കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്നലെ ഒരു ഷട്ടര്‍ തുറന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലം പുറത്തേക്ക് ഒഴുക്കിയെങ്കിലും ജലനിരപ്പില്‍ കാര്യമായ കുറവ് വരാത്തതിനെ തുടര്‍ന്ന് ഇന്ന് രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. രണ്ടാമത്തേയും നാലാമത്തേയും ഷട്ടറാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ ഉയര്‍ത്തിയത്. ആദ്യം നാലാം ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി. പിന്നാലെ രണ്ടാമത്തെ ഷട്ടര്‍ കൂടി അത്ര തന്നെ ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ സെക്കന്‍ഡില്‍ 1.20 ലക്ഷം ലിറ്റര്‍ ജലമാണ് പുറത്തേക്ക് ഒഴുകുന്നത്. മൂന്നാമത്തെ ഷട്ടര്‍ ഇന്നലെ ഉച്ചയ്ക്ക് 12.30ന് തന്നെ തുറന്നിരുന്നു. ഷട്ടറുകള്‍ തുറന്നതോടെ പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ഡാം തുറന്നതിനെ തുടര്‍ന്ന് ചെറുതോണി ടൗണ്‍ വഴി വെള്ളം കുത്തിയൊലിച്ചു പെരിയാറിലേക്ക് പോകുകയാണ്. ജനങ്ങളെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. ചെറുതോണി വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ ജീവന്‍ബാബുവും റവന്യൂ സംഘവും ചെറുതോണി സന്ദര്‍ശിച്ച് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഏതാണ്ട് 8000 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഡാം തുറന്നതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ സര്‍ക്കാര്‍ സസൂക്ഷ്മം വീക്ഷിച്ചു വരികയാണ്. ആലുവ മേഖലയില്‍ വെള്ളപ്പൊക്കം ഉണ്ടാകുമെന്നാണ് സൂചന. ഇപ്പോള്‍ 2400.94 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2403 അടിയാണ് ഡാമിന്റെ പരാമവധി ശേഷി. ജലനിരപ്പ് 2399 അടിയിലെത്തിയപ്പോള്‍ തന്നെ അതീവ ജാഗ്രതാ നിര്‍ദ്ദേശം (റെഡ് അലര്‍ട്ട്)? നല്‍കിയിരുന്നു.
നീരൊഴുക്ക് ശക്തമായതോടെ ഇടമലയാര്‍ ഡാമിലേക്ക് വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഷട്ടര്‍ അടയ്‌ക്കേണ്ട എന്ന തീരുമാനത്തിലാണ് കെ.എസ്.ഇ.ബി. അധികൃതര്‍. ഇന്നലെ നാല് മണിക്കൂര്‍ ഷട്ടര്‍ ഉയര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍ വെള്ളത്തിന്റെ അളവ് കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ ഇന്ന് രാവിലെ ഏഴ് മണിവരെ ഷട്ടര്‍ തുറന്നിടുകയായിരുന്നു.
1992 ലാണ് ഇതിനുമുമ്പ് ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്നത്. അതിനുമുമ്പ് 1981ലും. അന്ന് 15 ദിവസമാണ് ഷട്ടര്‍ ഉയര്‍ത്തിയത്. 1992 ല്‍ അഞ്ച് ദിവസവും. 2007ലും 2013ലും ഡാം പൂര്‍ണതോതില്‍ നിറഞ്ഞെങ്കിലും ഇത്രയധികം ഭീതിയുണ്ടാകാത്തതിനാല്‍ ഷട്ടര്‍ ഉയര്‍ത്തിയില്ല. ഏഷ്യയിലെ ഉയരംകൂടിയ ആര്‍ച്ച് ഡാമാണ് ഇടുക്കിയിലേത്. കുറവന്‍കുറത്തി മലകളെ ബന്ധിപ്പിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഇടുക്കി ഡാമിന്റെ സംഭരണികള്‍ ചെറുതോണിയും 30 കി.മീറ്റര്‍ അകലെയുള്ള കുളമാവ് ഡാമുമാണ്. 1969 ല്‍ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് ശിലയിട്ട ഡാം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1976ല്‍ കമ്മിഷന്‍ ചെയ്തു.
https://www.facebook.com/Malayalivartha
























