപകടകരമായേക്കാം. എന്നാൽ പിന്നെ ആ സമയത്തു കുട കയ്യിൽ നിന്നും വിട്ടേക്കാം എന്നാണെങ്കിൽ റോഡിൽ നടക്കുന്ന, അല്ലെങ്കിൽ വണ്ടിയോടിക്കുന്ന മറ്റാളുകളുടെ ജീവന് ആപത്തു വന്നേക്കാം. സാരിയുടുത്തവർ ഒരു വശത്തേക്ക് ഇരുന്നു കുട കൂടെ പിടിക്കുന്നത് മാരകമാണ്. രണ്ടിനും ഒരേ റിസ്ക് ഉണ്ട്. രണ്ടും കൂടി വരുമ്പോൾ റിസ്ക് ഒരുപാട് മടങ്ങു വർദ്ധിക്കും.
ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. ഒരു ഫാമിലിയോട് കാര്യം അറിയിക്കുകയും ചെയ്തു. അവരിപ്പോ യാത്ര നിർത്തി വെച്ച് മഴ തോരാൻ ഞങ്ങൾക്കൊപ്പം കാത്തിരിക്കുന്നു. ഉയരം കുറഞ്ഞ കട്ടിലിൽ നിന്നും വീണു മസ്തിഷ്കത്തിന് ക്ഷതം സംഭവിച്ച വളരെ പ്രായം കുറഞ്ഞ ആളുകളെ വരെ കാണേണ്ടി വന്നിട്ടുണ്ട്. (സാധാരണ പ്രായം കൂടിയവരിലും, പിന്നെ മദ്യപാനികളിലും മാത്രമേ ഇത് കാണൂ എന്നൊക്കെ ആയിരുന്നു ധാരണ.)
ജീവൻ ഒരുപാടൊരുപാട് വിലപ്പെട്ടതാണ്.
ഇതുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ അനുഭവങ്ങൾ എഴുതുക.
കുട മുന്നോട്ടു പോയി ഓടിക്കുന്ന ആളിന്റെ കാഴ്ച മറഞ്ഞു നാട്ടിൽ അപകടം ഉണ്ടായിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിൽ ഇരുന്നു പോകുന്നവർ ദയവു ചെയ്ത് ഡ്രൈവർ എന്നോ pillion rider എന്നോ വ്യത്യാസമില്ലാതെ ഹെൽമെറ്റ് ഉപയോഗിക്കുക.
https://www.facebook.com/Malayalivartha
























